കോടീശ്വരനായ കൊലയാളി, റിയൽ എസ്റ്റേറ്റ് ഭീമൻ, 'നാർസിസ്റ്റിക് സൈക്കോപ്പാത്ത്', റോബർട്ട് ഡസ്റ്റിന് ജീവപര്യന്തം

By Web TeamFirst Published Oct 15, 2021, 10:41 AM IST
Highlights

ന്യൂയോർക്കിലെ ഏറ്റവും സമ്പന്നവും ശക്തവുമായ ഒരു റിയൽ എസ്റ്റേറ്റ് ഭീമനാണ് ഡസ്റ്റ്. വിചാരണ വേളയിൽ സാക്ഷ്യപ്പെടുത്തിയ സഹോദരൻ ഡഗ്ലസ് ഡർസ്റ്റ് കോടതിയെ അറിയിച്ചത്: "അയാൾ എന്നെയും കൊന്നേനെ" എന്നാണ്. 
 

എച്ച്ബിഒ ക്രൈം ഡോക്യുമെന്ററി പരമ്പരയാണ് 'ദ ജിന്‍ക്‌സ്: ദ ലൈഫ് ആന്‍ഡ് ഡെത്ത്‌സ് ഓഫ് റോബര്‍ട്ട് ഡസ്റ്റ്' (The Jinx: The Life and Deaths of Robert Durst). അതിന് വിഷയമായ യുഎസ് റിയൽ എസ്റ്റേറ്റ് ഭീമനും കോടീശ്വരനുമായ റോബർട്ട് ഡസ്റ്റ്(Robert Durst), തന്റെ ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്( sentenced to life). 

ഭാര്യയുടെ തിരോധാനത്തെക്കുറിച്ച് പൊലീസിൽ സംസാരിക്കുന്നത് തടയാനാണ് 2000 -ത്തിൽ സുഹൃത്ത് സൂസൻ ബെർമാനെ ഇയാള്‍ കൊലപ്പെടുത്തിയത്. 55 വയസ്സുള്ളപ്പോൾ, ബെർമാന്റെ ബെവർലി ഹിൽസിലെ വീട്ടിലാണ് അവളെ തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. മറ്റ് രണ്ടുപേരെക്കൂടി ഡസ്റ്റ് കൊന്നതായി പൊലീസ് കരുതുന്നു. 

ശിക്ഷിക്കാനായി ലോസ് ഏഞ്ചൽസ് കോടതിയിൽ ഹാജരായ 78 -കാരനായ ഡസ്റ്റിനെ പ്രോസിക്യൂട്ടർമാർ 'നാർസിസ്റ്റിക് സൈക്കോപാത്ത്' എന്നാണ് വിളിച്ചത്. തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയെന്നത് പക്ഷേ ഡസ്റ്റ് നിഷേധിച്ചു. ഇയാള്‍ക്ക് പരോള്‍ ലഭിക്കുകയില്ല. അതിനാല്‍ തന്നെ ജയിലിലാവും ഇയാളുടെ മരണം എന്നാണ് കരുതുന്നത്. 

സൂസൻ ബെർമൻ ഒരു ക്രൈം റൈറ്ററായിരുന്നു. ഡസ്റ്റിന്റെ ഭാര്യയുടെ തിരോധാനത്തിൽ സംശയം തോന്നിയപ്പോൾ അവര്‍ അയാളുടെ വക്താവായി പ്രവർത്തിക്കുകയായിരുന്നു. ഡസ്റ്റിന്റെ ഭാര്യ മെഡിക്കൽ വിദ്യാർത്ഥിനി കൂടിയായ കാത്‌ലീൻ മക്കോർമാക്കിനെ 1982 -ൽ കാണാതാവുകയും പിന്നീട് മരിച്ചതായി കരുതപ്പെടുകയുമായിരുന്നു. 

പ്രോസിക്യൂട്ടർമാർ വാദിച്ചത് വാസ്തവത്തിൽ ഡസ്റ്റ് മൂന്ന് പേരെയാണ് കൊലപ്പെടുത്തിയത് എന്നാണ്. ഭാര്യയേയും ബെര്‍മനെയും കൂടാതെ മൂന്നാമതായി അയൽക്കാരൻ, മോറിസ് ബ്ലാക്കിനെയും ഇയാള്‍ കൊലപ്പെടുത്തിയെന്ന് കരുതുന്നു. 2001 -ൽ ടെക്സസിൽ ഒളിവില്‍ കഴിയവെ ഇയാള്‍ ഒരു ഊമയായ സ്ത്രീയായി വേഷം മാറിയിരുന്നു. അത് തിരിച്ചറിഞ്ഞതിനാലാണ് അയല്‍ക്കാരനെ കൊലപ്പെടുത്തിയത് എന്ന് കരുതുന്നു. 

ന്യൂയോർക്കിലെ ഏറ്റവും സമ്പന്നവും ശക്തവുമായ ഒരു റിയൽ എസ്റ്റേറ്റ് ഭീമനാണ് ഡസ്റ്റ്. വിചാരണ വേളയിൽ സാക്ഷ്യപ്പെടുത്തിയ സഹോദരൻ ഡഗ്ലസ് ഡർസ്റ്റ് കോടതിയെ അറിയിച്ചത്: "അയാൾ എന്നെയും കൊന്നേനെ" എന്നാണ്. 

ദി ജിങ്ക്സ് പരമ്പരയുടെ അവസാനം, ഡർസ്റ്റ് സ്വയം പിറുപിറുക്കുന്നത് കേൾക്കാം: "ഞാൻ എന്താണ് ചെയ്തത്? അവരെ എല്ലാവരെയും കൊന്നു, തീർച്ചയായും" എന്നാണ് അയാള്‍ പിറുപിറുക്കുന്നത്. എന്നാൽ, അത് മൈക്ക് ഓൺ ആണെന്നറിയാതെയാണ് എന്ന് കരുതുന്നു. 2015 മാർച്ചിൽ അവസാനത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ബെർമാന്റെ കൊലപാതകത്തിന് ന്യൂ ഓർലിയൻസിൽ വച്ച് ഡസ്റ്റിനെ അധികൃതർ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കിടെ ജൂറിമാർ ജിൻക്സ് സീരീസിന്‍റെ ക്ലിപ്പ് പ്ലേ ചെയ്തിരുന്നു.

click me!