ഹിമാനികള്‍ അസാധാരണമായി ഉരുകുന്നു;  സമുദ്രനിരപ്പ് ഉയരാന്‍ പുതിയൊരു കാരണം കൂടി!

By Gopika SureshFirst Published Feb 10, 2020, 3:36 PM IST
Highlights

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന്, സമുദ്രാന്തര്‍ഭാഗത്തിലൂടെ മഞ്ഞുപാടങ്ങള്‍ (ഹിമാനികള്‍) ഉരുകുന്നതിന്റെ വേഗത അസാധാരണമായ വിധത്തില്‍ വര്‍ദ്ധിക്കുന്നതായി പഠനം.

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന്, സമുദ്രാന്തര്‍ഭാഗത്തിലൂടെ മഞ്ഞുപാടങ്ങള്‍ (ഹിമാനികള്‍) ഉരുകുന്നതിന്റെ വേഗത അസാധാരണമായ വിധത്തില്‍ വര്‍ദ്ധിക്കുന്നതായി പഠനം. സമുദ്രനിരപ്പ് വന്‍തോതില്‍ ഉയര്‍ത്താന്‍ കാരണമാവുന്നതാണ് ഈ അവസ്ഥ. ടൈഡ് വാട്ടര്‍ ഹിമാനിയായ അലാസ്‌കയിലെ ലെകൊണ്ടേ ഹിമാനിയില്‍ ഡോ. ആര്‍ എച്ച് ജാക്‌സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 

വായുവിന് ചൂടുകൂടി മഞ്ഞുപാടങ്ങളുടെ മുകള്‍ഭാഗത്തെ മഞ്ഞുരുകന്നതായിരുന്നു ഇക്കാലമത്രയും ഹിമാനികള്‍ ഉരുകുന്നതിന് പ്രധാന കാരണമായി കണക്കാക്കിയിരുന്നത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന്, കടലിലെ താപനില അസാധാരണമായി ഉയരുന്നതിനാല്‍ മഞ്ഞുപാളികളുടെ അടിഭാഗം ഉരുകുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയത്. കടലിനടിയിലുള്ള മഞ്ഞുപാടങ്ങള്‍ ഉരുകുന്നതിന്റെ വേഗത ഇക്കാരണത്താല്‍ അതിവേഗം വര്‍ദ്ധിക്കുകയാണ്. ഹിമാനികള്‍ നശിക്കാനും സമുദ്രനിരപ്പ് കൂടുാനും ഇടയാക്കുന്നതാണ് ഈ പ്രതിഭാസം. 

വന്‍തോതില്‍ ഉരുകുന്ന ഹിമാനിയാണ് അലാസ്‌കയിലെ ലാകൊണ്ടേ. ഇങ്ങനെ ഉരുകിവരുന്ന ജലം ലാകൊണ്ടേ ഉള്‍ക്കടലിലേക്കാണ് ഒലിച്ചിറങ്ങുന്നത്. യന്ത്രസംവിധാനമുള്ള കയാക്ക് ഉപയോഗിച്ചുകൊണ്ട് ഗവേഷകര്‍ ലാകൊണ്ടേ ഹിമാനിക്കു ചുറ്റും ഉരുകിവരുന്ന ജലത്തിന്റെ കടന്നുകയറ്റം എത്രത്തോളമെന്ന് അളക്കുകയായിരുന്നു. ഹിമാനിയില്‍ നിന്നും എത്രമാത്രം ജലം ഉരുകി ചുറ്റുമുള്ള സമുദ്രത്തിലേക്ക് വരുന്നുവെന്ന് ഇങ്ങനെ കണക്കാക്കി. ഇതുവരെ കണക്കാക്കിയതിലും വളരെ ഏറെയാണ് ഇപ്പോള്‍ ഹിമാനി ഉരുകി സമുദ്രത്തിലേക്ക് വരുന്നതെന്നാണ് പഠനം വ്യക്തമാക്കിയത്. 

ഹിമാനി ഉരുകിവരുന്ന ജലത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ കുറവായതുകൊണ്ട്, സമുദ്രാന്തര്‍ഭാഗത്തിലെ മഞ്ഞുപാടങ്ങള്‍ ഉരുകുന്നത് സമുദ്ര മോഡല്‍ പഠനങ്ങളില്‍ വളരെ തുച്ഛമായാണ് എടുത്തിരുന്നത്. എന്നാല്‍, പുതിയ പഠനം സമുദ്രനിരപ്പുയര്‍ത്തുന്നതില്‍ മഞ്ഞുപാടങ്ങള്‍ക്കുള്ള പങ്ക് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതായാണ് വ്യക്തമാക്കുന്നത്. 

click me!