ക്ലാസ്‍മുറികളിലെ അക്രമങ്ങൾ കൂടുന്നു; 'സ്‍കൂള്‍ ഷൂട്ടര്‍'മാര്‍ക്കെല്ലാം ഈ പൊതുസ്വഭാവം

By Web TeamFirst Published Nov 12, 2019, 3:09 PM IST
Highlights

2008 -നും 2017 -നുമിടയില്‍ 41 വെടിവെപ്പുകള്‍ ഇതുപോലെ നടന്നു. ഇവയെല്ലാം പരിശോധിച്ചതില്‍നിന്ന് ഒരു സ്‍കൂള്‍ ഷൂട്ടര്‍ ഇങ്ങനെയായിരിക്കും എന്ന് കൃത്യമായി പറയുക സാധ്യമല്ല. 

യു എസ്സില്‍ അടുത്തിടെയായി വിദ്യാര്‍ത്ഥികള്‍ സഹപാഠികളെ വെടിവെച്ചുകൊന്നു, ക്ലാസ്‍മുറിയില്‍ വെടിവെപ്പ് തുടങ്ങിയ വാര്‍ത്തകള്‍ അത്ര ഞെട്ടലുളവാക്കാത്തതായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 50 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഏതായാലും വിദ്യാര്‍ത്ഥികളിലെ ഇത്തരം പ്രവണതകള്‍ കൂടുന്നതിന്‍റെ ഭാഗമായി കാര്യമായ പഠനവും ഈ വിഷയത്തില്‍ നടന്നിരിക്കുകയാണ്. അടുത്തിടെ ഒരു ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നത് ഇത്തരത്തില്‍ അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളുണ്ട് എന്നാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങളെങ്ങനെ തടയാമെന്നതും പഠനത്തിന്‍റെ ഭാഗമായിരുന്നു. 

സ്‍കൂളില്‍ വെടിവെപ്പ് നടത്തിയ ഓരോ വിദ്യാര്‍ത്ഥിയും വ്യത്യസ്‍തരായിരുന്നു. വയസ് കൊണ്ട്, ജെന്‍ഡര്‍ കൊണ്ട്, വംശം കൊണ്ട്, ഗ്രേഡ് ലെവലും, സ്വഭാവവും കൊണ്ട്... പക്ഷേ, പൊതുവായി പറയുമ്പോള്‍ ഇവരിലെല്ലാം കണ്ടുവരുന്ന ഒരു സ്വഭാവം അക്രമണ വാസനയാണ്, മാത്രവുമല്ല അവരെല്ലാവരും കൂട്ടത്തിലുള്ളവരാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായിരുന്നു. തീര്‍ന്നില്ല, പലപ്പോഴും സ്‍കൂളില്‍ ഇവര്‍ കാരണം പ്രശ്‍നങ്ങളുമുണ്ടായിട്ടുണ്ട്. 

പഠനത്തിനായി പൊലീസ് റിപ്പോർട്ടുകൾ, അന്വേഷണ ഫയലുകൾ എന്നിവപോലുള്ള വിവരങ്ങളെയാണ് ഗവേഷകർ ആശ്രയിച്ചത്. ഈ വെടിവെപ്പുകളൊന്നും തന്നെ പെട്ടെന്നുണ്ടായ ഒന്നല്ല, നേരത്തെ ഇതിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആലോചനകളും നടന്നുകാണണം എന്നും സീക്രട്ട് സർവീസിന്‍റെ നാഷണൽ ത്രെറ്റ് അസസ്മെന്‍റ് സെന്‍റർ മേധാവി ലിസ അലത്താരി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും ശ്രദ്ധിച്ചിരുന്നുവെങ്കില്‍ തടയാൻ കഴിയുന്നവയായിരുന്നു എന്നും അവര്‍ വ്യക്തമാക്കുന്നു. 

കൊളംബൈന്‍ മുതലിങ്ങോട്ട് നടന്ന വെടിവെപ്പുകളാണ് പഠനവിധേയമാക്കിയത്. 1999 ഏപ്രില്‍ 20 -നാണ് കൊളംബൈന്‍ വെടിവെപ്പ് നടന്നത്. പന്ത്രണ്ടാം തരം വിദ്യാര്‍ത്ഥികളായ എറിക് ഹാരിസ്, ഡിലന്‍ ക്ലെബോള്‍ഡ് എന്നിവര്‍ ചേര്‍ന്ന് 12 വിദ്യാര്‍ത്ഥികളെയും ഒരു ടീച്ചറെയുമാണ് അന്ന് വെടിവെച്ചിട്ടത്. സംഭവം നടന്നത് സ്‍കൂള്‍ ലൈബ്രറിയിലായിരുന്നു. ഈ രണ്ട് വിദ്യാര്‍ത്ഥികളും പിന്നീട് ആത്മഹത്യ ചെയ്‍തു. നിരവധി പേര്‍ക്ക് പരിക്കുകളേറ്റു. യു എസ്സിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പായിരുന്നു ഇത്. 

