ലോകം നേരിടാന്‍ പോകുന്നത് എന്തുതരം അപകടങ്ങളെ? നോക്കിനില്‍ക്കെ ഭൂമിയില്ലാതെയാവുന്നത് തടയാന്‍ എന്ത് ചെയ്യണം?

By Web TeamFirst Published Dec 29, 2019, 1:19 PM IST
Highlights

ഏതായാലും ഇപ്പോള്‍ ഈ തണ്ണീര്‍ത്തടങ്ങളെ തിരികെയെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണ്. മനുഷ്യരടക്കം സര്‍വജീവജാലങ്ങളുടേയും നിലനില്‍പ്പ് തന്നെ ഇല്ലെങ്കില്‍ ഭീഷണിയായി മാറും എന്ന തിരിച്ചറിവാണ് ഇതിന് കാരണം.

കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാക്കുന്ന പലവിധ പ്രശ്‍നങ്ങള്‍ പലതരത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇന്ന് ലോകം. ഒരു രാജ്യത്തിനും അതില്‍നിന്നും വിട്ടുനില്‍ക്കാനാകില്ല. നാം നോക്കിനില്‍ക്കെത്തന്നെ ഭൂമിയില്ലാതാവുന്നതും പ്രകൃതിദുരന്തങ്ങള്‍ ജീവജാലങ്ങളുടെ ജീവനെടുക്കുന്നതും തുടര്‍ക്കഥയാവുന്നു. ഇനിയും ഈ പോക്ക് തുടരുകയാണെങ്കില്‍ ഈ ലോകം എത്രകാലം ഇങ്ങനെ നിലനില്‍ക്കുമെന്നത് പോലും ചോദ്യചിഹ്നമായി മാറും. എന്നാല്‍, കാലാവസ്ഥയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങളെ ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭൂമിയെ തിരിച്ചെടുക്കുന്നതിനുള്ള പലവിധ പ്രവര്‍ത്തനങ്ങളും പല രാജ്യങ്ങളും ഏറ്റെടുത്തു നടത്തുന്നു. അത്തരം പ്രവര്‍ത്തനങ്ങളാണ് ഡാന്യൂബ് നദിയുമായി ബന്ധപ്പെട്ട് നടക്കുന്നതും. ഡാന്യൂബ് നദിയില്‍ സ്ഥാപിച്ച അണക്കെട്ടുകള്‍ ആവാസവ്യവസ്ഥയെ എങ്ങനെ തകര്‍ത്തുകളഞ്ഞു എന്ന് മനസിലാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ ആ അണക്കെട്ടുകള്‍ നീക്കം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു കഴിഞ്ഞു. തണ്ണീര്‍ത്തടങ്ങളെ തിരികെയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

 

1970 -കളിൽ, 11 അണക്കെട്ടുകളാണ് സരത, കോഗിൽനിക് നദികളിൽ നിർമ്മിക്കപ്പെട്ടത്. ആ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് അവിടെ തണ്ണീര്‍ത്തടങ്ങളുണ്ടായിരുന്നു. അവിടെ പക്ഷികളും മൃഗങ്ങളും മറ്റ് ജീവജാലങ്ങളുമടങ്ങുന്ന ആവാസവ്യവസ്ഥ ഭീഷണിയില്ലാതെ നിലനിന്നുപോന്നിരുന്നു. നദികളുടെ ജൈവികമായ ഒഴുക്ക് അതിന് കാരണമായിത്തീര്‍ന്നു. ഓർണിത്തോളജിസ്റ്റ് മാക്സിം യാക്കോവ്ലെവ് ആ കാലത്തെ ഓർക്കുന്നത് ഇങ്ങനെയാണ്, “അക്കാലത്ത്, അണക്കെട്ടുകൾ വരുന്നതിന് മുമ്പ്, ആവാസവ്യവസ്ഥ ശരിയായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾക്ക് ആരോഗ്യകരമായ മണ്ണും സസ്യങ്ങളും ഉണ്ടായിരുന്നു. ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് മുമ്പ് ഇവിടെ ഒരുപാട് വ്യത്യസ്‍ത തരത്തിലുള്ള പക്ഷികളും സസ്യജാലങ്ങളും നിലനിന്നിരുന്നതായി എന്‍റെ മുത്തശ്ശിമാരും എന്നോട് പറഞ്ഞിട്ടുണ്ട്. ഡാമുകളുടെ കടന്നുവരവോടെ ആവാസവ്യവസ്ഥ ഭീഷണിയിലായി. പിന്നെ പതിയെ അത് തകര്‍ന്നു തുടങ്ങി. ആവാസവ്യവസ്ഥ നശിച്ചു. ജീവജാലങ്ങളില്ലാതെയായി'' എന്നും അദ്ദേഹം പറയുന്നു. 

വെറ്റ് ലാൻഡ് ഇന്റർനാഷണലിന്‍റെ അഭിപ്രായത്തിൽ, ലോകത്തിലെ 64 ശതമാനം തണ്ണീർത്തടങ്ങളും 1900 മുതൽ അപ്രത്യക്ഷമായിട്ടുണ്ട്, വ്യാവസായിക വിപ്ലവം ആരംഭിച്ചതിനുശേഷം ഏകദേശം 90 ശതമാനത്തോളം തണ്ണീര്‍ത്തടങ്ങളാണ് ഇല്ലാതെയായത്.

