തേപ്പ് എന്ന പദം തന്നെ എടുത്തുകളയേണ്ട കാലമായി

By Speak UpFirst Published Oct 14, 2021, 7:46 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്. എല്ലാ തേപ്പും തേപ്പല്ല!  ഫാത്തിമ റംസിന്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

 

'തേച്ചു പോയ ആളെ ഇപ്പൊ കണ്ടാല്‍ എന്താണ് പറയാനുള്ളത്?'

സിനിമയിലൂടെയും മറ്റും പശസ്തി നേടിയവരോട് സോഷ്യല്‍ മീഡിയയിലും മറ്റും ഇടയ്ക്കിടെ ഉയര്‍രുന്ന ചോദ്യമാണിത്. നിങ്ങള്‍ ഇപ്പോള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തി. അത് കാണുമ്പോള്‍ 'തേച്ചു' പോയ വ്യക്തി നിരാശപ്പെടുന്നുണ്ടാവണം എന്നാണ് ഈ ചോദ്യത്തിനര്‍ത്ഥം. 

ഈ വ്യക്തി തന്റേതായ മേഖലയില്‍ ഉയരങ്ങള്‍ കീഴക്കിയിട്ടുണ്ടാവാം, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാവാം.. പക്ഷെ അയാള്‍ നല്ലൊരു പാര്‍ട്ണര്‍ ആണെന്ന് അതിനര്‍ത്ഥമുണ്ടോ..?

ഈയിടെ വിവാഹബന്ധം വേര്‍പെടുത്തിയ ഒരാള്‍ തന്റെ പാര്‍ട്ണറെ കുറിച്ച് പറഞ്ഞത് 'അദ്ദേഹം നല്ലൊരു രാഷ്ട്രീയക്കാരനാണ്, നല്ലൊരു ഭര്‍ത്താവല്ല' എന്നാണ്. വേര്‍പിരിഞ്ഞ ഒരു താരദമ്പതികളുടെ പഴയ ഇന്റര്‍വ്യൂ എടുത്ത് നോക്കിയാല്‍ അവര്‍ എന്ത് കൊണ്ട് പിരിഞ്ഞു എന്ന് മനസ്സിലാവും. ഓരോ വാക്കിലും പങ്കാളിയോടുള്ള പരിഹാസം പ്രകടമാണ്. പറ്റാവുന്നിടത്തൊക്കെ ഭാര്യയെ പുച്ഛിക്കുകയും പരിഹസിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന ഭര്‍ത്താവ്. അയാള്‍ അറിയപ്പെടുന്ന നടന്‍ ആണ്. പക്ഷെ ഒരു നല്ല പാര്‍ട്ണര്‍ അല്ലെന്ന് അവരുടെ ഒറ്റ ഇന്റര്‍വ്യൂ കണ്ടാല്‍ മനസ്സിലാവും. 

അതൊക്കെ തമാശ ആയി കണ്ടൂടേ എന്നായിരിക്കും. കാണാവുന്നതാണ്. പക്ഷേ, കൂടെ നില്‍ക്കാനും പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും ശ്രമിക്കുന്നതിനു പകരം, വില കുറഞ്ഞ തമാശകളിലൂടെ തരം താഴ്ത്തുന്ന ഒരാളെ വീഡിയോയില്‍ കാണുമ്പോള്‍ അതിലങ്ങനെ തമാശയൊന്നുമ തോന്നാനിടയില്ല. നല്ല പാര്‍ട്ണര്‍ ആവാന്‍ നല്ല വ്യക്തിത്വം ഉണ്ടാവണം. പങ്കാളിയെ വിലമതിക്കണം. ബഹുമാനിക്കാനും മനസ്സിലാക്കാനും സ്‌നേഹിക്കാനും ഒക്കെ കഴിയണം. അല്ലാതെ കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുക, പണവും പ്രശസ്തിയും നേടുക എന്നതൊന്നുമല്ല നല്ല പാര്‍ട്ണര്‍ ആവുന്നതിനുള്ള യോഗ്യതകള്‍. 

ഒരു ബന്ധത്തില്‍നിന്നും ഒരാള്‍ പിന്മാറിയാല്‍ അതിന് കാരണം പണമോ സൗന്ദര്യമോ കൂടുതല്‍ ഉള്ള ഒരാളെ കണ്ടതാവാം എന്ന മുന്‍വിധിയിലാണ് 'തേച്ചു പോവുക, എന്ന പ്രയോഗം വന്നതെന്ന് തോന്നുന്നു.

എന്നാല്‍ എല്ലാ വേര്‍പിരിയലുകള്‍ക്കും ഇതാണോ കാരണം?

ബന്ധങ്ങളില്‍ നിന്നും ഇറങ്ങി പോവുന്നതിന് മറ്റെന്തെല്ലാം കാരണങ്ങളുണ്ട്. ഈയിടെയായി മാത്രം ചര്‍ച്ച ചെയ്യപ്പെട്ടൊരു കാര്യമാണ് വിഷമയമായ ബന്ധങ്ങള്‍ (toxic relationship). എല്ലായ്പോഴും പരിഹസിച്ചു കൊണ്ടിരിക്കുന്ന, എല്ലാത്തിലും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന, ഒരു കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യാത്ത, വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത, ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും വഴക്ക് കൂടി സമാധാനം കളയുന്ന, കലിപ്പനും കാന്താരിയും പോലെയൊക്കെയുള്ള ബന്ധങ്ങളില്‍ നിന്നും ഒരാള്‍ക്ക് മോചനം വേണം എന്ന് തോന്നുകയും ഒരു പാട് വേദനിച്ചു കൊണ്ട് വേര്‍പിരിഞ്ഞു പോവുകയും ചെയ്യുമ്പോള്‍ അവന്‍/അവള്‍ 'തേച്ചുD എന്ന ഒറ്റ വാക്കില്‍ ആ വ്യക്തിയുടെ എല്ലാ വേദനകളെയും ഒതുക്കിക്കളയുന്നത് നീതിയാണോ? അല്ല എന്നാണ് എന്റെ അവസാനം. എങ്കിലും ഈ കലാപരിപാടി ഇപ്പോഴും ശക്തമായി തുടരുക തന്നെയാണ്.  ഈ പരിപാടിക്ക് എന്നെങ്കിലും അവസാനം കാണുമോ?

'തേച്ച'തിന് പ്രതികരമായി ക്രൂരമായ കൊലപാതകങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഈ 'തേപ്പ്' എന്ന പദം പോലും പേടിപ്പെടുത്തുന്നതാണ്. എടുത്തു മാറ്റേണ്ടതാണ്.

click me!