
എല്ലാവരുടെയും ജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സഹായവുമായി എത്തിയ ചിലരെങ്കിലും ഉണ്ടാകും. ജീവിതത്തിൽ നല്ലകാലം വരുമ്പോൾ തങ്ങൾക്ക് വേണ്ടി ഉയർന്ന സഹായഹസ്തങ്ങൾ പലരും മറന്നു പോകാറാണ് പതിവ്. എങ്കിലും അങ്ങനെ അല്ലാത്ത ചിലരുമുണ്ട്. അത്തരത്തിൽ ലോകത്തിനു മുഴുവൻ മാതൃകയാവുകയാണ് ചൈനയിൽ നിന്നുള്ള പ്രശസ്ത കോടീശ്വരനായ റിച്ചാർഡ് ലിയു ക്വിയാങ്‌ഡോംഗ്. ഒരുകാലത്ത് പഠനത്തിനും നിത്യചെലവുകൾക്കും ബുദ്ധിമുട്ടിയ തനിക്ക് തണലായ ഒരു ഗ്രാമത്തിന് ഇന്ന് രക്ഷകനായി മാറുകയാണ് ഈ കോടീശ്വരൻ.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച് കോടീശ്വരനായി വളർന്നെങ്കിലും ജിയാങ്‌സു പ്രവിശ്യയിലെ ഗുവാങ്‌മിംഗ് ഗ്രാമത്തിലെ തൻ്റെ വേരുകൾ റിച്ചാർഡ് ലിയു മറന്നിട്ടില്ല. ശതകോടീശ്വരൻ ആയതിനു ശേഷവും സ്ഥിരമായി ഗ്രാമം സന്ദർശിക്കുന്ന ലിയു ഗ്രാമവാസികൾക്ക് ആവശ്യമായ എല്ലാ സഹായവും കൃത്യമായി ചെയ്തുകൊടുക്കും.
അൻപതുകാരനായ ലിയു ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൻ്റെ ചെയർമാനുമാനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന ഒരു കുടുംബത്തിൽ ആയിരുന്നു ലിയു ജനിച്ചത്. ഗ്രാമത്തിലെ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, 1992 -ൽ ചൈനയിലെ പ്രശസ്തമായ റെൻമിൻ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ബെയ്ജിംഗിലേക്ക് പോയി. പക്ഷേ, അവിടുത്തെ ചിലവുകൾ വഹിക്കുന്നതിനുള്ള ശേഷി അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. ആ സമയത്ത് ലിയുവിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൂട്ടായി നിന്നത് ഗുവാങ്‌മിംഗ് ഗ്രാമവാസികളായിരുന്നു. അവർ തങ്ങളാൽ സാധിക്കും വിധം പണവും മുട്ടകളും ഒക്കെ സംഭാവന ചെയ്ത് ലിയുവിനെ സഹായിച്ചു.
കോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയതിനു ശേഷം 2016 -ൽ ഗ്രാമത്തിൽ എത്തിയ ലിയു അവിടുത്തെ പ്രായമായ ഓരോ വ്യക്തിക്കും 1,18,000 രൂപ വീതം സമ്മാനമായി നൽകി. കൂടാതെ എല്ലാ കുടുംബാംഗങ്ങൾക്കും ഭക്ഷണവും വസ്ത്രവും ആവശ്യത്തിനുള്ള വീട്ടുപകരണങ്ങളും നൽകി തൻ്റെ നന്ദിയും സ്നേഹവും പ്രകടിപ്പിച്ചു. ഈ വർഷവും 60 വയസ്സിനു മുകളിലുള്ള ഓരോ ഗ്രാമീണർക്കും 1,21,245 രൂപ അദ്ദേഹം വിതരണം ചെയ്തു.