രമേഷ് കോരപ്പത്ത്, ഐവർ മഠത്തിന്‍റെ കാവല്‍ക്കാരന്‍

Published : Aug 22, 2025, 12:56 PM IST
Ramesh Koorappath

Synopsis

ഒരു ദിവസം നൂറോളം മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഐവര്‍മഠത്തിന് കാവലാളായി ഒരാളുണ്ട്. ജീവിത നിയോഗം പോലെ എത്തിച്ചേർന്നൊരാൾ, രമേശ് കോരപ്പത്ത്. 

വർമഠം എന്ന ദക്ഷിണേന്ത്യയുടെ മഹാശ്മശാനത്തിന് ഒരു കാവല്‍ക്കാരനുണ്ട്. 'സ്വാമി'യെന്ന് അറിയപ്പെടുന്ന രമേഷ് കോരപ്പത്ത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഐവര്‍മഠത്തിലെ മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത് രമേഷ് കോരപ്പത്താണ്. വളരെ ചെറുപ്പത്തിൽ തന്നെ മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താത്പര്യം കാട്ടിത്തുടങ്ങിയ രമേശ് ഒരു നിയോഗം പോലെ ഐവര്‍മഠത്തിലെത്തി. ബിരുദാനന്തര ബിരുദധാരിയായ രമേഷിന് അധ്യാപമായിരുന്നു താത്പര്യം, ബി.എഡിന് ചേരാന്‍ വലിയ തുക വേണമെന്ന് അറിഞ്ഞതോടെ സാധാരണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം അത് ഉപേക്ഷിച്ചു. ഇടയ്ക്ക് പ്രദേശിക പത്രപ്രവര്‍ത്തകനും പാരലല്‍ കോളജ് അധ്യാപകനുമായി. അത് മടുത്തപ്പോള്‍ സൈന്യത്തിൽ ചേരാന്‍ ശ്രമം നടത്തി. ഒടുവില്‍ അദ്ദേഹം ഐവര്‍മഠത്തിലെത്തി.

രമേഷിന് കീഴില്‍ ഇന്ന് 40 -ലേറെ ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് ഐവര്‍മഠത്തിലെ ചിത 24 മണിക്കൂറും കത്തിയിരുന്നു. കോവിഡ് വന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ രമേശും ഒരു സഹായിയും മാത്രമാണ് അന്ന് സംസ്‌കരിച്ചിരുന്നത്. 24 മണിക്കൂറും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് അദ്ദേഹം ശ്മശാന ഭൂമിയില്‍തന്നെ കഴിച്ചു കൂട്ടി. അത് വല്ലാത്ത കാലമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മറ്റാരുമായി യാതൊരു ബന്ധവുമില്ലാതെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാനായി മാത്രം ഒരു മനുഷ്യന്‍. ഐവര്‍മഠത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലെ വലിയ പങ്ക് കാരുണ്യ പ്രവര്‍ത്തനത്തിനും ഗോശാലയിലെ പശുക്കളെ പരിപാലിക്കാനും ഏഴ് ഏക്കറിലെ നെല്‍ക്കൃഷിക്കുമായി അദ്ദേഹം മാറ്റിവയ്ക്കുന്നു.

(രമേശ് കോരപ്പത്ത്)

ഹൈന്ദവ വിശ്വാസത്തിലെ ജന്മ-മരണത്തെ കുറിച്ചും മറ്റും അദ്ദേഹം അവിടെ എത്തുന്നവരോട് വിശദീകരിക്കും. മരണത്തിന്‍റെ കാവലാളെന്നതിനൊപ്പം അദ്ദേഹം നല്ലൊരു വായനക്കാരന്‍ കൂടിയാണ്. വി.കെ.എന്‍, ഒ.വി. വിജയന്‍, എം ടി വാസുദേവന്‍ നായർ തുടങ്ങിയ എഴുത്തുകാരും ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ലോഹിതദാസ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകരും രമേഷ് കോരപ്പത്തിന്‍റെ സുഹൃത്തുക്കളായിരുന്നു. മരിച്ചുപോയ സാഹിത്യ നായകരും രമേഷ് കോരപ്പത്തും തമ്മിലുള്ള ആത്മബന്ധത്തിന് തെളിവായി ചില കഥകളുണ്ട്. ലോഹിതദാസ് രമേശിനെ കളിയാക്കി 'ചണ്ഡാള' നെന്നാണ് വിളിച്ചിരുന്നത്. വികെഎന്‍ ഒരിക്കല്‍ അപ്രതീക്ഷിതമായി തന്നെ കണ്ടപ്പോൾ, പൊട്ടിച്ചിരിച്ച് കൊണ്ട് 'നീ വരേണ്ട സമയമായില്ലല്ലോ' എന്ന് ചോദിച്ചതായി അദ്ദേഹം തന്നെ പറയും. മരണാനന്തരം അവരെയെല്ലാം ഐവർമഠത്തിലാണ് സംസ്കരിച്ചതെന്നും വികാരാവേശമേതുമില്ലാത്തെ അദ്ദേഹം കൂട്ടിച്ചേര്‍ക്കും.

