കാളപ്പോരിനിടെ രണ്ടുപേരെ കുത്തിവീഴ്ത്തി ഓടിയ കാളയെ കാറിടിച്ച് കൊന്നു

By Web TeamFirst Published Aug 10, 2021, 4:42 PM IST
Highlights

കാളപ്പോരിന് കൊണ്ടുവന്നതിനിടെ കൂട്ടില്‍നിന്നും രക്ഷപ്പെട്ട് രണ്ട് പേരെ കുത്തിവീഴ്ത്തി ഓടിയ പോരുകാളയെ കാറുകൊണ്ടിടിച്ച് കൊന്നു. സ്‌പെയിനിലെ ബ്രിഹൂഗയിലാണ് സംഭവം.Photo: Respresentational Image 

കാളപ്പോരിന് കൊണ്ടുവന്നതിനിടെ കൂട്ടില്‍നിന്നും രക്ഷപ്പെട്ട് രണ്ട് പേരെ കുത്തിവീഴ്ത്തി ഓടിയ പോരുകാളയെ കാറുകൊണ്ടിടിച്ച് കൊന്നു. സ്‌പെയിനിലെ ബ്രിഹൂഗയിലാണ് സംഭവം. കാളയുടെ ആക്രമണത്തില്‍ പരിക്കേണ്ട രണ്ടു പേര്‍ അപകടനില തരണം ചെയ്തതിനിടെയാണ്, ഒരാള്‍ കാറിലെത്തി ബോധപൂര്‍വ്വം കാളയെ ഇടിച്ചുവീഴ്ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന്, കാര്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃഗസ്‌നേഹികളുടെ സംഘടനകള്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കാളയെ പിടികൂടുന്നതിനു പകരം ഇടിച്ചുവീഴ്ത്തിയതിന് എതിരെ സ്പാനിഷ് സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധമുയരുകയാണ്. 

 

 

രണ്ടു ദിവസം മുമ്പാണ് സംഭവം. കിഴക്കന്‍ മാഡ്രിഡില്‍നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന ബ്രിഹൂഗയില്‍ ഒരു കാളപ്പോര് മല്‍സരം നടക്കുകയായിരുന്നു. ഇതിനായി കൊണ്ടുവന്ന പോരു കാളയാണ് വാതില്‍ അബദ്ധത്തില്‍ തുറന്നതിനെ തുടര്‍ന്ന് കൂട്ടില്‍നിന്നും പുറത്തുകടന്നത്. മുന്നില്‍ കണ്ട രണ്ടു പേരെ കുത്തവീഴ്ത്തിയ ശേഷം റോഡിലൂടെ ഓടിയ പോരു കാളയെ ചത്ത നിലയില്‍ കണ്ടത്. അതിനു പിന്നാലെയാണ് ഒരു കാര്‍ പിന്നാലെ വന്് കാളയെ ഇടിച്ചുവീഴ്ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഹോണടിച്ചു വന്ന കാറിന്റെ വേഗത കണ്ട് വഴിപോക്കര്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. 

വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃഗസ്‌നേഹികളുടെ സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു രംഗത്തുവരികയും ചെയ്തു. മനുഷ്യരെ കുത്തിവീഴ്ത്തിയ കാളയെ ഇടിച്ചു വീഴ്ത്തുന്നതില്‍ ശരിയുണ്ടോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചുവെങ്കിലും ഭൂരിഭാഗം പേരും സംഭവത്തെ അപലപിക്കുയായിരുന്നു. 

click me!