തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കുമെന്ന് യുക്രൈനിലെ ധനികൻ!

Published : Apr 17, 2022, 03:18 PM ISTUpdated : Apr 17, 2022, 03:21 PM IST
തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കുമെന്ന് യുക്രൈനിലെ ധനികൻ!

Synopsis

റഷ്യയുടെ ആക്രമണത്തിന് മുമ്പ് 400,000 ഓളം ആളുകൾ താമസിച്ചിരുന്ന നഗരമായിരുന്നു മരിയുപോൾ. എന്നാൽ യുദ്ധത്തിൽ നഗരം തകർന്നു.

കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന യുദ്ധത്തിൽ ഉക്രൈനിൽ കനത്ത നാശമാണുണ്ടായിരിക്കുന്നത്. ഉക്രൈന്റെ(Ukraine) പല വലിയ നഗരങ്ങളും റഷ്യൻ(Russian) ബോംബാക്രമണത്തിൽ നിലംപൊത്തി. അക്കൂട്ടത്തിൽ മരിയുപോളി(Mariupol)ലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. തുടർച്ചയായ ആക്രമണത്തിൽ നഗരത്തിലെ മിക്ക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, യുദ്ധത്തിൽ തകർന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാൻ തയ്യാറായി ഒരാൾ മുന്നോട്ട് വരികയാണ്. ഉക്രൈനിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്മെറ്റോവ്(Rinat Akhmetov). തനിക്കേറെ പ്രിയപ്പെട്ട മരിയുപോളിനെ പുനർജീവിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു. മാത്രവുമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള പുനർനിർമ്മാണത്തിന് തന്നെകൊണ്ടാകും വിധം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉക്രൈനിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ മെറ്റിൻവെസ്റ്റിന്റെ ഉടമയാണ് റിനാറ്റ് അഖ്മെറ്റോവ്. കൂടാതെ, ഷാക്തർ ഡൊനെറ്റ്‌സ്‌ക് എന്ന ഫുട്‌ബോൾ ടീമിന്റെ ഉടമ കൂടിയാണ് അദ്ദേഹം. മരിയുപോൾ അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നഗരമാണ്. തുറമുഖത്തിനടുത്തുള്ള ഈ നഗരത്തിന്റെ നാശം കണ്ട റിനാറ്റ് ഇപ്പോൾ മരിയുപോളിന്റെ പുനർനിർമ്മാണത്തിന് സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. മരിയുപോളിൽ രണ്ട് മെറ്റൽ ഫാക്ടറികൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച്, 2013 ൽ അദ്ദേഹത്തിന്റെ ആസ്തി 15.4 ബില്യൺ ഡോളറായിരുന്നു. എന്നാൽ നിലവിൽ ഇത് 3.9 ബില്യൺ ഡോളറായി കുറഞ്ഞു. 2014-ൽ റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ആരംഭം മുതലാണ് അദ്ദേഹത്തിന്റെ ആസ്തി കുറയാൻ തുടങ്ങിയത്. യുദ്ധത്തെ തുടർന്ന്, ക്രിമിയയിലും, ഡോൺബാസിന്റെ താൽക്കാലിക അധിനിവേശ പ്രദേശത്തും ഉണ്ടായിരുന്നു തന്റെ സകല സ്വത്തുക്കളും നഷ്ടപ്പെട്ടതായി റിനാറ്റ് പറഞ്ഞു.

കിഴക്കൻ ഉക്രൈനിലെ എട്ട് വർഷത്തെ പോരാട്ടത്തെ തുടർന്ന് തന്റെ ബിസിനസ്സ് സാമ്രാജ്യം തകർന്നതായി റിനാറ്റ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. മരിയുപോളിന്റെ നാശം ആഗോള ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. മരിയുപോൾ തന്നെ സംബന്ധിച്ചിടത്തോളം എല്ലായ്പ്പോഴും ഒരു ഉക്രൈനിയൻ നഗരമായിരുന്നുവെന്നും, സൈന്യം നഗരത്തെ പ്രതിരോധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ അധിനിവേശത്തിന് കീഴിൽ ഒരിക്കലും തന്റെ ബിസിനസ്സ് പ്രവർത്തിപ്പിക്കില്ലെന്നും റിനാറ്റ് പറഞ്ഞു. തൽക്കാലം, ഗ്രൂപ്പിന്റെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്ന മുറയ്ക്ക് മരിയുപോളിന്റെ പുനരധിവാസത്തിന് സഹായിക്കുമെന്ന് മെറ്റിൻവെസ്റ്റ് കമ്പനി പ്രഖ്യാപിച്ചു. "ഒരു ഉക്രൈനിയൻ നഗരമായ മരിയുപോളിലേക്ക് മടങ്ങിയെത്താനും, അവിടെ ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ മരിയുപോൾ ഉൽപ്പാദിപ്പിക്കുന്ന സ്റ്റീലിന് മുമ്പത്തെപ്പോലെ ആഗോള വിപണികളിൽ കിടപിടിക്കാൻ കഴിയും" അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ആക്രമണത്തിന് മുമ്പ് 400,000 ഓളം ആളുകൾ താമസിച്ചിരുന്ന നഗരമായിരുന്നു മരിയുപോൾ. എന്നാൽ യുദ്ധത്തിൽ നഗരം തകർന്നു. 20,000-ത്തിലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. പതിനായിരക്കണക്കിന് ആളുകൾ ഇപ്പോഴും നഗരത്തിൽ കുടുങ്ങിക്കിടക്കുന്നു, എണ്ണമറ്റ ആളുകൾ പലായനം ചെയ്യുന്നു. യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര അന്വേഷകർ വിശ്വസിക്കുന്ന നിരവധി പ്രദേശങ്ങളിൽ ഒന്നാണിത്. അവിടെയുള്ള ഒരു മറ്റേർണിറ്റി ആശുപത്രിയും, നൂറുകണക്കിന് ആളുകൾ അഭയം തേടിയ ഒരു തിയേറ്ററും ഉൾപ്പെടെ പലതും ബോംബാക്രമണത്തിന് വിധേയമായിട്ടുണ്ട്. മോസ്കോ മരിയുപോളിനെ പിടിച്ചടക്കിയാൽ, റഷ്യക്കാർ കീഴടക്കുന്ന ആദ്യത്തെ വലിയ നഗരമായിരിക്കും അത്.  

PREV
Read more Articles on
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്