
റഷ്യൻ പട്ടാളക്കാർ(Russian soldiers) ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക അനുദിനം വർദ്ധിച്ചുവരികയാണ്. യുക്രൈനി(Ukrain)ലെ ആളുകൾ തങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിക്കുന്നു. കീവിനു വടക്കുപടിഞ്ഞാറായി അൻപത് മൈൽ അകലെയുള്ള ഒരു പട്ടണമാണ് ഇവാൻകിവ്. ബലാത്സംഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ റിപ്പോർട്ടുകൾക്കിടയിൽ, റഷ്യൻ സൈനികർക്ക് തങ്ങളോട് ആകർഷണം തോന്നാതിരിക്കാൻ അവിടെയുളള സ്ത്രീകൾ തങ്ങളുടെ മുടി മുറിക്കാൻ വരെ തയ്യാറായി എന്ന് ഇവാൻകിവിലെ ഡെപ്യൂട്ടി മേയർ മറീന ബെഷാസ്റ്റ്ന ഐടിവിയോട് പറഞ്ഞു.
വെറും 15 -ഉം 16 -ഉം വയസ്സുള്ള രണ്ട് ഉക്രേനിയൻ സഹോദരിമാർ റഷ്യൻ സൈനികരുടെ കയ്യിൽ ഭയാനകമായ പീഡനത്തിന് ഇരയായ സംഭവത്തെ കുറിച്ച് മറീന സംസാരിച്ചു. റഷ്യൻ പട്ടാളക്കാരു(Russian soldiers)ടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ തങ്ങളുടെ മുടി മുറിക്കാൻ വരെ സ്ത്രീകളും, പെൺകുട്ടികളും തയ്യാറായി എന്ന് വിവരിച്ചപ്പോൾ ഡെപ്യൂട്ടി മേയർക്ക് കണ്ണുനീർ അടക്കാനായില്ല. അധിനിവേശത്തിന്റെ തുടക്കം മുതൽ തന്നെ റഷ്യക്കെതിരെ നിരവധി യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ടു. അതേസമയം റഷ്യൻ ഉദ്യോഗസ്ഥർ ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ്. അതിനാൽ കുറ്റകൃത്യങ്ങൾ റെക്കോർഡു ചെയ്യാനും എണ്ണം കണക്കു കൂട്ടാനും പാശ്ചാത്യരാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നു.
ഐടിവി റിപ്പോർട്ടർ ഡാൻ റിവർസ് പറഞ്ഞു: "മറീന ഇവിടത്തെ ഡെപ്യൂട്ടി മേയറാണ്. റഷ്യൻ സൈനികർ ഈ പ്രദേശത്തെ സ്ത്രീകളോട് എങ്ങനെ പെരുമാറി എന്നതിന്റെ ഭയാനകമായ വിവരണങ്ങൾ കേട്ടവരാണ് അവർ." അതിന് മറുപടിയായി അവർ പറഞ്ഞു:"ഒരു ഗ്രാമത്തിൽ രണ്ട് സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ട ഒരു കേസുണ്ട്. 15 -ഉം 16 -ഉം വയസ്സുള്ള പെൺകുട്ടികൾ. സ്ത്രീകളെ ദുരുപയോഗം ചെയ്യാൻ സൈനികർ അവരുടെ മുടിയ്ക്ക് പിടിച്ച് വലിച്ച് ബേസ്മെന്റിൽ നിന്ന് പുറത്തേക്കിടുന്നു. പെൺകുട്ടികൾ തങ്ങളുടെ ആകർഷകത്വം കുറയ്ക്കാൻ മുടി വെട്ടി ചെറുതാക്കുന്നു. ആരും അവരെ നോക്കില്ല എന്ന പ്രതീക്ഷയിലാണ് അവർ ഇത് ചെയ്യുന്നത്" മറീന പറഞ്ഞു. റഷ്യൻ സൈന്യം ഉക്രൈനിൽ ലൈംഗിക ആക്രമണങ്ങളെ ഒരു യുദ്ധമുറയായി ഉപയോഗിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സമീപകാല ആരോപണങ്ങൾ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളെ രോഷാകുലരാക്കി.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ, ഉക്രൈനിലെ പല പട്ടണങ്ങളിലും റഷ്യൻ സൈനികർ കുടുംബങ്ങൾക്ക് മുന്നിലിട്ടു സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ചില ഹൃദയഭേദകമായ കഥകൾ ഉയർന്നുവന്നിട്ടുണ്ട്. യുക്രൈനിലെ നിരപരാധികളായ ജനങ്ങൾക്കെതിരെ റഷ്യ കാണിക്കുന്ന ക്രൂരതകൾ തടയാൻ പാശ്ചാത്യരാജ്യങ്ങളോട് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി അഭ്യർത്ഥിച്ചിരികയാണ്. തിങ്കളാഴ്ച ഉക്രെയ്നിലെ സായുധസേനയുടെ പുതിയ ആരോപണങ്ങൾ അനുസരിച്ച്, 12-16 വയസ് പ്രായമുള്ള പെൺകുട്ടികൾ ഉൾപ്പെടെ 300 -ലധികം ബലാത്സംഗ കേസുകൾ റഷ്യൻ സൈന്യം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.