വെറുമൊരു മെക്കാനിക്കല്ല; പകരം, ഇവര്‍ക്കായി പുതിയൊരു ലോകം തന്നെ തീര്‍ത്ത ആളാണ്..

By Web TeamFirst Published Mar 22, 2019, 10:04 AM IST
Highlights

ഇന്ത്യയിലാകെയായി 3000 കാറുകളാണ് ശര്‍മ്മ ഇതുപോലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി മോഡിഫൈ ചെയ്തിരിക്കുന്നത്. ഇന്ത്യയിലാകെ 2.6 കോടി ഭിന്നശേഷിക്കാരെങ്കിലുമുണ്ടെന്നാണ് കണക്ക്. പലപ്പോഴും പലയിടത്തും അവര്‍ക്ക് പ്രവേശിക്കാനാകാറില്ല.  നമ്മുടെ ടോയിലെറ്റുകളോ, വിവിധ സ്ഥാപനങ്ങളുടെ  വഴികളോ ഒന്നും അവര്‍ക്ക് പ്രവേശിക്കുവാനെളുപ്പമുള്ളതല്ല. 

നമ്മുടെ നാട് ഭിന്നശേഷി സൗഹൃദപരമായതല്ല. പലപ്പോഴും ബസിലാണെങ്കിലും, പൊതുവിടങ്ങളിലാണെങ്കിലും അവര്‍ക്ക് സഞ്ചരിക്കുന്നതിന് പരിമിതികള്‍ നേരിടാറുണ്ട്. അവിടെയാണ് രാജേഷ് ശര്‍മ്മ എന്ന മെക്കാനിക്ക് പ്രസക്തനാകുന്നത്. 

1995 - ലാണ് ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ മെക്കാനിക്ക് രാജേഷ് ശര്‍മ്മയ്ക്ക് ഒരു പ്രത്യേക അപേക്ഷ കിട്ടുന്നത്. ശര്‍മ്മ നഗരത്തിലെ അറിയപ്പെടുന്ന മെക്കാനിക്കാണ്. കാറുകള്‍ ഡ്രൈവിങ്ങ് സ്കൂളുകള്‍ക്ക് വേണ്ടിയും മറ്റും മോഡിഫൈ ചെയ്തുകൊടുക്കുന്നതൊക്കെ ശര്‍മ്മയാണ്. പക്ഷെ, ഇത്തവണത്തെ അപേക്ഷ അതൊന്നുമായിരുന്നില്ല. ശര്‍മ്മയുടെ സഹായത്തിന് കാത്ത് പുറത്ത് നിന്നിരുന്നത് ഒരു ഭിന്നശേഷിക്കാരനായിരുന്നു. കാറിലെ പെഡല്‍ നിയന്ത്രിക്കാനാകാത്തതു കാരണം അദ്ദേഹത്തിന് ഡ്രൈവ് ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. 

ശര്‍മ്മ കാറുകള്‍ മോഡിഫൈ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാണ് അദ്ദേഹമെത്തിയിരുന്നത്. അദ്ദേഹം ശര്‍മ്മയോട് ആവശ്യപ്പെട്ടിരുന്നതും അതാണ് ആക്സിലേറ്ററും ബ്രേക്കും കുറച്ചു കൂടി അടുത്താക്കി തരണം. അങ്ങനെയാകുമ്പോള്‍ അദ്ദേഹത്തിന് സ്വയം കാര്‍ ഡ്രൈവ് ചെയ്യാന്‍ കഴിയും.. ആ ഒറ്റ സഹായാഭ്യര്‍ത്ഥന ശര്‍മ്മയുടെ ജീവിതം തന്നെ വേറൊരു ദിശയിലാക്കിത്തീര്‍ത്തു. ഡ്രൈവിങ്ങ് സ്കൂളുകള്‍ക്ക് വേണ്ടി മാത്രം കാറുകള്‍ മോഡിഫൈ ചെയ്തിരുന്ന ശര്‍മ്മ ഭിന്നശേഷിക്കാര്‍ക്കു വേണ്ടിക്കൂടി കാറുകള്‍ മോഡിഫൈ ചെയ്തു തുടങ്ങി. 

ഇന്ത്യയിലാകെയായി 3000 കാറുകളാണ് ശര്‍മ്മ ഇതുപോലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി മോഡിഫൈ ചെയ്തിരിക്കുന്നത്. ഇന്ത്യയിലാകെ 2.6 കോടി ഭിന്നശേഷിക്കാരെങ്കിലുമുണ്ടെന്നാണ് കണക്ക്. പലപ്പോഴും പലയിടത്തും അവര്‍ക്ക് പ്രവേശിക്കാനാകാറില്ല.  നമ്മുടെ ടോയിലെറ്റുകളോ, വിവിധ സ്ഥാപനങ്ങളുടെ  വഴികളോ ഒന്നും അവര്‍ക്ക് പ്രവേശിക്കുവാനെളുപ്പമുള്ളതല്ല. 

പക്ഷെ, ചെറിയ ചില മോഡിഫിക്കേഷനുകള്‍ വരുത്തിയാല്‍ ഭിന്നശേഷിക്കാര്‍ക്ക് തന്നെ സ്വയം കാര്‍ ഡ്രൈവ് ചെയ്യാനാകും. പക്ഷെ, അവിടെയും പ്രശ്നമുണ്ട്. ഇന്ത്യയിലെ എല്ലാ സര്‍വ്വീസ് സെന്‍ററുകളിലും അത്തരം മോഡിഫിക്കേഷനുകള്‍ വരുത്താനാകില്ല. പക്ഷെ, ശര്‍മ്മയെ പോലെയുള്ള ആളുകള്‍ കാരണം അവര്‍ക്ക് സ്വതന്ത്രമായി കാര്‍ ഡ്രൈവ് ചെയ്യാനാകുന്നു. 

ജയ്പൂറില്‍ മാത്രമല്ല, ഇന്ത്യയിലെവിടെയും ശര്‍മ്മയുടെ സഹായം ലഭ്യമാണ്. 'ഡോര്‍ ടു ഡോര്‍' സേവനമാണ് ശര്‍മ്മയുടേത്. കസ്റ്റമേഴ്സിന് തന്‍റെ അടുത്തെത്തുക പ്രയാസമാണെന്ന് അറിയാവുന്നതു കൊണ്ട് അവരുടെ അടുത്തെത്തിയാണ് ശര്‍മ്മ സേവനം നല്‍കുന്നത്. ഒരു ലക്ഷം രൂപയുടെ നാനോ കാര്‍ മുതല്‍ വില കൂടിയ തരം കാറുകള്‍ വരെ ശര്‍മ്മ ഇങ്ങനെ മോഡിഫൈ ചെയ്യുന്നു. 

കഴുത്തിന് താഴെ തളര്‍ന്നുപോയ നവീന്‍ ഗുലിയ എന്ന വിമുക്ത ഭടന് വേണ്ടി കൈ കൊണ്ട് മാത്രം നിയന്ത്രിക്കാവുന്ന പോലെ കാര്‍ മോഡിഫൈ ചെയ്തതാണ് ശര്‍മ്മയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം.. നിരവധി പുരസ്കാരങ്ങളും ശര്‍മ്മയെ തേടിയെത്തിയിട്ടുണ്ട്. 20 വര്‍ഷമായി രാജേഷ് ശര്‍മ്മ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്ന്, അദ്ദേഹത്തിന്‍റെ എഞ്ചിനീയറായ മകനും അച്ഛനെ പുതിയ ആശയങ്ങളാല്‍ സഹായിക്കുന്നുണ്ട്. 

click me!