
തന്റെ ജോലിയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ച്, മാനേജറുടെ ഭർത്താവിന്റെ പേഴ്സണൽ ബ്രാൻഡിനായി രണ്ട് വർഷം ജോലിയെടുക്കേണ്ടി വന്നതിനെ കുറിച്ച് യുവാവിന്റെ പോസ്റ്റ്. 14 മണിക്കൂർ വീതമാണ് പല ദിവസങ്ങളിലും ഇങ്ങനെ ജോലി ചെയ്യേണ്ടി വന്നതെന്നും ജീവനക്കാരൻ വെളിപ്പെടുത്തുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് ജീവനക്കാരൻ അനുഭവം വെളിപ്പെടുത്തിയത്. ജോലിക്കായി അധിക സമയം നൽകിയിട്ടും മാനേജറുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞ് മോശം റേറ്റിംഗ് നൽകിയെന്നും ആനുകൂല്യങ്ങൾ നിഷേധിച്ചുവെന്നും ഇയാൾ ആരോപിക്കുന്നു.
കമ്പനിയിൽ ജോലിക്ക് കയറി ഒരു മാസം പിന്നിട്ടപ്പോഴേക്കും മാനേജർ തന്റെ വ്യക്തിപരമായ ജോലികൾ കൂടി ഏൽപ്പിക്കാൻ തുടങ്ങിയെന്ന് ജീവനക്കാരൻ പറയുന്നു. സ്വന്തം ഓഫീസ് ഉത്തരവാദിത്തങ്ങൾക്കൊപ്പം മാനേജറുടെ ജോലികളും ചെയ്തിരുന്നെങ്കിലും, അതിൽ ചിലത് വ്യക്തിപരമായ ജോലികളാണെന്ന് താൻ തിരിച്ചറിഞ്ഞിരുന്നില്ല. ആദ്യത്തെ ജോലിയായതുകൊണ്ട് തന്നെ ഈ നീണ്ട ജോലി സമയം സാധാരണമാണെന്നാണ് കരുതിയത്. രാത്രി 10 അല്ലെങ്കിൽ 11 മണി വരെ സ്ഥിരമായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഇയാൾ കുറിച്ചു.
പിന്നീട് നടത്തിയ പരിശോധനയിലാണ് കമ്പനി വർക്ക് എന്ന് താൻ കരുതിയ പ്രോജക്റ്റ് യഥാർത്ഥത്തിൽ മാനേജറുടെ ഭർത്താവിന്റെ പേഴ്സണൽ ബ്രാൻഡുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്. താൻ തകർന്നുപോയി എന്നും ജീവനക്കാരൻ കുറിച്ചു.
ഒരു ദിവസത്തിൽ 40 -ലധികം ക്രിയേറ്റീവുകൾ തയ്യാറാക്കാൻ മാനേജർ ആവശ്യപ്പെട്ടിരുന്നുവെന്നും അവധിക്ക് അപേക്ഷിച്ചാൽ അത് നിരന്തരം തള്ളിക്കളഞ്ഞിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഒരു യാത്രയ്ക്കായി രണ്ട് ദിവസത്തെ അവധി ചോദിച്ചപ്പോൾ 'ലാപ്‌ടോപ്പ് കൂടെക്കരുതൂ, അവിടെ ഇരുന്ന് ജോലി ചെയ്യാം, എനിക്ക് ഡെഡ്‌ലൈൻ ഉണ്ട്' എന്നായിരുന്നു മാനേജറുടെ മറുപടി.
ഈ കുറിപ്പിന് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. ആവശ്യത്തിന് തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് മാനേജർക്കെതിരെ കമ്പനിയിലെ എച്ച്.ആർ (HR) വിഭാഗത്തിന് പരാതി നൽകിയില്ല എന്നാണ് മിക്കവരും ചോദിക്കുന്നത്.