സ്വകാര്യദ്വീപിൽ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്, ശമ്പളം 80 ലക്ഷത്തിനും മുകളിൽ...

By Web TeamFirst Published May 6, 2021, 1:00 PM IST
Highlights

അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസും യുഎസിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശവും ഉണ്ടായിരിക്കണം. 

കൊറോണ വൈറസ് രാജ്യത്തെ പിടിച്ചുലക്കുമ്പോൾ, നിരവധി പേരുടെ ജോലിയാണ് അനുദിനം നഷ്ടമാകുന്നത്. പലർക്കും ജീവിതം ഒരു വലിയ വെല്ലുവിളിയായി തീരുകയാണ്. ജീവിതം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ എവിടെയെങ്കിലും ഒരു ജോലി തരപ്പെടുമോ എന്ന ചിന്തയിലാണ് അനേകായിരങ്ങൾ. എന്നാൽ ഒരു പൈസ ചിലവില്ലാതെ നിങ്ങളുടെ പങ്കാളിക്കൊപ്പം സുരക്ഷിതമായി താമസിക്കാൻ ഒരു ദ്വീപ് മുഴുവനായി ലഭിക്കുകയാണെങ്കിൽ എങ്ങനെ ഇരിക്കും? നിങ്ങൾക്ക് പണം ചിലവഴിക്കേണ്ട എന്ന് മാത്രമല്ല പ്രതിവർഷം 80 ലക്ഷത്തിന് മുകളില്‍ പ്രതിഫലമായി ലഭിക്കുകയും ചെയ്യും. ബഹമാസിലെ ഒരു സമ്പന്ന കുടുംബമാണ് അവരുടെ സ്വകാര്യ ദ്വീപിൽ വീട്ടുജോലിക്കായി ദമ്പതികളെ തിരയുന്നത്.

ബഹമാസിലെ ദ്വീപിന്റെ മേൽനോട്ടം വഹിക്കാനായി പരിചയ സമ്പന്നരായ ദമ്പതികളെ നിയമിക്കാൻ കുടുംബം ആഗ്രഹിക്കുന്നു. ആഭ്യന്തര റിക്രൂട്ടിങ് കമ്പനിയായ പോളോ & ട്വീഡ് ആണ് ഈ തസ്തികയുടെ വിവരങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകന് സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ, ഒരു കാർ, സ്വകാര്യ താമസസൗകര്യം എന്നിവ നൽകുമെന്ന് പരസ്യത്തിൽ പറയുന്നു. ഇതിനൊപ്പം പ്രതിവർഷം £90,000 വരെ (ഏകദേശം 80 ലക്ഷത്തിന് മുകളിൽ) പ്രതിഫലം നൽകുമെന്നും പോളോ ആന്റ് ട്വീഡിൽ പറയുന്നു. ഫ്ലോറിഡയിലെ നേപ്പിൾസിനും ബഹമാസിനും ഇടയിലാണ് നാലുപേരടങ്ങുന്ന ഈ കുടുംബം താമസിക്കുന്നത്. നേപ്പിൾസ്, ഫ്ലോറിഡ, ബഹമാസ് എന്നിവിടങ്ങളിലെ അതിമനോഹരമായ സ്വത്തുക്കളുള്ള ആ സമ്പന്ന കുടുംബം പാൻഡെമിക് ആരംഭിച്ചതുമുതൽ, തങ്ങളുടെ ഭൂരിഭാഗം സമയവും അവധിക്കാല ദ്വീപിലാണ് ചെലവഴിക്കുന്നതെന്ന് പരസ്യത്തിൽ പറയുന്നു.

ഫ്ലോറിഡയിലെ ഒരു വലിയ കൺട്രി എസ്റ്റേറ്റ്, മൂന്ന് വീടുകൾ, ഒൻപത് ബാത്ത്റൂമുകൾ, ബഹാമസ് എസ്റ്റേറ്റ് എന്നിവ നോക്കുന്ന ജോലിയാണ് ചെയ്യേണ്ടത്. ബഹാമസ് എസ്റ്റേറ്റിൽ നാല് കിടപ്പുമുറികളുള്ള വീതമുള്ള നാല് വീടുകളാണുള്ളത്. ഇതിനകം തന്നെ അറ്റകുറ്റപ്പണിക്കും, തോട്ടപ്പണിക്കും, പൂൾ മേൽനോട്ടത്തിനും ജീവനക്കാരെ നിയമിച്ച ഈ കുടുംബം, പരിചയസമ്പന്നരായ ഒരു ദമ്പതികളെ അവരുടെ വീടുകൾ നോക്കാൻ അന്വേഷിക്കുന്നു. ദിവസേന വീട് വൃത്തിയാക്കൽ, കിടക്കകൾ വിരിക്കൽ, കുളിമുറി വൃത്തിയാക്കൽ, അലക്കൽ, ഇസ്തിരിയിടൽ, സ്വത്തുക്കൾ പരിപാലിക്കൽ എന്നിവയാണ് ദമ്പതികളുടെ കടമകൾ. ഇത് കൂടാതെ എയർപോർട്ടിൽ നിന്ന് അതിഥികളെ സ്വീകരിക്കുക പോലുള്ള ദൈനംദിന ജോലികളും ഉൾപ്പെടും. പാചകം അറിഞ്ഞാൽ അതൊരു അധിക ബോണസ്സായിരിക്കും.  

അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസും യുഎസിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശവും ഉണ്ടായിരിക്കണം. അപേക്ഷകർ‌ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുന്ന മനോഭാവം, ആത്മവിശ്വാസം, വിവേകം, മികച്ച പെരുമാറ്റം തുടങ്ങിയവ ഉള്ള പ്രൊഫഷണൽ‌ ആയിരിക്കണം, കൂടാതെ വളരെ നന്നായി വസ്ത്രധാരണം ചെയ്യുന്നവരുമായിരിക്കണം എന്ന് പരസ്യത്തിൽ പറയുന്നു. പ്രവൃത്തി സമയം ആഴ്ചയിൽ അഞ്ച് ദിവസമാണ്, തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ്.
(ചിത്രം പ്രതീകാത്മകം)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!