
അമേരിക്കന്‍ സൈന്യം സ്ഥലം വിടുകയും യൂറോപ്യന്‍ ശക്തികള്‍ അകന്നുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, താലിബാന്റെ മുന്നേറ്റം മുന്‍നിര്‍ത്തി അഫ്ഗാനിസ്താനില്‍ ഇടപെടാന്‍ തക്കം പാര്‍ത്ത് റഷ്യ. കഴിഞ്ഞ ദിവസം അഫ്ഗാന്‍ അതിര്‍ത്തിയില്‍ താജിക്കിസ്താനും ഉസ്ബക്കിസ്താനുമൊപ്പം റഷ്യ ആരംഭിച്ച സൈനിക അഭ്യാസത്തിനുപിന്നില്‍ അഫ്ഗാന്‍ ഇടപെടല്‍ എന്ന സാദ്ധ്യതയാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ അഫ്ഗാനിസ്താനില്‍ ആഴത്തില്‍ ഇടപെടാനാണ് റഷ്യന്‍ ശ്രമം. മധ്യേഷ്യയിലെ തങ്ങളുടെ തന്ത്രപരമായ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക, വന്‍ശക്തി ഇമേജ് തിരിച്ചു പിടിക്കുക എന്നീ ലക്ഷ്യങ്ങളാണ് റഷ്യയ്ക്കുള്ളത്. അമേരിക്കന്‍ സഹായത്തോടെ മുജാഹിദുകള്‍ നടത്തിയ ആക്രമണങ്ങളില്‍ അഫ്ഗാനിസ്താന്‍ കൈവിട്ടുപോയ പഴയ ദുരനുഭവം മനസ്സില്‍വെച്ചാണ് റഷ്യ സൂക്ഷ്മതയോടെ പുതിയ സ്വപ്നങ്ങള്‍ കാണുന്നത്.
അതിര്‍ത്തിയില്‍ സൈനികാഭ്യാസം
പുതിയ റഷ്യന്‍ വെടിക്കോപ്പുകളും ഉപരിതല വ്യോമ മിസൈല്‍ ലോഞ്ചറുകള്‍ അടക്കമുള്ള അയുധങ്ങളുമായാണ് അഫ്ഗാനിസ്താന്‍-താജിക്കിസ്താന്‍ അതിര്‍ത്തിയില്‍ റഷ്യയുടെ മുന്‍കൈയില്‍ ഓഗസ്ത് അഞ്ചിന് സൈനിക അഭ്യാസം ആരംഭിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്നും വെറും 20 കിലോ മീറ്റര്‍ അകലെയാണ് സൈനിക അഭ്യാസം. താലിബാന്റെ മുന്നേറ്റം താജിക്കിസ്താന്‍ അതിര്‍ത്തി പ്രദേശത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സൈനികാഭ്യാസ പരിപാടി.
അഫ്ഗാനിസ്താന്‍ മനസ്സില്‍ കണ്ടാണ് സൈനികാഭ്യാസ പരിപാടി നടത്തുന്നതെന്ന് താജിക് പ്രതിരോധ മന്ത്രി ഷെറാലി മിര്‍സോ കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. അഫ്ഗാനിലെ സാഹചര്യം പ്രവചനാതീതമായ സാഹചര്യത്തില്‍, സദാ യുദ്ധസന്നദ്ധമായിരിക്കുമെന്ന് ഉസ്ബക്ക് സൈനിക മേധാവി ശുക്‌റത് കല്‍മുഖമെദോവും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
രണ്ടായിരത്തഞ്ഞൂറ് സൈനികര്‍, നൂറു കണക്കിന് കവചിത വാഹനങ്ങള്‍,, ഇരുപത്തഞ്ച് വിമാനങ്ങള്‍ എന്നിവയടങ്ങിയ സൈനിക അഭ്യാസമാണ് ഇവിടെ നടക്കുന്നത്. താജിക്കിസ്താനിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍നിന്നാണ് റഷ്യന്‍ സൈനികര്‍ എത്തിയത്. റഷ്യയുടെ ഏറ്റവും വലിയ വിദേശസൈനിക താവളമാണിത്. അതിര്‍ത്തിയിലേക്ക് കൊണ്ടുവന്ന ആയുധങ്ങളും സൈനികരും അവിടെ തന്നെ തുടരുമെന്ന് റഷ്യന്‍ കമാണ്ടര്‍ അലക്‌സാണ്ടര്‍ ലാപിന്‍ പറഞ്ഞു.
