
കടുത്ത സാമ്പത്തിക പ്രതിസന്ധികളും വിഷാദരോഗവും അതിജീവിച്ച്, സ്വന്തം പ്രയത്നം കൊണ്ട് പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന ബീഹാർ സ്വദേശിയായ 20 -കാരന്‍റെ പ്രചോദനാത്മക ജീവിതകഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റെഡ്ഡിറ്റിലെ r/Indian_flex എന്ന കമ്മ്യൂണിറ്റിയിൽ u/Acceptable-Breath-92 എന്ന യൂസർനെയിമിൽ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലാകുന്നത്.
ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച യുവാവിന് 5 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് അമ്മയുടെ സംരക്ഷണയിലാണ് വളർന്നത്. 14 -ാം വയസ്സിൽ ഡിസൈനിംഗും എഡിറ്റിംഗും സ്വയം പഠിച്ചെടുത്ത് ഡിജിറ്റൽ ലോകത്തേക്ക് കടന്നു. 2020 -ൽ പബ്ജി ഇ-സ്‌പോർട്സ് ടീമുകൾക്കായി ഗ്രാഫിക്സ് ഡിസൈൻ ചെയ്തുകൊണ്ട് തുടക്കം കുറിച്ചെങ്കിലും, ഇന്ത്യയിൽ പബ്ജി നിരോധിച്ചതോടെ ജോലി പെട്ടെന്ന് അവസാനിച്ചു. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത വിഷാദത്തിലേക്ക് വീണുപോയ യുവാവ്, പന്ത്രണ്ടാം ക്ലാസ് വരെ ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചത്.
പ്ലസ് ടുവിന് ശേഷം ഉപരിപഠനമാണോ അതോ ഫ്രീലാൻസിംഗാണോ വേണ്ടതെന്ന സംശയത്തിനിടയിൽ, ഒരു പരിചയക്കാരൻ വഴി നോയിഡയിലെ ഒരു വെബ് 3 മാർക്കറ്റിംഗ് ഏജൻസിയിൽ അവസരം ലഭിച്ചു. കോളേജ് പഠനം വേണ്ടെന്നുവെച്ച് മാസം 15,000 രൂപ ശമ്പളത്തിന് അദ്ദേഹം ആ ജോലിയിൽ പ്രവേശിച്ചു. ഫർണിച്ചറുകൾ ഒന്നുമില്ലാത്ത വെറും ഒരു മെത്ത മാത്രമുള്ള മുറിയിലായിരുന്നു താമസം. ഭാവിയില്ലാത്ത ജോലിയാണെന്ന തോന്നലും നിരാശയും കാരണം 18 -ാം വയസ്സിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടതായി യുവാവ് തുറന്നു പറയുന്നു. 5 മാസത്തിന് ശേഷം ദസറ അവധിക്ക് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം പിന്നീട് തിരികെ പോയില്ല.
from a lower middle class family to earning 5 lakhs per month
crazy journey 🫡 pic.twitter.com/EvIYVXSmSM— Asmit (@coolcoder56) September 7, 2026
സൗജന്യമായി ലോഗോകളും ബ്രാൻഡ് ഡിസൈനുകളും ചെയ്ത് കൊണ്ട് അദ്ദേഹം സ്വന്തമായി അവസരങ്ങൾ സൃഷ്ടിച്ചു. തുടക്കത്തിൽ മാസം ഏകദേശം 16,000 മുതൽ 25,000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തുനിന്ന്, വെബ് 3 മേഖലയിലെ അനുഭവപരിചയം ഉപയോഗിച്ച് കൂടുതൽ ക്ലയ്ന്‍റുകളെ കണ്ടെത്തി. ഇതോടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടായി. 2025 - 26 സാമ്പത്തിക വർഷത്തെ ആകെ സമ്പാദ്യം 12 ലക്ഷം രൂപയാണ്. നിലവിൽ പ്രതിമാസ വരുമാനം ഏകദേശം 3.3 ലക്ഷത്തിന് മുകളിലാണ് വരുമാനം.
ഈ വരുമാനം കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലേക്കുള്ള ഫണ്ട് കരുതിവെക്കാനും, സ്വന്തമായി മക്ബുക്ക് പ്രോ വാങ്ങാനും, അമ്മയെ ജോലിയിൽ നിന്ന് വിരമിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. അമ്മയ്ക്ക് കൃത്യമായി സ്വർണം വാങ്ങിച്ചു നൽകുന്നതിനൊപ്പം വാടക വീട്ടിൽ നിന്ന് സ്വന്തമായി ഒരു ഫ്ലാറ്റ് / സ്ഥലം വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴദ്ദേഹം. ആഡംബരങ്ങൾക്കപ്പുറം, തന്‍റെ കഥ മറ്റുള്ളവർക്ക് സ്വന്തം സ്വപ്നങ്ങൾ പിന്തുടരാൻ പ്രചോദനമാകട്ടെയെന്ന ആഗ്രഹത്തോടെയാണ് പങ്കുവെക്കുന്നതെന്ന് പറഞ്ഞാണ് ഈ ഇരുപതുകാരൻ തന്‍റെ ജീവിതാനുഭവം അവസാനിപ്പിക്കുന്നത്.