സ്ത്രീകൾ മാത്രമല്ല, ഞങ്ങളും ബലാത്സം​ഗം ചെയ്യപ്പെടുന്നു, പുരുഷന്മാർക്ക് നേരെയും അതിക്രമങ്ങളെന്ന് റിപ്പോർട്ട്

By Web TeamFirst Published Jul 24, 2021, 4:45 PM IST
Highlights

2020 മാര്‍ച്ചിലെ ക്രൈം സര്‍വേ ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിന്‍റെ കണക്കനുസരിച്ച് നൂറില്‍ ഒരു പുരുഷനെങ്കിലും ബലാത്സംഗം ചെയ്യപ്പെടുകയോ, ലൈംഗികാതിക്രമശ്രമത്തിന് വിധേയരാവുകയോ ചെയ്യുന്നു എന്നാണ് പറയുന്നത്. 

ഒരു പാര്‍ട്ടിയില്‍ വച്ച് അപരിചിതനാല്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അലക്സ് ഫെയിസ് ബ്രൈസിന് പതിനെട്ട് വയസായിരുന്നു പ്രായം. സ്വവര്‍ഗാനുരാഗിയായ അലക്സ് അടുത്തിടെയാണ് തന്‍റെ ചെറിയ ടൗണില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പഠനത്തിനായി എത്തിയത്. 

'ഞാനൊരു സാധാരണക്കാരനായിരുന്നു. ആളുകളോടൊക്കെ മിണ്ടാന്‍ മടിയും ചമ്മലും ഉള്ളൊരാള്‍. ഇത് രണ്ടാമത്തെ തവണയായിരുന്നു ഞാന്‍ ഒരു ഗേ പബ്ബിലെത്തുന്നത്. ആളുകളോട് തുറന്ന് സംസാരിക്കാനും കൂട്ടാവാനും ശ്രമിക്കുന്നതിന്റെ കൂടി ഭാ​ഗമായിരുന്നു അത്. എന്നെയും സുഹൃത്തിനെയും കുറച്ച് പേര്‍ ഒരു ഹൗസ്പാര്‍ട്ടിക്ക് ക്ഷണിച്ചു. പിന്നീടവര്‍ എന്നെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് ഒരാളെനിക്കൊരു ഡ്രിങ്ക് നല്‍കി. അത് കുടിച്ചതും ബോധം മറഞ്ഞു തുടങ്ങി' അലക്സ് പറയുന്നു. പിന്നീട് സംഭവിച്ചത് ക്രൂരമായ കാര്യങ്ങളായിരുന്നു. അയാള്‍ അലക്സിനെ കിടപ്പുമുറിയിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തു. 

എങ്ങനെയെങ്കിലും തിരികെ പോകണമെന്ന് തോന്നിയ അലക്സ് അയാളോടു തന്നെ യൂണിവേഴ്സിറ്റിയിലേക്ക് ഒരു ലിഫ്റ്റ് ചോദിച്ചു. കഴിഞ്ഞ കാര്യങ്ങളെല്ലാം മറക്കാന്‍ ശ്രമിച്ചു. ബലാത്സംഗം എന്നാല്‍ സ്ത്രീകള്‍ക്ക് നേരെ മാത്രമേ നടക്കൂ എന്നാണ് അലക്സ് കരുതിപ്പോന്നത്. എല്ലാവരും അങ്ങനെയേ കരുതൂ എന്നുള്ളത് കൊണ്ട് തന്നെ പൊലീസില്‍ പരാതിപ്പെടാനും അലക്സ് മടിച്ചു. അലക്സിനെപ്പോലെ ഒന്നും രണ്ടും പേരല്ല ഒരുപാട് പേരാണ് ഇതുപോലെ ലൈം​ഗികാതിക്രമങ്ങൾ നേരിടേണ്ട അവസ്ഥയിലെത്തിയിട്ടുള്ളത് എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ചർച്ചയാകവെ തന്നെ മിക്കപ്പോഴും പുരുഷന്മാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് വേണ്ടത്ര ചർച്ച നടക്കാറില്ല. 

സര്‍വൈവേഴ്സ് യുകെ എന്ന സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവാണ് ഇപ്പോള്‍ അലക്സ്. ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്ന പുരുഷന്മാര്‍, ആണ്‍കുട്ടികള്‍, നോണ്‍ബൈനറി ആളുകള്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. 2020 മാര്‍ച്ചിലെ ക്രൈം സര്‍വേ ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിന്‍റെ കണക്കനുസരിച്ച് നൂറില്‍ ഒരു പുരുഷനെങ്കിലും ബലാത്സംഗം ചെയ്യപ്പെടുകയോ, ലൈംഗികാതിക്രമശ്രമത്തിന് വിധേയരാവുകയോ ചെയ്യുന്നു എന്നാണ് പറയുന്നത്. 

കഴിഞ്ഞ വര്‍ഷമാണ് റെയ്നാഡ് സിനാഗ എന്നയാളെ ബ്രിട്ടീഷ് നിയമത്തിലെ തന്നെ ഏറ്റവും വലിയ പീഡകനായി കണ്ട് ശിക്ഷിച്ചത്. 48 പുരുഷന്മാരെയാണ് ഇയാള്‍ ഫ്ലാറ്റിലേക്ക് ക്ഷണിച്ച് പീഡിപ്പിച്ചത്. സിനാഗ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ഫ്ലാറ്റിന് തൊട്ടടുത്ത് തന്നെയാണ് അലക്സിനെയും പീഡിപ്പിച്ചിരുന്നത്. 

മൊത്തത്തിലുള്ള പുരുഷന്മാരുടെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് സ്വവര്‍ഗാനുരാഗികളും ബൈസെക്ഷ്വലായിട്ടുള്ളവരുമാണ് എന്ന് സര്‍വൈവേഴ്സ് യുകെ -യുകെ പറയുന്നു. അവരുടെ പോളില്‍ പങ്കെടുത്ത 505 സ്വവര്‍ഗാനുരാഗികളോ, ബൈസെക്ഷ്വലോ ആയിട്ടുള്ളവരില്‍ 40 ശതമാനം പേരും പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞു. സമ്മതമില്ലാത്ത ലൈംഗികബന്ധത്തെ ചെറുക്കാനായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും അലക്സ് പറയുന്നു. ഈ സര്‍വേയില്‍ പങ്കെടുത്ത ഏഴിലൊരാള്‍ മാത്രമാണ് പൊലീസില്‍ പരാതിപ്പെട്ടത്. അവര്‍ തന്നെ തങ്ങളുടെ പരാതികള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നു. 

LGBT+ കമ്മ്യൂണിറ്റിയില്‍ പെട്ടവരെ ഇത്തരം അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്ന സംഘടനയാണ് ഗാലോപ്. പലപ്പോഴും സ്വവര്‍ഗാനുരാഗികളോ, ബൈസെക്ഷ്വലോ ആയിട്ടുള്ള ആളുകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെയും അനീതികളെയും കുറിച്ച് നിശബ്ദരാകേണ്ടി വരികയാണ്. അവരെ പിന്തുണക്കാനും സഹായിക്കാനുമുള്ള സംഘടനകളും കുറവാണ് എന്നും ഗാലോപ് ചീഫ് എക്സിക്യൂട്ടീവ് ലെനി മോറിസും പറയുന്നു. 

 (ചിത്രങ്ങൾ പ്രതീകാത്മകം)

 

click me!