പിതൃകര്‍മങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി കേരളത്തിലെ ഒരു പഴയ ചൊല്ല് 'ഇല്ലം വല്ലം നെല്ലി' എന്നാണ്. ഇല്ലമെന്നാല്‍ വീടും വല്ലമെന്നാല്‍ തിരുവല്ലവും നെല്ലിയെന്നാല്‍ തിരുനെല്ലിയെയുമാണ് സൂചിപ്പിക്കുന്നത്. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കേരളക്കരയുടെ വിവിധ ഭാഗങ്ങളില്‍ പുണ്യസ്ഥാനങ്ങളുണ്ടെങ്കിലും പ്രേതകര്‍മങ്ങള്‍ക്കായി ഒരു സ്ഥാനമേയുള്ളൂ, ഐവര്‍മഠം. ഹൈന്ദവ വിശ്വാസികൾക്ക് മരണ സ്ഥാനം മുതല്‍ പിതൃസ്ഥാനം വരെ, അതായത് സപിണ്ഡീകരണം വരെ ഷോഡശ്രാദ്ധങ്ങള്‍ ചെയ്യണമെന്നാണ് വിശ്വാസം. ശവദാഹവും അസ്ഥി സഞ്ചയവുമെല്ലാം അതിലുള്‍പ്പെടുന്നതാണ്. ഈ ചടങ്ങുകളെയെല്ലാം ചേര്‍ത്ത്, അതായത് മരണസമയം മുതല്‍ പിതൃസ്ഥാന പ്രാപ്തിവരെയുള്ള കര്‍മ്മങ്ങളെയെല്ലാം ചേര്‍ത്ത് 'അന്ത്യേഷ്ടി' എന്നും പറയുന്നു. ഷോഡ സംസ്‌കാരത്തിലെ അവസാന ക്രിയയാണിത്. സപിണ്ഡീകരണത്തോടെയാണ് പ്രേതം പിതൃ ആകുന്നത്. അതുവരെയുള്ള കര്‍മങ്ങള്‍ പിതൃകര്‍മ്മങ്ങളല്ല, പ്രേതകര്‍മങ്ങളാണെന്നും അദ്ദേഹം ചടങ്ങുകളെ കുറിച്ച് വിവരിക്കവെ പറഞ്ഞു.

(ഐവര്‍മഠത്തിലെ രമേശ് കോരപ്പത്തിന്‍റെ ഓഫീസ്)

ഗംഗയില്‍ പിതൃദർപ്പണങ്ങൾക്ക് പ്രധാനമായി അഞ്ച് ഘാട്ടുകളാണുള്ളത്. നിളയിലും പിതൃതർപ്പണത്തിന് അഞ്ച് കടവുകള്‍ ഉണ്ട്. 'പഞ്ചതിരു' എന്നാണ് അവ അറിയപ്പെടുന്നതെന്ന് സ്വാമി വിവരിക്കുന്നു. തിരുവില്വാമല, തിരുവഞ്ചിക്കുഴി, തിരുമിറ്റക്കോട്, തൃത്താല, തിരുനാവായ എന്നിവയാണവ. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ മണികര്‍ണിക പ്രധാനമായത് പോലെ നിളയില്‍ തിരുവില്വാമലയും പിതൃകര്‍മങ്ങള്‍ക്ക് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കാശിയിലെത്തിയാല്‍ ദേഹം കൈവിടുന്നതിന് മുമ്പേ ദേഹി പഞ്ചഭൂതങ്ങള്‍ക്കുമപ്പുറത്തെ പരമസത്യത്തിന്‍റെ പുണ്യമറിയുമെന്നാണ് വിശ്വാസം, ഐവര്‍ മഠത്തിലും അങ്ങനെ തന്നെ.

ഓരോ സംസാരത്തിനുമിടയില്‍ രമേശ് കോരപ്പത്തിന്‍റെ മൊബൈല്‍ റിംഗ്ടോണ്‍ ശബ്ദിച്ച് കൊണ്ടിരിക്കും. ദേശങ്ങൾ താണ്ടിയുള്ള മരണ അറിയിപ്പുകളാണ്. എപ്പോഴാണ് എത്തേണ്ടത്. എന്തൊക്കെ കൊണ്ട് വരണം. ചടങ്ങുകളെങ്ങനെ. പ്രീയപ്പെട്ടവരുടെ മരണാന്തരവും ജീവിച്ചിരിക്കുന്നുവരുടെ സംശയങ്ങൾ അവസാനിക്കുന്നില്ല. എല്ലാ സംശയങ്ങൾക്കും ശാന്തതയോടെ അദ്ദേഹം മറുപടി പറയും. അപ്പോഴും ഐവര്‍മഠത്തിന് മുന്നിലേക്ക് മൃതദേഹങ്ങളുമായി ആംബുലന്‍സുകൾ എത്തിക്കൊണ്ടേയിരുന്നു. കത്തുന്ന അനേകം ചിതകൾക്കിടയില്‍ പുതിയൊരു ചിത സജ്ജമാവുകയാവാം.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്