
എയർപോർട്ട് യാത്രക്കാർക്കായി റൈഡ് മെനു തയ്യാറാക്കി ഊബർ ഡ്രൈവർ! അതിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു കഥയുമുണ്ട്. @wottheberry എന്ന എക്സ് യൂസറാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ബിസിനസ്സ് യാത്രയ്ക്ക് ശേഷം മടങ്ങിയെത്തി എയർപോർട്ടിൽ നിന്നും ഊബർ വിളിച്ചതായിരുന്നു അവർ. ശാരീരികമായും മാനസികമായും തളർന്നിരുന്ന തനിക്ക് എയർപോർട്ടിൽ നിന്നുള്ള 45 മിനിറ്റ് യാത്രയിൽ മറ്റൊരാളോട് സംസാരിക്കാനുള്ള എനർജിയൊന്നും ഉണ്ടായിരുന്നില്ല എന്ന് അവർ പറയുന്നു. എന്നാൽ ഈബറിൽ കയറിയപ്പോൾ നടന്നത് തീരെ പ്രതീക്ഷിക്കാത്തൊരു സംഭവമാണ്.
കബീർ എന്നായിരുന്നു ഡ്രൈവറുടെ പേര്. വാഹനത്തിൽ കയറിയ ഉടനെ സംസാരത്തിനൊന്നും മുതിരാതെ കബീർ സീറ്റിന് പിന്നിൽ വച്ചിരുന്ന ഒരു ലാമിനേറ്റഡ് കാർഡ് അവർക്ക് കാണിച്ചുകൊടുക്കുകയായിരുന്നു. അതൊരു 'റൈഡ് മെനു' ആയിരുന്നു. യാത്രക്കാർക്ക് അവരുടെ താല്പര്യപ്രകാരം തിരഞ്ഞെടുക്കാൻ നാല് ഓപ്ഷനുകളാണ് അതിലുണ്ടായിരുന്നത്:
ദ സൈലന്റ് റൈഡ്: പൂർണ്ണമായ നിശബ്ദത ആഗ്രഹിക്കുന്നവർക്ക്.
ദ തെറാപ്പിസ്റ്റ് റൈഡ്: തങ്ങളുടെ സങ്കടങ്ങളും അന്നത്തെ ദിവസത്തെക്കുറിച്ചുമൊക്കെ സംസാരിക്കാൻ താല്പര്യമുള്ളവർക്ക്.
ദ ടൂറിസ്റ്റ് റൈഡ്: നഗരത്തെക്കുറിച്ചുള്ള വിവരങ്ങളും കഥകളും അറിയാൻ താല്പര്യമുള്ളവർക്ക്.
ദ റേഡിയോ റൈഡ്: പാട്ടുകൾ കേട്ട് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക്.
യുവതി ഉടൻ തന്നെ 'സൈലന്റ് റൈഡ്' ഓപ്ഷൻ തിരഞ്ഞെടുക്കുകയും ഡ്രൈവർക്ക് നന്ദി പറയുകയും ചെയ്തു. കബീർ ഒരു പുഞ്ചിരിയോടെ തലയാട്ടി, എസിയുടെ തണുപ്പൊക്കെ സെറ്റാക്കി. യാത്രയിലുടനീളം ഒന്നും മിണ്ടിയുമില്ല. ഈ വർഷം തനിക്ക് ലഭിച്ച ഏറ്റവും സമാധാനപരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ആ യാത്രയെന്നാണ് യുവതി കുറിച്ചിരിക്കുന്നത്.
i took a 45-minute uber ride home from the airport last night after a brutal, three-day business trip.
i was completely emotionally and physically drained, and my social battery was at absolute zero.
when i got into the car, the driver.. an older guy named kabir.. didn't say…— noor୨୧ (@wottheberry) June 6, 2026
യാത്രയുടെ അവസാനം വലിയൊരു തുക ടിപ്പും യുവതി ഡ്രൈവർക്ക് നൽകി. 'ഈ റൈഡ് മെനു ബിസിനസ് ഐഡിയ കൊള്ളാം, നല്ല റിവ്യൂ ഒക്കെ കിട്ടുന്നുണ്ടാവുമല്ലേ' എന്ന് പറഞ്ഞപ്പോഴാണ് കബീർ അതിന് പിന്നിലെ ഹൃദയസ്പർശിയായ കാരണം വെളിപ്പെടുത്തിയത്. റേറ്റിംഗോ, ടിപ്പോ കൂട്ടാനല്ല താൻ ഇത് ചെയ്തത്. കടുത്ത സോഷ്യൽ ആങ്സൈറ്റി നേരിടുന്ന തന്റെ മകളാണ് ഇതിന് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. മാനസികമായി തളർന്നിരിക്കുന്ന സമയങ്ങളിൽ അപരിചിതരുമായി സംസാരിക്കേണ്ടി വരുന്നത് 'മാരത്തോൺ ഓട്ടത്തിന്' തുല്യമാണെന്ന് മകൾ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കബീർ പറഞ്ഞു. യാത്രക്കാർക്ക് യാതൊരു മടിയുമില്ലാതെ തങ്ങളുടെ താല്പര്യം തുറന്നുപറയാൻ വേണ്ടിയാണ് ഈ കാർഡ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എപ്പോഴും മിണ്ടേണ്ടി വരുന്ന ഈ ലോകത്ത്, ചില നേരങ്ങളിൽ ആളുകളെ നിശബ്ദരായി തനിച്ചിരിക്കാൻ വിടേണ്ടതുണ്ട് എന്ന് വ്യക്തമാക്കുക കൂടിയാണ് യുവതി തന്റെ ഈ പോസ്റ്റിലൂടെ. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സോഷ്യൽ ആങ്സൈറ്റിയുള്ള മനുഷ്യർക്ക് വലിയ ആശ്വാസമാണ് ഈ റൈഡ് മെനു എന്ന് പലരും പ്രതികരിച്ചു.