താലിബാന്‍ മുന്നേറുകയും അമേരിക്കന്‍ സൈന്യം പിന്‍മാറുകയും ചെയ്ത സാഹചര്യത്തിലാണ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചത്. ഇതോടൊപ്പം അഫ്ഗാന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് റഷ്യ നയതന്ത്ര ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ദോഹയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് റഷ്യ ആയിരുന്നു.
റഷ്യയുടെ മനസ്സിലിരിപ്പ്
മൂന്ന് ഘടകങ്ങളാണ് റഷ്യയുടെ പുതിയ പദ്ധതിക്കു പിന്നിലെന്നാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ രാജ്യാന്തര പഠനവിദഗ്ധന്‍ സാമുവല്‍ റാമനി പറയുന്നത്. ടര്‍ക്കി പ്രസിദ്ധീകരണമായ ടി ആര്‍ ടി വേള്‍ഡില്‍ എഴുതിയ ലേഖനത്തില്‍, അമേരിക്കന്‍ പിന്‍മാറ്റത്തിന്റെ സാഹചര്യത്തില്‍, റഷ്യയുടെ അഫ്ഗാന്‍ ഇടപെടലുകള്‍ക്കുള്ള സാദ്ധ്യതകളാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്.
ഒന്ന്, താജിക്കിസ്താന്റെ സുരക്ഷ. താജിക്കിസ്താനോട് അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിലെ തഖാര്‍, ബദഖ്ഷാന്‍ പ്രവിശ്യകളിലേക്ക് താലിബാന്‍ അതിവേഗം കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. ഇത് അതീവഗൗരത്തോടെയാണ് റഷ്യ കാണുന്നത്.
രണ്ട്, അഫ്ഗാനിസ്താനിലെ അരക്ഷിതാവസ്ഥ വെച്ചുനീട്ടുന്ന അവസരങ്ങള്‍. അമേരിക്കയും യൂറോപ്പും മാറിനില്‍ക്കുന്ന സാഹചര്യത്തില്‍, അഫ്ഗാനിസ്താനില്‍ ഇടപെടുന്നത് മധ്യേഷ്യയില്‍ തങ്ങളുടെ മേധാവിത്തം വ്യാപിക്കാന്‍ സഹായകമാവുമെന്നാണ് റഷ്യ കരുതുന്നത്. തെക്കന്‍ കിര്‍ഗിസ്താനില്‍ തങ്ങളുടെ സൈനിക താവളം വ്യാപിപ്പിക്കാനുള്ള ആലോചനകളിലാണ് റഷ്യ. താജിക്, കിര്‍ഗിസ്താന്‍ സൈനിക താവളങ്ങള്‍ നിലവില്‍ വന്നാല്‍, റഷ്യയ്ക്ക് അഫ്ഗാനിലടക്കം മധ്യേഷ്യയിലാകെ സുപ്രധാന ഇടപെടല്‍ നടത്താനാവും.
മൂന്ന്. നയതന്ത്രശ്രമങ്ങളിലൂടെ വന്‍ശക്തി ഇമേജ് തിരിച്ചുപിടിക്കാനുള്ള ആഗ്രഹം. അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള റഷ്യന്‍ നയതന്ത്രശ്രമങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍, പഴയ വന്‍ശക്തി പ്രതാപം തിരിച്ചുപിടിക്കാനാവുമെന്നാണ് റഷ്യ കരുതുന്നത്. സിറിയ, ലിബിയ എന്നിവിടങ്ങളിലെ റഷ്യന്‍ ഇടപെടലുകള്‍ അത്തരം ഒരു ഇമേജിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.