പരീക്ഷണപ്പറക്കലിനിടെ യുദ്ധവിമാനം വീടിനുള്ളില്‍ തകര്‍ന്നുവീണു, പൈലറ്റുമാര്‍ മരിച്ചു

Published : Oct 24, 2022, 06:41 PM IST
പരീക്ഷണപ്പറക്കലിനിടെ യുദ്ധവിമാനം  വീടിനുള്ളില്‍ തകര്‍ന്നുവീണു, പൈലറ്റുമാര്‍ മരിച്ചു

Synopsis

ഇവിടെയുള്ള നിരവധി വീടുകളില്‍ അപകടത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്

പരീക്ഷണ പറക്കലിനിടെ റഷ്യന്‍ യുദ്ധവിമാനം സൈബീരിയയിലെ ഒരു വീട്ടില്‍ തകര്‍ന്നു വീണു. പരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന റഷ്യന്‍ സൈന്യത്തിന്റെ സുഖോയി യുദ്ധ വിമാനമാണ് സൈബീരിയന്‍ നഗരമായ ഇര്‍കുസ്‌കിലെ ഇരു നില വീട്ടില്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ റഷ്യന്‍ വ്യോമ സേനയുടെ ഭാഗമായ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി  ഇര്‍കുസ്‌ക് ഗവര്‍ണര്‍ അറിയിച്ചു. ആറു ദിവസം മുമ്പ് റഷ്യയുടെ മറ്റൊരു സുഖോയ് യുദ്ധവിമാനം അപകടത്തില്‍ തകര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  

സംഭവത്തില്‍ വീട്ടിലുള്ളവര്‍ക്കോ സമീപവാസികള്‍ക്കോ പരിക്കൊന്നുമില്ലെന്ന്  ഇര്‍കുസ്‌ക് ഗവര്‍ണര്‍  ഇഗോര്‍ കൊബൊസേവ് ടെലഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും പുകപടലങ്ങള്‍ ഉയരുന്നതായും അദ്ദേഹം അറിയിച്ചു. അഗ്‌നിശമന സേനാ പ്രവര്‍ത്തകര്‍ ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഗവര്‍ണര്‍ ടെലിഗ്രാമിലൂടെ പുറത്തുവിട്ടു. ഇവിടെയുള്ള നിരവധി വീടുകളില്‍ അപകടത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.  ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന തീ അണയ്ക്കാന്‍ നിരവധി രക്ഷാപ്രവര്‍ത്തകര്‍ വെള്ളം തളിച്ചു കൊണ്ടിരിക്കുന്നതായും ഗവര്‍ണര്‍ അറിയിച്ചു. 

പരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന സുഖോയ് SU-30 വിമാനമാണ് ഞായറാഴ്ച അപകടത്തില്‍ പെട്ടതെന്ന്  റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് പൈലറ്റുമാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. മാക്‌സിം കൊനുഷിന്‍, (50), മേജര്‍ വിക്തര്‍ ക്രൂക്കോവ് (43) എന്നീ പൈലറ്റുമാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സൈബീരിയയിലൂടെ പറക്കുന്ന സമയത്താണ് വിമാനം അപകടത്തില്‍ പെട്ടത്. 

വിമാനത്തിലെ കോക്പിറ്റിലെ വായു മര്‍ദ്ദത്തില്‍ സംഭവസമയത്ത് കാര്യമായ വ്യത്യാസം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റുമാര്‍ രണ്ടുപേരും ശ്വാസതടസ്സത്തെത തുടര്‍ന്ന് ബോധരഹിതരായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് വഴിയൊരുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ വീഡിേയാ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടിനു മുകളിലേക്ക് തീഗോളമായി കത്തിയമരുന്നതിനു മുമ്പ് ഈ വിമാനം കുത്തനെ താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തെ തുടര്‍ന്ന് പ്രദേശമാകെ പുടപടലങ്ങള്‍ നിറഞ്ഞു.  സമീപത്തുള്ള 150 വീടുകളില്‍ ഇതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഇതു പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ഗവര്‍ണര്‍ അറിയിച്ചു.  സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സര്‍ക്കാറിന്റെ അന്വേഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്. 

ആറു ദിവസം മുമ്പ് ഒരു സുഖോയ് 34 യുദ്ധ വിമാനം റഷ്യയിലെ യെസ്‌ക് നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലേക്ക് തകര്‍ന്നു വീണതിനെ തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്