2008 -നും 2017 -നുമിടയില്‍ 41 വെടിവെപ്പുകള്‍ ഇതുപോലെ നടന്നു. ഇവയെല്ലാം പരിശോധിച്ചതില്‍നിന്ന് ഒരു സ്‍കൂള്‍ ഷൂട്ടര്‍ ഇങ്ങനെയായിരിക്കും എന്ന് കൃത്യമായി പറയുക സാധ്യമല്ല. എന്നാല്‍, ഗവേഷണത്തിന്‍റെ ഫലമായി ചില പ്രത്യേകതകള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒരു പരിധി വരെ തടയാനാകുമെന്നാണ് പഠനം നടത്തിയവരുടെ വിലയിരുത്തല്‍. ഇത്തരം വിദ്യാര്‍ത്ഥികളെ ശ്രദ്ധിക്കണമെന്നും അവര്‍ക്ക് കൂടുതല്‍ പരിഗണനയും ആവശ്യമാണെന്നാണ് പഠനം പറയുന്നത്. 

കൊളംബൈന്‍, സാന്‍ഡി ഹുക്ക് പോലെയുള്ള സ്‍കൂളുകളില്‍ നടന്ന സംഭവങ്ങള്‍ ഓര്‍ത്തുവയ്ക്കുകയും അവയെ മാതൃകപോലെ കാണുകയും ചെയ്യുന്നവര്‍. 

മോശം സ്വഭാവത്തിന്‍റെ പേരില്‍ സ്കൂളുകളില്‍ പലതരത്തിലുള്ള ശിക്ഷാനടപടികളേറ്റുവാങ്ങേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍. ഉദാഹരണത്തിന് സസ്പെന്‍ഡ് ചെയ്യപ്പെടുകയോ, പുറത്താക്കപ്പെടുകയോ ചെയ്‍ത വിദ്യാര്‍ത്ഥികള്‍. 

ക്ലാസില്‍ എല്ലാവരും ചേര്‍ന്ന് അകറ്റിനിര്‍ത്തിയിരിക്കുന്ന കുട്ടികള്‍. പ്രത്യേകിച്ച് സ്ഥിരമായി മാറ്റിനിര്‍ത്തപ്പെട്ടവര്‍. 

ഇതില്‍ത്തന്നെ ഇത്തരം വെടിവെപ്പുകള്‍ നടത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വേറെയും ചില അനുഭവങ്ങളും എടുത്തു പറയേണ്ടതാണ് എന്നും പഠനം പറയുന്നു. അതില്‍ മയക്കുമരുന്നുകളുടെ ഉപയോഗം, ക്രിമിനല്‍ ചാര്‍ജ്ജുകള്‍, വീട്ടിലെ കലഹങ്ങള്‍, മാനസിക- പെരുമാറ്റ- വികാസതലത്തിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം പെടുന്നു. പക്ഷേ, ഈ കാരണങ്ങള്‍ കൊണ്ടുമാത്രം ഒരു വിദ്യാര്‍ത്ഥിയും ഇങ്ങനെ അക്രമസ്വഭാവം കാണിക്കില്ലായെന്നും ഇതുപോലെ ഒരു വെടിവെപ്പ് നടത്താന്‍ തീരുമാനിക്കില്ലായെന്നും കൂടി പഠനത്തില്‍ പറയുന്നുണ്ട്. 

ഏതായാലും, ഈ പഠനഫലങ്ങള്‍ വിവിധ തരത്തിലുള്ള പരിശീലനപരിപാടികളിലുപയോഗിക്കും. അതില്‍ ക്ലാസുകള്‍ നല്‍കുന്നവര്‍ക്കും ഇതില്‍ പങ്കാളികളാവുന്ന മറ്റുള്ളവര്‍ക്കും സഹായകമാവുന്ന തരത്തില്‍ ഇവ നല്‍കും. ഏകദേശം 40 പരിശീലനപരിപാടികളാണ് ഇതുവരെ തീരുമാനിച്ചിരിക്കുന്നത്. സീക്രട്ട് സര്‍വീസിന്‍റെ ഭാഗമായി ഏകദേശം 7500 പേര്‍ക്ക് 2018 -ല്‍ പരിശീലനം നല്‍കിയിരുന്നു. 


 

click me!