ജോലി രാജിവെച്ച് ഒരു മാസത്തിന് ശേഷം മുൻ കമ്പനി പൂർണ്ണ ശമ്പളം അയച്ചതിനെക്കുറിച്ച് ബെംഗളൂരു സ്വദേശിയായ ശ്രേയാൻസ് ജെയിൻ പങ്കുവെച്ച കുറിപ്പ് വൈറലായി. അർഹതയില്ലാത്ത പണം കൈപ്പറ്റാതെ, കമ്പനിയെ സമീപിച്ച് തുക തിരികെ നൽകിയ അദ്ദേഹത്തിന്റെ സത്യസന്ധതയെ സോഷ്യൽ മീഡിയ പ്രശംസിച്ചു.
ജോലി രാജിവെച്ച് ഒരു മാസം പിന്നിട്ടപ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് മുൻ കമ്പനി പൂർണ്ണ ശമ്പളം അയച്ചു നൽകിയെന്ന യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരു സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്‍റ് ശ്രേയാൻസ് ജെയിനാണ് തനിക്കുണ്ടായ അപൂർവ്വ അനുഭവം സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇനിലൂടെ പുറത്തുവിട്ടത്. കോർപ്പറേറ്റ് കമ്പനികൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്കിടെ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി.
രാജി വച്ചിട്ടും ശമ്പളം
കഴിഞ്ഞ ജൂലൈ 31 ആയിരുന്നു കമ്പനിയിൽ ശ്രേയാൻസിന്‍റെ അവസാന പ്രവർത്തിദിനം. എന്നാൽ, ഓഗസ്റ്റ് മാസത്തിൽ ഒരു ദിവസം പോലും ജോലി ചെയ്തിരുന്നില്ലെങ്കിലും സെപ്റ്റംബർ 1 -ന് ഓഗസ്റ്റിലെ പൂർണ്ണ ശമ്പളം കൃത്യമായി കമ്പനി അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. അക്കൗണ്ട്സ് വിഭാഗത്തിന് പറ്റിയ തെറ്റ് അവർ തന്നെ ഉടൻ തിരിച്ചറിയുകയും തുക തിരിച്ചെടുക്കുകയും ചെയ്യുമെന്നാണ് ആദ്യം കരുതിയതെന്ന് ശ്രേയാൻസ് പറയുന്നു. എന്നാൽ, ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും കമ്പനിയിൽ നിന്ന് ഇതേക്കുറിച്ച് അന്വേഷണങ്ങളോ അറിയിപ്പുകളോ ഒന്നും തന്നെ തനിക്ക് ലഭിച്ചില്ലെന്നും ശ്രേയാൻസ് എഴുതുന്നു.
അങ്ങോട്ട് ബന്ധപ്പെട്ടു
ഇതോടെ കമ്പനി തെറ്റ് കണ്ടെത്തുന്നതുവരെ കാത്തിരിക്കാൻ തയ്യാറാകാതിരുന്ന ശ്രേയാൻസ്, നേരിട്ട് ഇമെയിൽ തന്‍റെ മുൻ കമ്പനിയിലെ അക്കൗണ്ട്സ് സെക്ഷനുമായി ബന്ധപ്പെട്ടു. അങ്ങനെ സംഭവിച്ച കാര്യം വിശദീകരിച്ച ശേഷം തുക തിരികെ അയക്കുന്നതിനായി കമ്പനിയുടെ ബാങ്ക് വിവരങ്ങളും അദ്ദേഹം ഡോദിച്ചു. ഇമെയിൽ അയച്ച് രണ്ട് മണിക്കൂറിനുള്ളിൽ കമ്പനിയുടെ എച്ച്ആർ വിഭാഗം അദ്ദേഹവുമായി ബന്ധപ്പെടുകയും കമ്പനിയുടെ ബാങ്ക് വിവരങ്ങൾ കൈമാറുകയും ചെയ്തു.
അർഹതയില്ലാത്തത്
അക്കൗണ്ടിൽ പണമെത്തി 48 മണിക്കൂറിനുള്ളിൽ തന്നെ തുക പൂർണ്ണമായും കമ്പനിക്ക് തിരികെ ലഭിച്ചു. വേഗത്തിൽ വളരുന്ന സ്റ്റാർട്ടപ്പുകളും ബിസിനസ്സുകളും ജീവനക്കാർ സ്ഥാപനം വിടുമ്പോൾ കൃത്യമായ സാമ്പത്തിക പരിശോധനകൾ നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശ്രേയാൻസിന്‍റെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചത്. അർഹതയില്ലാത്ത പണം കൈവശം വെക്കാതെ ഉടനടി തിരിച്ചേൽപ്പിച്ച അദ്ദേഹത്തിന്‍റെ സത്യസന്ധതയെ പലരും പ്രശംസിച്ചു. അതേസമയം തുടക്കക്കാരായ കമ്പനികൾ നേരിടുന്ന സാമ്പത്തിക നിയന്ത്രണ വെല്ലുവിളികളാണ് ഇതെന്നായിരുന്നു മറ്റു് ചിലരുടെ നിരീക്ഷണം.


