
ഒരാൾ താൻ എത്രകാലം ജീവിക്കുമെന്ന് ചിന്തിക്കുന്നത് അവരുടെ യഥാർത്ഥ ആയുർദൈർഘ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പുതിയ പഠനം. പ്രായമായ ജാപ്പനീസ് പൗരന്മാരിൽ നടത്തിയ പഠനത്തിലാണ് ആളുകളുടെ സ്വന്തം അനുമാനങ്ങളും അവരുടെ യഥാർത്ഥ ആയുസ്സും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. എങ്കിലും, ഭൂരിഭാഗം ആളുകളും തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ കാലം ജീവിച്ചതായും ഗവേഷണം വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് സുക്കൂബയിലെ ഗവേഷകർ ഏകദേശം 2,000 ആളുകളെ 28 വർഷത്തോളം നിരീക്ഷിച്ചാണ് ഈ പഠനം തയ്യാറാക്കിയത്. ഈ പഠനം 1987 -ൽ ആരംഭിച്ച 'നാഷണൽ സർവേ ഓഫ് ദി ജാപ്പനീസ് എൽഡർലി' എന്ന സർവേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആളുകൾക്ക് സ്വന്തം ആയുസ്സ് പൂർണ്ണമായും കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. സർവേയിൽ പങ്കെടുത്ത 59 ശതമാനം ആളുകളും തങ്ങൾ വിചാരിച്ചതിനേക്കാൾ കൂടുതൽ കാലം ജീവിച്ചു. മോശം ആരോഗ്യസ്ഥിതിയിലുള്ളവർ വിചാരിച്ചതിനേക്കാൾ കുറഞ്ഞ കാലം ജീവിച്ചപ്പോൾ, സ്ത്രീകളും ഉയർന്ന വിദ്യാഭ്യാസമുള്ളവരും തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ജീവിച്ചിരുന്നതായി പഠനം പറയുന്നു. വ്യക്തിപരമായ ആരോഗ്യനില പരിശോധിക്കുന്നതിന് പകരം '80 വയസ്സ് വരെ' എന്നത് പോലുള്ള പൊതുവായ കണക്കുകളാണ് ഭൂരിഭാഗം ആളുകളും ഉത്തരമായി നൽകിയത്.
തങ്ങൾക്ക് കൂടുതൽ ആയുസ്സ് ലഭിക്കുമെന്ന് കരുതിയവർ പൊതുവേ കൂടുതൽ കാലം ജീവിച്ചിരുന്നതായും പഠനത്തിൽ കണ്ടെത്തി. പ്രായം, ലിംഗഭേദം, ആരോഗ്യം, സാമ്പത്തിക പശ്ചാത്തലം എന്നിവ കണക്കിലെടുത്ത ശേഷവും ഈ പ്രവണത വ്യക്തമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 81.1 വർഷവും സ്ത്രീകൾക്ക് 87.1 വർഷവുമാണ്. ഈ പ്രത്യേകതയാണ് പഠനത്തിനായി ചൈനയെ തെരഞ്ഞെടുക്കാൻ കാരണം.
ഒരാൾ എത്രകാലം ജീവിക്കുമെന്ന ചിന്ത അവരുടെ സാമ്പത്തിക തീരുമാനങ്ങളെ കാര്യമായി സ്വാധീനിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ജോലിയിൽ നിന്ന് എപ്പോൾ വിരമിക്കണം, എത്രത്തോളം പണം സമ്പാദിക്കണം, പെൻഷൻ ഫണ്ടുകൾ എങ്ങനെ ആസൂത്രണം ചെയ്യണം എന്നിവയിലെല്ലാം ഈ ധാരണ നിർണ്ണായകമാണ്. മരണ സമയം കൃത്യമായി കണക്കാക്കാൻ മനുഷ്യർക്ക് കഴിയില്ലെങ്കിലും, ഒരാളുടെ ആയുസ്സിനെക്കുറിച്ചുള്ള സ്വന്തം വിലയിരുത്തലുകളിൽ അവരുടെ ആരോഗ്യത്തെക്കുറിച്ചും ഭാവി ആയുർദൈർഘ്യത്തെക്കുറിച്ചുമുള്ള പ്രധാന സൂചനകൾ അടങ്ങിയിട്ടുണ്ടെന്നാണ് ഈ പഠനം അടിവരയിടുന്നത്.