നിറത്തിന്‍റെ പേരിൽ വംശീയ അധിക്ഷേപം, നേട്ടങ്ങൾ നിരത്തി വായടപ്പിച്ച് പ്രമുഖ ഷെഫ് കാർത്തികേയൻ സെൽവരാജ്

Published : Sep 09, 2026, 03:36 PM IST
Karthikeyan Selvaraj

Synopsis

നിറത്തിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ വംശീയമായി അധിക്ഷേപിച്ച വ്യക്തിക്ക് തന്‍റെ കരിയറിലെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മറുപടി നൽകി എക്സിക്യൂട്ടീവ് ഷെഫ് കാർത്തികേയൻ സെൽവരാജ്. ലോകനേതാക്കളും രാജകുടുംബാംഗങ്ങളും തന്‍റെ വിഭവങ്ങൾ ആസ്വദിച്ച ചരിത്രം പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയാണ് ലഭിച്ചത്.

നിറത്തിന്‍റെ പേരിൽ സോഷ്യൽ മീഡിയയിൽ വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ച വ്യക്തിക്ക് തന്‍റെ കരിയറിലെ വൻ നേട്ടങ്ങൾ അക്കമിട്ട് നിരത്തി മറുപടി നൽകി പ്രമുഖ എക്സിക്യൂട്ടീവ് ഷെഫ് കാർത്തികേയൻ സെൽവരാജ്. താൻ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ അധിക്ഷേപകന്, ലോകനേതാക്കളും രാഷ്ട്രപതിമാരും രാജകുടുംബാംഗങ്ങളും തന്‍റെ വിഭവങ്ങൾ ആസ്വദിച്ച ചരിത്രം പങ്കുവെച്ചാണ് അദ്ദേഹം മറുപടി നൽകിയത്. തന്‍റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയാണ് കാർത്തികേയൻ തനിക്ക് നേരിടേണ്ടി വന്ന അനുഭവവും അതിനുള്ള മറുപടിയും പങ്കുവെച്ചത്.

അധിക്ഷേപത്തിന് മറുപടി

"ഇരുണ്ട നിറമുള്ള ഈ ഷെഫ് ഇതുവരെ ഭക്ഷണം വിളമ്പിയ പ്രമുഖരുടെ പട്ടിക താഴെ നൽകുന്നു" എന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്. "ഇന്ത്യയിലെ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ, ബെൽജിയം രാജാവ് തുടങ്ങി ലോകമെമ്പാടുമുള്ള നിരവധിയാളുകൾക്ക് താൻ ഭക്ഷണം ഒരുക്കിയിട്ടുണ്ട്" എന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. താൻ സൽക്കരിച്ച പ്രമുഖരുടെ പട്ടിക വളരെ വലുതാണെന്നും പോസ്റ്റിന്‍റെ വിവരശേഖരത്തിൽ ഒതുങ്ങാത്തത്ര നീളമുള്ളതാണെന്നും കൂട്ടിച്ചേർത്താണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. "നിങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കിയത് ഞാൻ കഴിക്കില്ല" എന്ന് മലയാളത്തിൽ അർത്ഥം വരുന്ന ("main nahi khaunga apke hath ka") അധിക്ഷേപകരമായ കമന്‍റിന്‍റെ സ്ക്രീൻഷോട്ടും കാർത്തികേയൻ സെൽവരാജ് പങ്കുവെച്ചു.

പിന്തുണച്ച് നെറ്റിസെൺസ്

കാർത്തികേയൻറെ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ വൻ പിന്തുണയുമായി സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്തെത്തി. ചാം ഹൻ എന്ന സഹപ്രവർത്തകനായ ഷെഫ്, കാർത്തികേയന്‍റെ നേട്ടങ്ങൾ ഓർമ്മിപ്പിച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു: "ഒമാൻ രാജാവ്, അറബ് രാജാവ്, സ്വകാര്യ യാട്ടുകൾ, റെഡ് കാർപെറ്റ് ഇവന്‍റുകൾ, ലുലു മോൾ ഉദ്ഘാടനം എന്നിവ നിങ്ങൾ പറയാൻ വിട്ടുപോയി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും താങ്കൾ ഭക്ഷണം നൽകിയിട്ടുണ്ട്". "ഹിന്ദിയിൽ വംശീയ അധിക്ഷേപം നടത്താൻ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിലെ വൈരുധ്യം ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ചിന്താഗതി അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർക്ക് അതിനുള്ള പദസമ്പത്ത് പോലുമില്ല. രുചിയറിയുന്ന മനുഷ്യർക്കുള്ളതാണ് താങ്കളുടെ ഭക്ഷണം. ഈ കൊളോണിയൽ ചിന്താഗതിയിൽ നിന്ന് ഇക്കൂട്ടർക്ക് വേഗത്തിൽ മോചനമുണ്ടാകട്ടെ" എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്‍റെ പ്രതികരണം. കൂടാതെ, അധിക്ഷേപിക്കുന്ന നിസ്സാര മനസ്സുള്ളവരെ അവഗണിച്ച് തലയുയർത്തിപ്പിടിച്ച് മുന്നോട്ട് പോകാനും പറഞ്ഞുകൊണ്ട് നിരവധിയാളുകൾ കാർത്തികേയന് പിന്തുണയേകി.

ആരാണ് കാർത്തികേയൻ സെൽവരാജ്?

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ നിരവധി പാചകക്കുറിപ്പുകളും നുറുങ്ങുകളും പങ്കുവെക്കുന്ന ജനപ്രിയ ഷെഫാണ് കാർത്തികേയൻ സെൽവരാജ്. കൊച്ചിയിലെ താജ് ഹോട്ടലിൽ 12 വർഷത്തിലേറെ പ്രവർത്തിച്ച പരിചയസമ്പത്തുള്ള അദ്ദേഹം, ചെന്നൈയിലെ പരിശീലനത്തിന് ശേഷം 2024 -ൽ മധുര താജ് ഹോട്ടലിന്‍റെ എക്സിക്യൂട്ടീവ് ഷെഫായി ചുമതലയേറ്റു.

PREV
Read more Articles on
click me!

Recommended Stories

14-ാം വയസ്സിൽ തുടങ്ങിയ ഫ്രീലാൻസിംഗ്, സ്വന്തമായൊരു ഡിഗ്രി പോലുമില്ല, ഇന്ന് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിച്ച് ബീഹാർ യുവാവ്
വീട്ടുജോലിക്കാരിക്ക് സ്വന്തമായൊരു വീട്; ഓൺലൈൻ കാമ്പെയ്‌നിലൂടെ 47 ലക്ഷത്തിലധികം രൂപ സമാഹരിച്ച് യുവതി