നേരമിരുട്ടി വെളുത്തപ്പോൾ അപ്രത്യക്ഷമായത് രണ്ട് കിലോമീറ്റർ റോഡ്, മോഷ്ടിച്ചവർക്കെതിരെ പരാതിയുമായി ​ഗ്രാമവാസികൾ

Published : Dec 01, 2022, 10:01 AM IST
നേരമിരുട്ടി വെളുത്തപ്പോൾ അപ്രത്യക്ഷമായത് രണ്ട് കിലോമീറ്റർ റോഡ്, മോഷ്ടിച്ചവർക്കെതിരെ പരാതിയുമായി ​ഗ്രാമവാസികൾ

Synopsis

ഖരൗനി, ഖദംപൂർ എന്നീ രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് അനേകം വർഷങ്ങളായി നാട്ടുകാർ ഉപയോ​ഗിച്ച് വരുന്നതാണ്. എന്നാൽ, അഞ്ച് ദിവസം മുമ്പാണ് അതിനെ എല്ലാം ഇല്ലാതാക്കുന്ന സംഭവം നടന്നത്. ഒരു ദിവസം രാവിലെ ​ഗ്രാമവാസികൾ ഉറക്കമുണർന്നപ്പോഴേക്കും റോഡ് അപ്രത്യക്ഷമായി.

ഇന്ത്യയിൽ പല വിചിത്രമായ കാര്യങ്ങളും നടക്കാറുണ്ട്. ഇന്ത്യയിലെ കള്ളന്മാരും മോശമല്ല. വിചിത്രമായ പല മോഷണങ്ങളും മോഷണശ്രമങ്ങളും നടത്തി അവരും പേരെടുത്തിട്ടുണ്ട്. ഏതായാലും, അതുപോലെ ഒരു സംഭവമാണ് ബിഹാറിലും നടന്നിരിക്കുന്നത്. 

ബിഹാറിൽ കള്ളന്മാർ മോഷ്ടിച്ചത് എന്താണ് എന്ന് അറിയുമോ? ഒരു റോഡ്. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നുണ്ട് അല്ലേ? എന്നാലും സം​ഗതി സത്യമാണ്. ബിഹാറിലെ ബങ്ക ജില്ലയിലെ രജൗൺ ബ്ലോക്കിലെ ഖരൗനി ഗ്രാമത്തിലാണ് ഈ അതിവിചിത്രമായ മോഷണം നടന്നത്. മോഷണവിവരം അറിഞ്ഞ നാട്ടുകാർ മാത്രമല്ല അയൽനാട്ടിലുള്ളവർ പോലും ഞെട്ടിപ്പോയി. 

ഖരൗനി, ഖദംപൂർ എന്നീ രണ്ട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് അനേകം വർഷങ്ങളായി നാട്ടുകാർ ഉപയോ​ഗിച്ച് വരുന്നതാണ്. എന്നാൽ, അഞ്ച് ദിവസം മുമ്പാണ് അതിനെ എല്ലാം ഇല്ലാതാക്കുന്ന സംഭവം നടന്നത്. ഒരു ദിവസം രാവിലെ ​ഗ്രാമവാസികൾ ഉറക്കമുണർന്നപ്പോഴേക്കും റോഡ് അപ്രത്യക്ഷമായി. പകരം അവിടെ ചില വിളകളെല്ലാം ഇട്ടിരിക്കുകയായിരുന്നു. ആദ്യം നാട്ടുകാർ കരുതിയത് തങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്. തങ്ങളേതോ തെറ്റായ വഴിയിലാണ് ചെന്നിരിക്കുന്നത് എന്നാണ്. എന്നാൽ, അധികം വൈകാതെ തങ്ങൾക്ക് വഴി തെറ്റിയതല്ല റോഡ് അവിടെ ഇല്ല എന്ന് അവർക്ക് മനസിലായി.

റിപ്പോർട്ടുകൾ പ്രകാരം, ഖൈരാനി ഗ്രാമത്തിലെ ഗുണ്ടാസംഘം ഒരു ട്രാക്ടർ ഉപയോഗിച്ച് റോഡ് ഉഴുതുമറിക്കുകയും അതിന്റെ സ്ഥാനത്ത് ഗോതമ്പ് തൈകൾ ഇടുകയും ചെയ്യുകയായിരുന്നു. എന്നാൽ, ഖദംപൂർ ഗ്രാമത്തിലെ ജനങ്ങൾ ഇതിനെ എതിർത്തു. പക്ഷേ, പ്രശ്നക്കാർ ഗ്രാമവാസികളെ വടിയും മറ്റും ഉപയോ​ഗിച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. 

റോഡില്ലാതായത് ​ഗ്രാമവാസികളെ കാര്യമായി തന്നെ ബാധിച്ചു. ഇപ്പോൾ അവർ അടുത്ത ​ഗ്രാമത്തിലേക്ക് പോകാനും മറ്റുമായി ഇടവഴികളും മറ്റും ഉപയോ​ഗിക്കുകയാണ്. ബുധനാഴ്ച ഖദംപൂരിലെ നിരവധി ഗ്രാമവാസികൾ സോണൽ ഓഫീസർക്ക് സംഭവത്തെ കുറിച്ച് പരാതി നൽകി. സ്ഥിതിഗതികൾ പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥൻ ഗ്രാമവാസികൾക്ക് വാക്ക് നൽകി. ഒപ്പം ഇത് ചെയ്തവർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു. അധികം വൈകാതെ റോഡ് നാട്ടുകാർക്ക് ഉപയോ​ഗിക്കാൻ കഴിയുമെന്ന ഓഫീസറുടെ ഉറപ്പ് വിശ്വസിച്ചാണ് ഇപ്പോൾ നാട്ടുകാരിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