ഒമ്പത് വോള്‍ട്ടിന്‍റെ രണ്ട് ബാറ്ററിയും എ ജി പേരറിവാളന്‍റെ ജീവപര്യന്തം തടവും...

By Web TeamFirst Published Nov 12, 2019, 5:10 PM IST
Highlights

രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ പേരറിവാളന്‍റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയിലറിയിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥനായ വി. ത്യാഗരാജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ ജി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചിരിക്കുകയാണ്. ജോലാര്‍പേട്ടിലേക്കുള്ള വീട്ടിലേക്ക് അസുഖബാധിതനായ അച്ഛനെ പരിചരിക്കാനാണ് പേരറിവാളന്‍ ചെല്ലുന്നത്. അച്ഛനെ പരിചരിക്കാനായിട്ടാണ് പേരറിവാളന് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഒരു വിവാഹച്ചടങ്ങിലും പങ്കെടുക്കും. നേരത്തെ 2017 ഓഗസ്റ്റിലും പേരറിവാളന് ഒരുമാസം പരോള്‍ ലഭിച്ചിരുന്നു. 

പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് പേരറിവാളന്‍ എന്ന അറിവ്. നേരത്തെ വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും പിന്നീട് ജീവപര്യന്തമാവുകയായിരുന്നു. 1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റ് പതിനാലുപേരും എല്‍ടിടിഇ -യുടെ മനുഷ്യബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തമിഴ്‍നാട്ടിലെ ശ്രീ പെരുംബത്തൂരില്‍വെച്ചായിരുന്നു കൊലപാതകം നടന്നത്. കേസില്‍ പേരറിവാളനുള്‍പ്പടെ ഏഴ് പേരാണ് ജീവപര്യന്തം അനുഭവിക്കുന്നത്. വധശിക്ഷയാണ് പേരറിവാളന് വിധിച്ചിരുന്നതെങ്കിലും 2014 ഫെബ്രുവരി 18 -ലെ സുപ്രീം കോടതി വിധിയില്‍ അത് ജീവപര്യന്തമാക്കുകയായിരുന്നു.

പേരറിവാളന്‍റെ പേരിലുള്ള കേസ് എന്തായിരുന്നു

1991 ജൂണ്‍ 11 -നാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍ അറസ്റ്റിലാവുന്നത്. അന്ന് പത്തൊമ്പത് വയസ്സായിരുന്നു പേരറിവാളന്‍റെ പ്രായം. ഒമ്പത് വോള്‍ട്ടിന്‍റെ ബാറ്ററി കടയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പേരറിവാളനുമേല്‍ ചുമത്തപ്പെട്ട കുറ്റം. അന്ന് പേരറിവാളന്‍റെ മാതാപിതാക്കളായ അര്‍പ്പുതമ്മാളിനോടും ഗുണശേഖരനോടും പൊലീസ് പറഞ്ഞത് അടുത്ത ദിവസം തന്നെ അവരുടെ മകനെ വിട്ടയക്കുമെന്നായിരുന്നു. എന്നാല്‍, അത് സംഭവിച്ചില്ല. പേരറിവാളന്‍ ജയിലിലായി. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായിരുന്നു പേരറിവാളന്‍. അതും കുറ്റമാരോപിക്കാന്‍ ഒരു കാരണമായിത്തീരുകയായിരുന്നു. 

രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബ് പൊട്ടിക്കാനുള്ള ഒമ്പത് വോള്‍ട്ടിന്‍റെ ബാറ്ററി വാങ്ങിയത് പേരറിവാളനാണ് എന്നതായിരുന്നു കുറ്റപത്രം. മാസങ്ങള്‍ക്കുശേഷം അറസ്റ്റ് നടക്കുന്ന സമയത്ത് പേരറിവാളന്‍റെ പോക്കറ്റില്‍ അതിന്‍റെ രസീതുണ്ടായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. പേരറിവാളന്‍ ജയിലിലായതോടെ അമ്മ അര്‍പ്പുതമ്മാള്‍ മകന്‍റെ മോചനത്തിനുവേണ്ടി നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരുന്നു. ഓരോ വാതിലും അവര്‍ അതിനായി മുട്ടി. പക്ഷേ, പേരറിവാളന്‍ ജയിലില്‍ തന്നെയായി. 26 വര്‍ഷത്തിന് ശേഷമാണ് അമ്മ അര്‍പ്പുതമ്മാളിന്‍റെ അപേക്ഷയ്ക്കും വേദനകള്‍ക്കും ചെറിയ ശമനമെന്നോണം പേരറിവാളന് ഒരുമാസത്തെ പരോള്‍ 2017 -ല്‍ ലഭിക്കുന്നത്.

