വെറും 7 രൂപയുടെ ലോട്ടറി ടിക്കറ്റ്, കൂലിപ്പണിക്കാരന്റെ കുടുംബത്തിന് 1 കോടി രൂപ സമ്മാനം

Published : Oct 23, 2026, 06:07 PM IST
lottery

Synopsis

വിവരമറിഞ്ഞെത്തിയ കുടുംബത്തെ കടയുടമ നരേഷ് മോംഗ മധുരം നൽകി സ്വീകരിച്ചു. തുടർന്ന് സന്തോഷസൂചകമായി കടയുടമ ഭാം​ഗ്‍റ നൃത്തം കളിച്ചാണ് വിജയം ആഘോഷിച്ചത്. തങ്ങളുടെ ദാരിദ്ര്യം മാറ്റാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും ഈ പണം വലിയ ആശ്വാസമാകുമെന്ന് ബിമല ദേവി പറഞ്ഞു.

വെറും 7 രൂപയുടെ ലോട്ടറി ടിക്കറ്റിലൂടെ ഒരു കോടി രൂപ സമ്മാനം ലഭിക്കുക, എത്ര വലിയ സന്തോഷമായിരിക്കും അത് നമുക്ക് തരിക അല്ലേ? അതുപോലെ, പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കോട്കപുരയിലുള്ള ഒരു കുടുംബത്തിനും അങ്ങനെ ഒരു ഭാ​ഗ്യം കൈവന്നിരിക്കയാണ്. സിക്കിം സർക്കാരിന്റെ ലോട്ടറിയാണ് ഈ കുടുംബത്തെ തേടിയെത്തിയത്. കൂലിപ്പണിക്കാരന്റെ ഭാര്യയായ ബിമല ദേവിയാണ് ഈ ഭാഗ്യശാലി. സാധനങ്ങൾ വാങ്ങാനായി റെയിൽവേ റോഡിലെത്തിയ അവർ, പെട്ടെന്നുണ്ടായ ഒരു തോന്നലിന്റെ പുറത്താണ് സ്റ്റാർ ലോട്ടറി സ്റ്റാളിൽ നിന്ന് 7 രൂപ നൽകി ഒരു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. അടുത്ത ദിവസം ഫലം വന്നപ്പോൾ 1 കോടി രൂപയുടെ ഒന്നാം സമ്മാനം ഇവർക്ക് അടിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കുടുംബത്തെ കടയുടമ നരേഷ് മോംഗ മധുരം നൽകി സ്വീകരിച്ചു. തുടർന്ന് സന്തോഷസൂചകമായി കടയുടമ ഭാം​ഗ്‍റ നൃത്തം കളിച്ചാണ് വിജയം ആഘോഷിച്ചത്. തങ്ങളുടെ ദാരിദ്ര്യം മാറ്റാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും ഈ പണം വലിയ ആശ്വാസമാകുമെന്ന് ബിമല ദേവി പറഞ്ഞു. പണം എന്തുചെയ്യണം എന്ന കാര്യത്തിൽ കുടുംബം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എങ്കിലും, മക്കൾക്കായി ഒരു ബിസിനസ്സ് തുടങ്ങുന്നതിനെ കുറിച്ചാണ് അവർ ആലോചിക്കുന്നത്.

കഴിഞ്ഞ ആറുമാസമായി റെയിൽവേ സ്റ്റേഷന് സമീപം ലോട്ടറിക്കട നടത്തിവരുന്ന നരേഷ് മോംഗയുടെ കടയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ മുൻപും ലഭിച്ചിട്ടുണ്ടെങ്കിലും, 1 കോടി രൂപ അടിക്കുന്നത് ഇതാദ്യമാണ്. ഒരു കോടി അടിച്ച സന്തോഷത്തിലാണ് ബിമലയും കുടുംബവുമെങ്കിൽ അത് തന്റെ ലോട്ടറിക്കടയിൽ നിന്നായതിന്റെ സന്തോഷത്തിലാണ് നരേഷ് മോം​ഗ.

PREV
Read more Articles on
click me!

Recommended Stories

വയോധികന്റെ മരണശേഷം 'ഐഡന്റിറ്റി' മോഷ്ടിച്ച് കോടികളുടെ സ്വത്ത് തട്ടാൻ ശ്രമം, പൊലീസുകാരൻ അറസ്റ്റിൽ
പാത്രം കഴുകൽ, ബെഡ്ഷീറ്റ് മാറ്റൽ; അതിഥികളെ കൊണ്ട് ഈ ജോലികളൊന്നും ചെയ്യിപ്പിക്കരുത്, Airbnb നയം കടുപ്പിച്ച് കമ്പനി