ഗിന്നസ് റെക്കോർഡ് നേടാനായി നിയമപരമായി സ്വന്തം പേരിനൊപ്പം 2,253 ആദ്യനാമങ്ങൾ ചേർത്ത് ഒരു ഓസ്‌ട്രേലിയക്കാരൻ. ലൈബ്രറി ജീവനക്കാരനായിരുന്ന ലോറൻസ് വാട്കിൻസാണ് പുസ്തകങ്ങളിൽ നിന്നും സഹപ്രവർത്തകരുടെ സഹായത്തോടെയും പേരുകൾ കണ്ടെത്തി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 

കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന പലപല കാര്യങ്ങളുടെയും പേരിൽ ​ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്ന അനവധിയാളുകളുണ്ട്. ലോകത്തിൽ ഏറ്റവും നീളമുള്ള പേരുള്ള വ്യക്തിയെന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കയാണ് ഒരു ഓസ്‌ട്രേലിയക്കാരൻ. ലൈബ്രറിയിൽ ജീവനക്കാരനായിരുന്ന ലോറൻസ് വാട്കിൻസ് എന്നയാളാണ് 2,253 ആദ്യ നാമങ്ങൾ അതായത് ഫസ്റ്റ് നെയിം സ്വന്തം പേരിനൊപ്പം ചേർത്ത് ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1990 മാർച്ചിലാണ് കൗതുകകരമായ ഈ യാത്രയുടെ തുടക്കം. എന്തെങ്കിലും ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കണമെന്ന ആ​ഗ്രഹം തോന്നിയ ലോറൻസ് ​ഗിന്നസ് ബുക്ക് മുഴുവനും അരിച്ചു പെറുക്കി. അങ്ങനെയാണ് പേരിന്റെ നീളത്തിന്റെ കാര്യത്തിൽ ഒരു കൈ നോക്കാമെന്ന് അദ്ദേഹം തീരുമാനിക്കുന്നതും നിയമപരമായി പേര് മാറ്റുന്നതും. താൻ ജോലി ചെയ്തിരുന്ന ലൈബ്രറിയിലെ പുസ്തകങ്ങളുടെ വൻ ശേഖരത്തിൽ നിന്നാണ് വാട്കിൻസ് ഇത്രയും പേരുകൾ കണ്ടെത്തിയത്. സഹപ്രവർത്തകരും വ്യത്യസ്തമായ പേരുകൾ നിർദ്ദേശിച്ച് അദ്ദേഹത്തെ സഹായിച്ചു. ഒടുവിൽ ഔദ്യോഗിക രേഖകളുടെ പരിധി പോലും ലംഘിക്കുന്ന തരത്തിലേക്ക് ലോറൻസിന്റെ പേര് വളർന്നു.

എന്നാൽ, ഈ ലോക റെക്കോർഡ് ഒട്ടും പ്രതീക്ഷിക്കാത്ത ചില പ്രതിസന്ധികളും ലോറൻസിന്റെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറയാതെ തരമില്ല. അദ്ദേഹത്തിന്റെ വിവാഹസമയത്ത്, വിവാഹം നിയമപരമായി സാധുവാകണമെങ്കിൽ ആളുടെ മുഴുവൻ പേരും വായിക്കണമായിരുന്നു. ഇതിനായി മാത്രം എടുത്തത് നീണ്ട 20 മിനിറ്റാണ്! നിയമപരമായി പേര് മാറ്റി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, സ്വന്തം പേര് മുഴുവനായി കൃത്യമായി ഉച്ചരിക്കാൻ ഇപ്പോഴും തനിക്ക് കഴിയില്ലെന്ന് ലോറൻസ് സമ്മതിക്കുന്നു. എങ്കിലും, വേറിട്ട ഈ ലോക റെക്കോർഡിന്റെ ഉടമയായതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.