
പബ്ലിഷിങ്ങ് കമ്പനിയായ പെന്‍ഗ്വിന്‍ ബുക്സിന്‍റെ ഓഫീസില്‍ രണ്ട് പുതിയ ജോലിക്കാരെത്തിയിട്ടുണ്ട്. സാധാരണ ജോലിക്കാരില്‍ നിന്നും വ്യത്യസ്തമായി രണ്ട് ജോലിക്കാര്‍... രണ്ട് പെന്‍ഗ്വിനുകളാണ് ഈ ജോലിക്കാര്‍. ബുക്സിന്‍റെ വിതരണകേന്ദ്രമായ യു എസ് എ -യിലെ ബാള്‍ട്ടിമോറിലാണ് ഈ രണ്ട് പെന്‍ഗ്വിനുകളും ഇന്റേൺ ആയി 'ചാര്‍ജ്ജെ'ടുത്തിരിക്കുന്നത്. ഇതിനകം തന്നെ ഇവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അവ ഓഫീസിലേക്ക് വരുന്നതും കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നതും ഓഫീസിലെ എല്ലാ ഭാഗത്തും പരിശോധിക്കാനെന്ന മട്ടില്‍ നടക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായിക്കാണാം. ലില്ലി, ടെട്ര എന്നീ പേരുള്ള പെന്‍ഗ്വിനുകളാണ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ആദ്യദിവസങ്ങളില്‍ വളരെ അമ്പരപ്പോടെയാണ് പെന്‍ഗ്വിനുകള്‍ പെരുമാറിയതെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
'അവയ്ക്ക് പുസ്‍തകങ്ങള്‍ നല്‍കിയപ്പോള്‍ അത് തിന്നാനാണ് ആദ്യം അവ ശ്രമിച്ചത്.' എന്നും ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതായാലും ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് വലിയ പ്രതികരണമാണുണ്ടാവുന്നത്. ചിലരൊക്കെ ജീവജാലങ്ങളെ ജോലിസ്ഥലത്ത് ഉപയോഗിക്കുന്നതിനെച്ചൊല്ലി ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഈ രണ്ട് ആഫ്രിക്കൻ പെൻഗ്വിനുകളും, ബാൾട്ടിമോറിലെ മേരിലാൻഡ് മൃഗശാലയിൽ നിന്നുള്ളതാണ്. പെന്‍ഗ്വിന്‍ ബുക്സിന്‍റെ അനിമൽ അംബാസഡർമാരായിട്ടാണ് ഇവയെ എത്തിച്ചിട്ടുള്ളത്. പകരമായി പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്, മൃഗശാലയിലെ പെൻഗ്വിനുകളുടെ പരിപാലനച്ചെലവുകളിലേക്ക് ഒരു തുക സംഭാവനയായി നല്കുമെന്നതാണ് മേരിലാൻഡ് മൃഗശാലയുടെ പ്രസാധനസ്ഥാപനത്തിന്റെ കരാർ.