വി ത്യാഗരാജന്‍റെ വെളിപ്പെടുത്തല്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതിയായ പേരറിവാളന്‍റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയിലറിയിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥനായ വി. ത്യാഗരാജനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാങ്ങിയ ബാറ്ററികള്‍ എന്തിനുവേണ്ടിയാണ് എന്ന് അറിയില്ല എന്നായിരുന്നു പേരറിവാളന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, അക്കാര്യം തങ്ങള്‍ കുറ്റസമ്മതത്തില്‍നിന്നും വെട്ടിമാറ്റിയെന്നും ത്യാഗരാജന്‍ പറഞ്ഞിരുന്നു.

ഒമ്പത് വോള്‍ട്ടിന്‍റെ രണ്ട് ബാറ്ററി വാങ്ങിയെന്നത് ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് തെളിയിക്കുന്ന വസ്‍തുതയല്ല. എന്നാല്‍, സിബിഐ സമര്‍പ്പിച്ച പേരറിവാളന്‍റെ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി പേരറിവാളനെ ശിക്ഷിച്ചിരിക്കുന്നത്. ബാറ്ററി വാങ്ങിയതെന്തിനാണ് എന്നറിയില്ല എന്ന മൊഴി അതേപടി രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ പേരറിവാളന്‍ മോചിതനാമവുമായിരുന്നുവെന്നും ത്യാഗരാജന്‍ വെളിപ്പെടുത്തി. മാത്രവുമല്ല, കോടതി ഇക്കാര്യത്തില്‍ പേരറിവാളന് നീതി ലഭ്യമാക്കാന്‍ തയ്യാറാകണമെന്നും ത്യാഗരാജന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്. 

ജീവപര്യന്തം

സിബിഐ -യുടെ തെറ്റായ കുറ്റപത്രമാണ് പേരറിവാളന്‍റെ ജയില്‍ശിക്ഷ ഇത്രയും നീളാന്‍ കാരണമെന്ന് സിബിഐ, എസ് പി ആയിരുന്ന വി. ത്യാഗരാജന്‍ തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും പേരറിവാളന്‍റെ തടവ് തുടര്‍ന്നു. കേസിന്‍റെ സൂത്രധാരനായിരുന്ന തമിഴ്‍ പുലി ശിവരാസന് ബാറ്ററി വാങ്ങിനല്‍കിയെന്നതുകൊണ്ടുമാത്രം ഈ കൊലയെ കുറിച്ച് പേരറിവാളന് അറിവുണ്ടായിരിക്കണമെന്നില്ലായെന്നും ത്യാഗരാജന്‍ പറഞ്ഞിരുന്നു. മാത്രവുമല്ല, ശിവരാസന്‍, മുതിര്‍ന്ന നേതാവ് പൊട്ടുഅമ്മനു നല്‍കിയ വയര്‍ലെസ് സന്ദേശത്തില്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കല്ലാതെ വേറെയാര്‍ക്കും ആ കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ശുഭ, ചാവേറായ ധാനു, ശിവരാസന്‍ എന്നിവരായിരുന്നു ആ മൂന്നുപേര്‍. എന്നാല്‍, ഈ വയര്‍ലെസ് സന്ദേശത്തിനും പേരറിവാളന്‍റെ ശിക്ഷയിലിളവ് ചെയ്യാനോ, മോചിതനാക്കാനോ സഹായിച്ചില്ല. 

ജയിലിന് പുറത്തു കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പേരറിവാളന്‍ ജയിലിനകത്ത് കഴിഞ്ഞു. ഇപ്പോള്‍, നീണ്ട തടവിനുശേഷം രണ്ടാം വട്ടത്തെ പരോളിനാണ് പേരറിവാളന്‍ പുറത്തിറങ്ങിയിരിക്കുന്നത്. 


 

click me!