അടക്കലും, ദഹിപ്പിക്കലും കഴിഞ്ഞ് ഇപ്പോൾ ജലസംസ്കരണത്തിൽ എത്തിനിൽക്കുന്ന മനുഷ്യൻ...

By Web TeamFirst Published May 13, 2020, 3:19 PM IST
Highlights

ഇതിനൊരു ശാശ്വതപരിഹാരം എന്നോണം, ഇപ്പോൾ പക്ഷേ അമേരിക്കയിലെ പല സംസ്ഥാനങ്ങളും കൂടുതൽ പ്രകൃതിസൗഹാർദ്ദപരമായ ഒരു പുതിയ രീതി അവലംബിക്കുകയാണ്, ജലസംസ്കരണം. വെള്ളത്തിൽ ശവശരീരം അലിയിച്ചു കളയുന്ന രീതിയാണ് ഇത്. 

മൃതദേഹം അടക്കം ചെയ്യുക എന്നത് നമ്മുടെ വിശ്വാസങ്ങളും, ആചാരങ്ങളുമായി ഇഴുകിച്ചേർന്നുകിടക്കുന്ന ഒന്നായതുകൊണ്ട് അതിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ, ശവശരീരങ്ങൾ മണ്ണിനടിയിൽ അടക്കം ചെയ്യുന്നത് പരിസ്ഥിതി സൗഹൃദമല്ല എന്നാണ് പ്രകൃതി സ്‌നേഹികൾ പറയുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ ഏകദേശം ഒരു ദശലക്ഷം ഏക്കർ ഭൂമിയാണ് ശ്മശാനങ്ങൾ ഇതിനായി ഏറ്റെടുക്കുന്നത്. മൃതദേഹങ്ങൾക്കൊപ്പം ഓരോ വർഷവും 800,000 ഗാലൻ ഫോർമാൽഡിഹൈഡ് എന്ന രാസപദാർത്ഥവും ഭൂമിയിൽ അടിഞ്ഞുകൂടുന്നു. ഇത് മണ്ണിൽ കലരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ദഹിപ്പിക്കുന്ന രീതി കുറച്ചു കൂടി നല്ലതാണെന്ന ചിന്തയിൽ അവിടെയുള്ളവർ അതും പരീക്ഷിക്കുന്നതായി കാണാം. എന്നാൽ ദഹിപ്പിക്കുന്നതും ഒരു നല്ല രീതിയായി കാണാൻ സാധിക്കില്ല. ഓരോ വർഷവും അമേരിക്കയിൽ ഇതുമൂലം 70,000 കാറുകൾക്ക് തുല്യമായ കാർബൺ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേയ്ക്ക് പുറംതള്ളപ്പെടുന്നതെന്നാണ് പറയുന്നത്.  

ഇതിനൊരു ശാശ്വത പരിഹാരം എന്നോണം, ഇപ്പോൾ പക്ഷേ അമേരിക്കയിലെ പല സംസ്ഥാനങ്ങളും കൂടുതൽ പ്രകൃതിസൗഹാർദ്ദപരമായ ഒരു പുതിയ രീതി അവലംബിക്കുകയാണ്, ജലസംസ്കരണം. വെള്ളത്തിൽ ശവശരീരം അലിയിച്ചു കളയുന്ന രീതിയാണ് ഇത്. ഇതിനായി ക്ഷാരവും, ഉപ്പും കലർന്ന ചൂട് വെള്ളത്തിൽ ശരീരം മുക്കി വയ്ക്കുന്നു. ഇത് ഏകദേശം 305 ഡിഗ്രി വരെ ചൂടാക്കപ്പെടുന്നു. അതിനുശേഷം ആ വെള്ളത്തിൽ പൊട്ടാസ്യം ഹൈഡ്രോക്സൈഡും ചേർക്കുന്നു. മണിക്കൂറുകൾക്ക് ശേഷം, എല്ലുകൾ ഒഴികെ ബാക്കി ഭാഗങ്ങൾ എല്ലാം ആ ദ്രാവകത്തിൽ അലിഞ്ഞ് ഇല്ലാതാകുന്നു. ഒടുവിൽ ആ ദ്രാവക അവശിഷ്ടങ്ങൾ അഴുക്ക് ചാലിൽ ഒഴുക്കി കളയുന്നു. ശേഷിക്കുന്ന അസ്ഥിശകലങ്ങൾ ഒന്നുകിൽ കത്തിച്ചുചാരമാക്കാം. അല്ലെങ്കിൽ അടക്കം ചെയ്യാം. മയോ ക്ലിനിക് പോലുള്ളവ വളരെക്കാലമായി ഈ പ്രക്രിയ ചെയ്യുന്നു. ഇത് വാട്ടർ ക്രിമേഷൻ എന്നാണറിയപ്പെടുന്നത്.  കാലിഫോർണിയ 2017 -ൽ ഇത് നിയമവിധേയമാക്കിയിരുന്നു. 

ഈ മേഖലയിൽ ജോലിചെയ്യുന്ന കൊളറാഡോയിലെ എഡ് ഗാസ്വോഡ കഴിഞ്ഞ ദശകത്തിൽ ഇതിനെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനരുപയോഗം ചെയ്യാൻ ശ്രമിക്കുകയുണ്ടായി. മനുഷ്യന്റെ അവശിഷ്ടങ്ങൾ മലിനജലത്തിൽ ഒഴുക്കി കളയുന്നതിന് പകരം, അത് മണ്ണിന് വളമായി ഉപയോഗിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ആൽക്കലൈൻ ജലവിശ്ലേഷണം 2.0 എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ അവശിഷ്ടങ്ങൾ അദ്ദേഹം വളമാക്കി മാറ്റി. ഈ ദ്രാവക അവശിഷ്ടങ്ങൾ കർഷകർക്കും നഴ്സറികൾക്കും വളമായി നൽകാൻ ഗാസ്വോഡ പദ്ധതിയിടുന്നു. “ഇത് അതിശയകരമാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മൾ ഭൂമിയ്ക്ക് വേണ്ടുന്ന പോഷകമായി മാറുന്നു, അങ്ങനെ നമ്മൾ ഭൂമിയെ പുനരുജ്ജീവിപ്പിക്കുന്നു" ഗാസ്വോഡ പറഞ്ഞു. ജനസംഖ്യാ പെരുപ്പം മൂലം ഇനി ഒരുകാലത്ത് സ്വന്തമായി കിടക്കാൻ ആറടിമണ്ണ് പോലും ഇല്ലാത്ത അവസ്ഥ വരാം. അപ്പോൾ ഇത്തരം മാർഗ്ഗങ്ങളിലേയ്ക്ക് മനുഷ്യൻ സ്വാഭാവികമായും തിരിയും. കാരണം മനുഷ്യന്റെ അടിസ്ഥാന ആവശ്യം, അതിജീവനമാണ്.  

click me!