
തൃശ്ശൂരിൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. പൊലീസിനെ ആദ്യം ഒന്ന് വട്ടം ചുറ്റിച്ചെങ്കിലും കള്ളനെ അതിവിദഗ്ധമായി തന്നെ കേരള പൊലീസ് പിടികൂടി. കള്ളന്മാർ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നത് സാധാരണയാണ്. എന്നാൽ, കഴിഞ്ഞ ദിവസം സൗത്ത് കൊറിയയിൽ നിന്നും റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിൽ ബാങ്ക് കൊള്ളയടിക്കാനായി എത്തിയ കള്ളൻ ജീവനക്കാരെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചത് വെള്ളം ചീറ്റുന്ന ഒരു കളിത്തോക്കായിരുന്നു. കേൾക്കുമ്പോൾ ചിരി വന്നേക്കാം, എങ്കിലും സംഗതി സത്യമാണ്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫെബ്രുവരി 10 -നാണ് സൗത്ത് കൊറിയയിലെ ബുസാൻ ബാങ്കിൽ കൊള്ളക്കാരൻ എത്തിയത്. മുഖംമൂടി ധരിച്ചിരുന്ന ഇയാൾ തോക്ക് പോലെ തോന്നിക്കുന്ന ഒരു വസ്തു പുറത്തെടുത്തു. ഇത് ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു. സംഗതി തോക്കാണെന്ന് തന്നെ കരുതിയ ബാങ്ക് ജീവനക്കാർ പരിഭ്രാന്തരായി. എല്ലാവരും മുട്ടുകുത്തി നിൽക്കാൻ ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരോടും ഇടപാടുകാരോടും ഇയാൾ ആവശ്യപ്പെട്ടു. ഭയന്നുപോയ എല്ലാവരും അയാളുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു.
തുടർന്ന് അയാൾ ബ്രാഞ്ച് മാനേജരുടെ മുറിയിലേക്ക് കയറാൻ ശ്രമിച്ചു. ഈ സമയം മുറിയിൽ മറ്റൊരു ക്ലൈന്റിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാനേജർ പെട്ടെന്ന് വാതിൽ പൂട്ടി. തുടർന്ന് പൊലീസിനെ വിളിക്കുകയും ബാങ്കിൻറെ എമർജൻസി അലാറം അടിക്കുകയും ചെയ്തു. സംഗതി കൈവിട്ടു പോകുമെന്ന് തോന്നിയ കള്ളൻ ഉടൻതന്നെ ക്യാഷ്യറുടെ നേരെ തിരിഞ്ഞ് തന്റെ ബാഗില്‍ പണം നിറയ്ക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ, ഈ സമയം ബാങ്കിൽ ഉണ്ടായിരുന്ന ഒരു മുൻസുരക്ഷാസേനാ അംഗം ഇയാളെ പുറകിൽ നിന്നും പിടികൂടുകയും അല്പനേരത്തെ സംഘട്ടനത്തിനുശേഷം ബാങ്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ കള്ളനെ കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്ന് കള്ളന്റെ കൈയിൽ ഉണ്ടായിരുന്ന ആയുധം ഇവർ പിടിച്ചെടുത്തു പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന മുതലയുടെ തലയുള്ള ഒരു വാട്ടർ ഗൺ ആയിരുന്നു അത് എന്ന്.
ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ആ സമയം അയാൾ പ്ലാസ്റ്റിക്ക് കവറിനുള്ളിൽ പിടിച്ചിരുന്ന തോക്ക് ചൂണ്ടിയപ്പോൾ തങ്ങൾ ഭയന്ന് വിറച്ചുപോയി എന്നാണ് ബാങ്ക് ജീവനക്കാർ പറയുന്നത്. ഏതായാലും കളിത്തോക്കുമായി എത്തിയ കള്ളനെ പോലീസ് പിടികൂടി.