ഗുരുഗ്രാമിൽ വീട്ടുജോലിക്കായി കൊണ്ടുവന്ന പശ്ചിമ ബംഗാൾ സ്വദേശിനിയെ രണ്ട് വർഷമായി ഫ്ലാറ്റിൽ തടവിലാക്കി അടിമവേല ചെയ്യിച്ചു. പുറംലോകം കാണാന്‍ സമ്മതിച്ചില്ല, ക്രൂരമായ പീഡനവും. ഒടുവില്‍ മോചനം.

​ഗുരു​ഗ്രാമിൽ പുറംലോകം കാണിക്കാതെ രണ്ട് വർഷമായി വീട്ടിൽ അടിമവേല ചെയ്യിച്ച യുവതിയെ ഒടുവിൽ രക്ഷപ്പെടുത്തി. കഠിനമായ പീഡനങ്ങൾക്കിരയാകേണ്ടി വന്നതായും യുവതി പൊലീസിനോട്. പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ല സ്വദേശിനിയായ ഭാദു മാണ്ഡിയെന്ന 39 -കാരിയെയാണ് രണ്ട് വർഷത്തിന് ശേഷം രക്ഷപ്പെടുത്തിയത്. ​ഗോത്ര വിഭാ​ഗത്തിൽ പെടുന്ന സ്ത്രീയാണ് ഇവർ. പൊലീസ്, ജില്ലാ ഭരണകൂടം, സന്നദ്ധ സംഘടനകൾ ഇവയെല്ലാം ചേർന്നാണ് ഭാദുവിനെ രക്ഷപ്പെടുത്തിയത്. ഗുരുഗ്രാം സെക്ടർ 91 -ലെ ഡിഎൽഎഫ് ഗാർഡൻ സിറ്റിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടുജോലിക്കായി ഡെൽഹിയിലേക്ക് കൊണ്ടുവരുമ്പോൾ ഭാദുവിന്റെ കുടുംബത്തിന് 40,000 രൂപ അഡ്വാൻസായി നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, ഫ്ലാറ്റിൽ എത്തിയതു മുതൽ ഭാദുവിനെ ദിവസം 16 മണിക്കൂറിലധികം നിർബന്ധിച്ച് ജോലി ചെയ്യിച്ചിരുന്നതായും ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായും സഹോദരി ലക്ഷ്മി ടുഡു ആരോപിച്ചു. പുറത്തുപോകാനോ കുടുംബവുമായി ബന്ധപ്പെടാനോ ഇവരെ അനുവദിച്ചിരുന്നില്ല.

സ്മാർട്ട് ലോക്കിംഗ് സംവിധാനമുള്ള ഫ്ലാറ്റിൽ വീട്ടുകാർ പുറത്തുപോകുമ്പോഴെല്ലാം ഭാദുവിനെ പൂട്ടിയിടുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയ സർവീസ് ടെക്നീഷ്യന്റെ ഫോൺ വാങ്ങി ഭാദു രഹസ്യമായി സഹോദരിയെ വിളിച്ച് വിവരം അറിയിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് ഭാദുവിന്റെ സഹോദരി ലക്ഷ്മി പശ്ചിമ ബംഗാൾ അധികൃതരെ സമീപിക്കുകയായിരുന്നു.

ജൂൺ 4 -ന് പശ്ചിമ ബംഗാളിലെ ഇലാംബസാർ പൊലീസ് സ്റ്റേഷനിൽ 1976 -ലെ ബോണ്ടഡ് ലേബർ സിസ്റ്റം (അബോളിഷൻ) ആക്ട് പ്രകാരവും, നിർബന്ധിത തൊഴിൽ ചൂഷണവുമായി ബന്ധപ്പെട്ട സെക്ഷൻ 127(4) പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. 'നാരി ഒ ശിശു കല്യാൺ കേന്ദ്ര' എന്ന സന്നദ്ധ സംഘടന കേസ് ഡോക്യുമെന്റ് ചെയ്യാനും പശ്ചിമ ബംഗാളിലെയും ഗുരുഗ്രാമിലെയും ഉദ്യോഗസ്ഥരുമായി പരസ്പരം ബന്ധപ്പെടാനുമെല്ലാം കുടുംബത്തെ സഹായിച്ചു. ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെയും ലേബർ ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിലും വിഷയം എത്തിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് നിർബന്ധിത അടിമവേലയാണെന്ന് ലേബർ ഡിപ്പാർട്ട്മെന്റ് കണ്ടെത്തുകയും ഗുരുഗ്രാം ജില്ലാ മജിസ്‌ട്രേറ്റിനോട് അടിയന്തര ഇടപെടലിന് ശുപാർശ ചെയ്യുകയുമായിരുന്നു. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. ഭാദുവിന്റെ സഹോദരി ലക്ഷ്മി ഗുരുഗ്രാമിലെത്തുകയും, അന്വേഷണത്തിനായി പശ്ചിമ ബംഗാൾ പൊലീസിന്റെ ഒരു സംഘം ഡെൽഹിയിലെത്തുകയും ചെയ്തു. ഒടുവിൽ പശ്ചിമ ബംഗാൾ പൊലീസ്, ഗുരുഗ്രാം പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത റെയ്ഡിലാണ് യുവതിയെ മോചിപ്പിച്ചത്.

തൊഴിലുടമയുടെ നിരന്തരമായ മർദ്ദനം കാരണം തന്റെ വലതുകൈ ഉയർത്താൻ കഴിയുന്നില്ലെന്നും വലതുചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടതായും മോചിപ്പിക്കപ്പെട്ട ശേഷം ഭാദു ഉദ്യോഗസ്ഥരോട് പറഞ്ഞു. രക്ഷപ്പെടുത്തുന്നതിന് തൊട്ടുമുമ്പത്തെ ദിവസം രാവിലെയും ക്രൂരമായ മർദ്ദനമേറ്റതായും ജീവനെച്ചൊല്ലി പേടിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. പരിക്കേറ്റ യുവതിക്ക് നിലവിൽ വൈദ്യസഹായവും മറ്റ് പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.