India@75 : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയുധമെടുത്ത് പോരാടിയ ധീരവനിതകൾ

By Web TeamFirst Published Jul 18, 2022, 11:13 AM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയുധമെടുത്ത് പോരാടിയ ധീരവനിതകൾ.

ഇന്ത്യയുടെ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ ആയുധമെടുത്ത് പോരാടിയ ബംഗാളി യുവാക്കളിൽ ഒരുപറ്റം ധീര വനിതകളുണ്ട്. പ്രീതിലത വഡേദാർ, കൽപ്പന ദത്ത, ബീനാ ദാസ്, കമലാ ദാസ് ഗുപ്ത, കല്യാണി ദാസ്, സുഹാസിനി ​ഗാംഗുലി തുടങ്ങിയവർ. 1930 ഏപ്രിൽ 18 -ന് നടന്ന ഐതിഹാസികമായ ചിറ്റഗോങ്ങ് ആയുധപ്പുര ആക്രമണക്കേസിലെ പങ്കാളികളായിരുന്നു ഉറ്റ കൂട്ടുകാരികളായിരുന്ന അവർ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ജനിച്ചവർ. മിക്കവരും ഇന്ത്യയിലെ ആദ്യ വനിതാ കോളേജായ കൽക്കത്തയിലെ ബെഥൂൻ കോളേജിലെ വിദ്യാർത്ഥിനികൾ. ബംഗാൾ വിഭജനത്തോടെ ഉയിർക്കൊണ്ട വിപ്ലവകാരികളുടെ സംഘടനയായ ജുഗാന്തറിലും ഭഗത് സിംഗിന്റെ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയിലും അംഗങ്ങൾ. വിദ്യാർത്ഥിനികളുടെ വിപ്ലവസംഘടനയായ ഛാത്രി സംഘയുടെ നേതാക്കൾ. കമ്മ്യൂണിസ്റ്റ് അനുഭാവികൾ. 

ഏപ്രിൽ 18ന് രാത്രി പത്തുമണിയോടെ ആയിരുന്നു സൂര്യ സെൻ, ഗണേഷ് ഘോഷ്, ലോകനാഥ് ബാൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ബം​ഗ്ലാദേശിലുള്ള ചിറ്റഗോങ്ങിലെ വിവിധ ബ്രിട്ടീഷ് ആയുധ കേന്ദ്രങ്ങളിൽ വിപ്ലവകാരികളുടെ ആക്രമണം. രണ്ടു ദിവസം കഴിഞ്ഞ് ജലാലാബാദ് കുന്നുകളിൽ ബ്രിട്ടീഷ് സൈന്യവും വിപ്ലവകാരികളും തമ്മിൽ രൂക്ഷമായ സംഘട്ടനം. പന്ത്രണ്ടോളം വിപ്ലവകാരികളും ഒട്ടേറെ സൈനികരും കൊല്ലപ്പെട്ടു. ഇതിനു പകരം വീട്ടാൻ അരയും തലയും മുറുക്കി ഇറങ്ങിയവരിൽ മുന്നിലായിരുന്നു ഈ ധീരവനിതകൾ. 1932 സെപ്തംബർ 24 -നു പഹാർ തലിയിലെ യൂറോപ്യൻ ക്ലബ് ആക്രമണത്തിന് നേതൃത്വം നൽകിയത് ആയുധപരിശീലനം നേടിയ പ്രീതിലത വദേദാർ എന്ന 21 കാരി. ഇന്ത്യക്കാർക്കും നായകൾക്കും പ്രവേശനമില്ലെന്ന് എഴുതിവെച്ചതായിരുന്നു ഈ ക്ലബ്. ആക്രമണത്തിനിടയിൽ കാലിൽ വെടിയുണ്ടയേറ്റ പ്രീതിലത പിടിയിലാകുന്നതിനു തൊട്ടു മുമ്പ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു രക്തസാക്ഷിയായി. പാരതന്ത്ര്യം ആയിരുന്നു അവൾക്ക് മൃതിയേക്കാൾ ഭയാനകം. 

ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് പോരാടിയ ധീരവനിതകൾ|സ്വാതന്ത്ര്യസ്പർശം|India@75 pic.twitter.com/nHTt7PItnP

— Asianet News (@AsianetNewsML)

 

ബെഥൂൻ കോളേജിലും വിപ്ലവവനിതകളുടെ സംഘത്തിലും പ്രീതിലതയുടെ സഖാവായിരുന്നു കൽപ്പന ദത്ത. പഹർത്താലി ക്ലബ് ആക്രമണ ആസൂത്രണത്തിൽ പങ്കെടുത്ത കല്പനയെ ഒരാഴ്ച്ച മുമ്പ് അറസ്റ്റ് ചെയ്തു. തടവിൽ നിന്ന് മോചിതയായശേഷം ഒളിവിൽ പോയി സൂര്യ സെന്നിന് സഹായങ്ങൾ ചെയ്തു. വീണ്ടും അറസ്റ്റിലായ കൽപ്പന പിന്നീട് സി പി ഐയുടെ പ്രമുഖ നേതാവായി. സിപിഐ ജനറൽ സെക്രട്ടറി പി സി ജോഷിയെ വിവാഹം ചെയ്തു.   

ബെഥൂൻ കോളേജിലെ ഝാത്രി സംഘയിലെ സായുധപരിശീലനം നേടിയ സഹോദരിമാരായിരുന്നു ബിനാ ദാസും കല്യാണി ദാസും. 1932 -ൽ കൽക്കത്ത സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ ബംഗാൾ ഗവർണർ സ്റ്റാൻലി ജാക്സണിന് നേരെ നിറയൊഴിച്ചത് ബീന ദാസ്. ഒമ്പത് വർഷം കാരാഗൃഹവാസം അനുഭവിച്ച ബീന കൊടിയ മർദ്ദനം നേരിട്ടു. കല്യാണിയും ബീനയും പിന്നീട് കോൺഗ്രസ് പ്രവർത്തകരായി. ബീനയ്ക്ക് കൈത്തോക്ക് എത്തിച്ചുകൊടുത്ത കമലാ ദാസ് ഗുപ്തയായിരുന്നു ഈ സംഘത്തിലെ മറ്റൊരു സാഹസിക. ചിറ്റഗോങ്ങ് ആക്രമണക്കേസിൽ പ്രതിയായ മറ്റൊരു യുവതി ആയിരുന്നു സുഹാസിനി ഗാ൦ഗുലി. ബെഥൂൻ കോളേജിലെ ഝാത്രി സംഗയിലെയും ജുഗാന്തർ പാർട്ടിയിലും അംഗമായിരുന്നു സുഹാസിനിയും. വിവിധകേസുകളിൽ പെട്ട ഏറെ വർഷം തടവിൽ കഴിഞ്ഞ സുഹാസിനിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.

click me!