ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്കിടയിൽ കെ-പോപ്പ് തരംഗമായി കിം തേഹ്യുങ്. ബിടിഎസ് എന്ന കെ-പോപ്പ് ബാൻഡിലെ 'വി' എന്ന് ആരാധകർ വിളിക്കുന്ന താരം, 2025-ൽ ലോകത്ത് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കെ-പോപ്പ് കലാകാരനായി തിരഞ്ഞെടുക്കപ്പെട്ടു.
കുറച്ച് കാലം ബിടിഎസ് ആരാധകർ നിശബ്ദരായിരുന്നു, കാരണം അവരുടെ പ്രിയപ്പെട്ട താരം സൈനിക സേവനത്തിലായിരുന്നു. എന്നാൽ ഇന്റർനെറ്റിലെ സെർച്ച് എൻജിൻ അപ്പോഴും ആ ഒരൊറ്റ പേരിന് പിന്നാലെയായിരുന്നു, 'കിം തേഹ്യുങ്'. പൊതുവേദികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാസങ്ങളോളം വിട്ടുനിന്നിട്ടും, 2025-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കെ-പോപ്പ് താരം എന്ന റെക്കോർഡ് ബിടിഎസ് അംഗം 'വി' സ്വന്തമാക്കിയിരിക്കുന്നു. അമേരിക്കയും ജപ്പാനും ഉൾപ്പെടെ 77 രാജ്യങ്ങളിലെ ഗൂഗിൾ ട്രെൻഡ്‌സിൽ ഒന്നാമതെത്തിയ വി, വെറുമൊരു പോപ്പ് താരമല്ല, മറിച്ച് ലോകം കീഴടക്കിയ വികാരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
2025-ലെ ഗൂഗിൾ ട്രെൻഡ്‌സ് ഡാറ്റ പരിശോധിക്കുമ്പോൾ, സെർച്ച് ചെയ്യപ്പെട്ട 81 മേഖലകളിൽ 77-ലും ഒന്നാമതെത്തിയത് കിം തേഹ്യുങ് ആണ്. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ വമ്പൻ വിപണികളിലെല്ലാം 'വി' എന്ന പേര് തരംഗമായി. ഏറ്റവും രസകരമായ വസ്തുത, 2025-ന്റെ പകുതിയിലേറെ സമയവും അദ്ദേഹം ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനത്തിലായിരുന്നു എന്നതാണ്. ജൂണിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്നതുവരെ പൊതുവേദികളിൽ സജീവമല്ലാതിരുന്നിട്ടും, ആരാധകരുടെ താൽപ്പര്യം കുറഞ്ഞില്ലെന്ന് മാത്രമല്ല, അത് മുൻവർഷങ്ങളേക്കാൾ വർദ്ധിക്കുകയും ചെയ്തു.
റൊണാൾഡോയ്ക്കും മെസ്സിയ്ക്കും പിന്നാലെ ലോകത്തെ മൂന്നാമത്തെ ഇൻഫ്ലുവൻസർ
ഗൂഗിൾ സെർച്ചിൽ മാത്രമല്ല, സോഷ്യൽ മീഡിയ സ്വാധീനത്തിലും വി പുതിയ ഉയരങ്ങൾ കീഴടക്കി. ഇൻഫ്ലുവൻസർ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമായ 'ഹൈപ്പ് ഓഡിറ്റർ' പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ മൂന്നാം സ്ഥാനത്താണ് വി. ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും മാത്രമാണ് വി-ക്ക് മുന്നിലുള്ളത്. സെലീന ഗോമസ്, കെൻഡാൽ ജെന്നർ തുടങ്ങിയ ആഗോള താരങ്ങളെ പിന്തള്ളിയാണ് ഈ കൊറിയൻ താരം മൂന്നാമതെത്തിയത്.
ബ്രാൻഡുകളുടെ പ്രിയതാരം; 40 മില്യൺ ഡോളർ ആസ്തി
സംഗീതത്തിന് പുറമെ ഫാഷൻ, ലൈഫ് സ്റ്റൈൽ മേഖലകളിലും വി-യുടെ സ്വാധീനം വ്യക്തമാണ്. 2025-ൽ കൊക്ക-കോള, സ്നോ പീക്ക്, ടിർട്ടിർ, കോമ്പോസ് കോഫി തുടങ്ങിയ മുൻനിര ബ്രാൻഡുകളുമായി താരം കരാറുകളിൽ ഏർപ്പെട്ടു. കോമ്പോസ് കോഫിയുമായുള്ള കരാർ മാത്രം ഏകദേശം 4 മില്യൺ ഡോളർ മൂല്യമുള്ളതായിരുന്നു. 'ലേ ഓവർ' എന്ന സോളോ ആൽബത്തിന്റെ വിജയവും വിവിധ ബ്രാൻഡ് ഡീലുകളും ചേർന്നപ്പോൾ വി-യുടെ ആസ്തി ഇപ്പോൾ ഏകദേശം 40 മില്യൺ ഡോളറായി (ഏകദേശം 330 കോടിയിലധികം ഇന്ത്യൻ രൂപ) ഉയർന്നു. ബിടിഎസ് അംഗങ്ങളിൽ ഏറ്റവും ധനികനായ താരമായി വി ഇപ്പോൾ കണക്കാക്കപ്പെടുന്നു.
ബിടിഎസ് vs ബ്ലാക്‌പിങ്ക്: കൊറിയൻ തരംഗത്തിന്റെ ഗതി മാറ്റം
2025-ലെ ഓവർസീസ് കൊറിയൻ വേവ് സർവേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ബാൻഡ് ബിടിഎസ് തന്നെയാണ്. ഈ സർവേ അനുസരിച്ച്, 24.6 ശതമാനം പേർ ബിടിഎസിനെ ഇഷ്ടപ്പെടുന്നു. അതിൽ 12.3 ശതമാനം പേർ മാത്രമാണ് ബ്ലാക്ക്പിങ്കിനെ ഇഷ്ടപ്പെടുന്നത്. ബ്ലാക്ക്പിങ്കിനേക്കാൾ ഇരട്ടി ജനപ്രീതിയുമായി ബിടിഎസ് തങ്ങളുടെ ആധിപത്യം തുടരുകയാണ്. IU, PSY,Twice തുടങ്ങിയവരാണ് തൊട്ടുപിന്നാലെയുള്ളത്.
നിരന്തരമായ കണ്ടന്റുകൾ പുറത്തിറക്കാതെ തന്നെ ഒരു കലാകാരന് തന്റെ സ്വാധീനം നിലനിർത്താൻ കഴിയുമെന്ന് കിം തേഹ്യുങ് തെളിയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൈനിക സേവനത്തിനിടയിലും വി-യെക്കുറിച്ച് ലോകം തിരഞ്ഞുകൊണ്ടിരുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആഗോള ആരാധനയുടെ തെളിവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.