ഏതായാലും ഇപ്പോള്‍ ഈ തണ്ണീര്‍ത്തടങ്ങളെ തിരികെയെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണ്. മനുഷ്യരടക്കം സര്‍വജീവജാലങ്ങളുടേയും നിലനില്‍പ്പ് തന്നെ ഇല്ലെങ്കില്‍ ഭീഷണിയായി മാറും എന്ന തിരിച്ചറിവാണ് ഇതിന് കാരണം. യൂറോപ്പ് പുനര്‍ നിര്‍മ്മാണ് പദ്ധതിയുടെ (Rewilding Europe) ഭാഗമായി  സ്വരൂപിച്ച തുകയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഡാന്യൂബിന്‍റെ 20 ശതമാനം മാത്രമാണ് ഉക്രെയിനിലൂടെ ഒഴുകുന്നതെങ്കിലും അവിടെയും ഈ തിരിച്ചെടുക്കല്‍ പക്രിയ സജീവമാകും. Rewilding Europe -ന്‍റെ ശാഖയാണ് ഉക്രെയിനിന്‍റെ പുനര്‍നിര്‍മ്മാണവും. അതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് യാക്കോവ്ലെവ്.. ഡാമുകള്‍ നീക്കം ചെയ്‍തുകൊണ്ട് നദിയുടെ സ്വാഭാവികമായ ഒഴുക്ക് തിരിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കുന്നത്. “കഴിഞ്ഞ ഏതാനും ആഴ്ചകളായി, ആദ്യത്തെ അണക്കെട്ടുകൾ നീക്കം ചെയ്‍തപ്പോൾത്തന്നെ, മത്സ്യങ്ങൾ മടങ്ങിയെത്തുന്നത് ഞങ്ങൾ കണ്ടു. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയ്ക്ക് എത്ര വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയുമെന്നത് അതിശയകരമാണ്. തകര്‍ന്നുകിടക്കുന്ന ഭൂമിയെ തിരികെയെത്തിക്കാന്‍ നമ്മളൊരു സഹായഹസ്‍തം നീട്ടിയാല്‍ മതിയാകും.” യാക്കോവ്‍ലെവ് പറയുന്നു. 

കഴുതകളും കാട്ടുപോത്തുകളുമടക്കം മൃഗങ്ങള്‍ ഇതുപോലെ ഉക്രെയിന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ വിവിധ ദ്വീപുകളിലടക്കം തിരികെയെത്തുമെന്നാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറയുന്നത്. Ermakov ദ്വീപില്‍ ഈ അണക്കെട്ടുകള്‍ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന മാറ്റങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്നും പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൈഖൈലോ നെസ്റ്റെരെൻകോ പറയുന്നു. താറാവുകളും തവളകളും മറ്റ് ജീവികളുമെല്ലാം അവിടേക്ക് തിരികെ വരുന്നത് അവിടെ വെള്ളത്തിലിറങ്ങുന്നത് എല്ലാം നിങ്ങള്‍ക്കുതന്നെ നോക്കിക്കാണാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. 

 

തണ്ണീർത്തടങ്ങളുടെ ഭാവിയെക്കുറിച്ച് നെസ്റ്റെരെൻകോ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിനായി ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അവർക്കറിയാം. “ലോകമാകെ വെള്ളപ്പൊക്കമടക്കം ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭയങ്കരമായ വെള്ളപ്പൊക്കം അനുഭവിച്ചിരുന്ന ഡച്ചുകാരിൽ നിന്ന് നാം പഠിക്കേണ്ടതുണ്ട്. ജലത്തെ കുറിച്ച്, തണ്ണീർത്തടങ്ങളുടെയും അതിനുചുറ്റുമുള്ള ആവാസവ്യവസ്ഥയുടെയും പ്രാധാന്യത്തെ കുറിച്ച് അവര്‍ പഠിച്ചു കഴിഞ്ഞു. അത് ലോകം മുഴുവൻ അറിയേണ്ടതുണ്ട്, അല്ലാത്തപക്ഷം നമുക്കിവിടെ അതിജീവിക്കാനാകില്ല” എന്നും അദ്ദേഹം പറയുന്നു. 

ഇതില്‍നിന്നും ഒരുകാര്യം വ്യക്തമാണ് പാരിസ്ഥിതിക പ്രശ്‍നങ്ങളാലും വിവിധ സാമൂഹ്യ പ്രശ്‍നങ്ങളാലും ലോകം കടന്നുപോവുന്നത് തികച്ചും അപകടകരമായ ഈ അവസ്ഥയെ അതിജീവിക്കണമെങ്കില്‍ നാം മനുഷ്യര്‍ തന്നെ സ്വാര്‍ത്ഥത മാറ്റിവെച്ച് പ്രവര്‍ത്തിച്ചേ തീരൂ. 

click me!