
ഇന്ത്യയിലെ വിദ്യാസമ്പന്നരും, സമ്പന്നരുമായ വിഭാഗത്തിനിടയിൽ പൗരബോധം കുറഞ്ഞുവരുന്നത് സംബന്ധിച്ച് സംരംഭകനും എഴുത്തുകാരനുമായ സന്ദീപ് മാൾ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്നത്. തന്റെ കൊച്ചുമകളെ സ്കൂളിലാക്കാൻ പോകുന്ന വേളയിൽ നിത്യവും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചത്. വിദ്യാഭ്യാസവും സാമ്പത്തിക വളർച്ചയും കൈവരിച്ചിട്ടും അടിസ്ഥാനപരമായ സാമൂഹിക ഉത്തരവാദിത്തങ്ങളിൽ ഇന്ത്യക്കാർ പിന്നിലാണെന്ന യാഥാർത്ഥ്യമാണ് ഈ കുറിപ്പ് ചർച്ചയാക്കുന്നത്.
കൊച്ചുമകളുമൊത്തുള്ള ഓരോ യാത്രയും അസ്വസ്ഥതയുണ്ടാക്കുന്ന സത്യങ്ങളാണ് വെളിപ്പെടുത്തുന്നതെന്ന് സന്ദീപ് മാൾ പറയുന്നു. 'വിലകൂടിയ വാഹനങ്ങളിൽ വരുന്ന ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നു, തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്നു. കനാലിന് അരികിൽ വണ്ടി നിർത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിയുന്നു. സമ്പത്തോ വിദ്യാഭ്യാസമോ ഇവിടെ പൗരബോധം സൃഷ്ടിച്ചിട്ടില്ല' അദ്ദേഹം കുറിച്ചു. പൗരബോധമില്ലാത്ത ഈ ചുറ്റുപാടിൽ നിന്ന് രക്ഷനേടാൻ പലരും സ്വന്തം ലോകത്തേക്ക് ഒതുങ്ങിക്കൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകളിലെ അച്ചടക്കമില്ലായ്മയും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന രീതിയുമെല്ലാം ഒരു ജനതയുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദീപ് മാളിന്റെ പോസ്റ്റിന് പിന്നാലെ സമാനമായ അനുഭവങ്ങളുമായി നിരവധിയാളുകൾ രംഗത്തെത്തി. ചർച്ചകളിലെ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്: പത്ത് വർഷം മുമ്പ് വിദ്യാഭ്യാസമില്ലാത്തതാണ് ഇത്തരം പെരുമാറ്റത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ലക്ഷങ്ങൾ വിലയുള്ള ഫോണും കാറുമുള്ളവരും ഇതേ രീതിയിൽ പെരുമാറുന്നത് ഇത് വിദ്യാഭ്യാസത്തിന്റെ പ്രശ്നമല്ല, മറിച്ച് ശീലങ്ങളുടെ കുറവാണെന്ന് തെളിയിക്കുന്നു.
കുട്ടിക്കാലത്ത് തന്നെ ശരിയും തെറ്റും പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾ പരാജയപ്പെടുന്നു. വിദേശ രാജ്യങ്ങളിൽ ആറ് വയസ്സാകുമ്പോഴേക്കും മാലിന്യം എവിടെ നിക്ഷേപിക്കണമെന്ന് കുട്ടികൾക്ക് അറിയാം. നിയമം ലംഘിക്കുന്നത് ഒരു തെറ്റായി പലരും കാണുന്നില്ലെന്നും, ആരെങ്കിലും ഇത് ചൂണ്ടിക്കാട്ടിയാൽ അവർ പ്രകോപിതരാവുകയുമാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.