
ഓഫീസിലെ കർശനമായ നിയമങ്ങളും മൈക്രോമാനേജ്‌മെന്റും കാരണം പൊറുതിമുട്ടിയ ഒരു ജീവനക്കാരൻ റെഡ്‌ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഓഫീസിൽ എത്തുമ്പോൾ 'Reached' എന്ന് മെസ്സേജ് അയക്കണമെന്നും, വസ്ത്രധാരണം നിരീക്ഷിക്കുന്നുണ്ടെന്നും, രാത്രി 7 മണിക്ക് മുമ്പ് ഓഫീസിൽ നിന്ന് പോകാൻ അനുവാദമില്ലെന്നുമൊക്കെയാണ് മാനേജർ പറയുന്നതത്രെ. ഇതിനെയാണ് ജീവനക്കാരൻ ചോദ്യം ചെയ്തത്.
തന്റെ കുറിപ്പിൽ, ഏതാനും മാസം മുമ്പ് ജോലിക്കെത്തിയ പുതിയ മാനേജർ കടുത്ത നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ജീവനക്കാരൻ പറയുന്നു. 'ഇത് സാധാരണമാണോ? നിങ്ങളുടെയൊക്കെ മാനേജർമാർ എങ്ങനെയാണ്?' എന്ന് ചോദിച്ചുകൊണ്ടാണ് ജീവനക്കാരൻ പോസ്റ്റിട്ടിരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളും പ്രതികരണങ്ങളുമായി പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.
ഓൺലൈനിൽ മാത്രം ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും, ഇത്തരം അതിക്രമങ്ങൾക്കെതിരെ ജീവനക്കാർ കൂട്ടമായി പ്രതികരിക്കാൻ തയ്യാറാകണമെന്നുമാണ് ഒരാൾ കമന്റ് നൽകിയത്. ഇത്തരം അനാവശ്യ നിയമങ്ങൾ ആദ്യം അനുസരിക്കുന്നതുപോലെ നടിക്കുകയും, പിന്നീട് പതുക്കെ അവ ഒഴിവാക്കുകയോ നിർത്തുകയോ ചെയ്യുക എന്നതാണ് മറ്റൊരു വഴി എന്ന് ചിലർ നിർദ്ദേശിച്ചു.
മുൻപ് ജോലി ചെയ്തിരുന്നിടത്ത് ഇതിലും മോശം അവസ്ഥയായിരുന്നുവെന്നും, ഷിഫ്റ്റ് സമയവും ലഞ്ച് ബ്രേക്കുകളും ഡെസ്കിൽ ഇല്ലാത്ത സമയവും പോലും കൃത്യമായി രേഖപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും മറ്റൊരാൾ ഓർത്തെടുത്തു. ഒടുവിൽ ആ ജോലി ഉപേക്ഷിച്ചതിൽ താൻ ആശ്വസിക്കുന്നുവെന്നും കമന്റിൽ പറയുന്നു.
'നമ്മളിപ്പോൾ സ്കൂളിലല്ലല്ലോ' എന്നായിരുന്നു ഇത്തരം നിയന്ത്രണങ്ങളെ വിമർശിച്ചുകൊണ്ട് ഒരാൾ കുറിച്ചത്. ഇത്തരത്തിലുള്ള ഓഫീസ് കൾച്ചർ മിക്കവാറും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും പ്രൊഡക്ടിവിറ്റിയെയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ജോലി സമയത്തോടുള്ള കമ്പനികളുടെ സമീപനത്തിൽ മാറ്റങ്ങൾ വരണമെന്നും തൊഴിലാളികൾക്കിടയിൽ അഭിപ്രായമുയരുന്നുണ്ട്.