റഷ്യന്‍ കോടീശ്വരിക്ക് ജീവിതം നല്‍കാന്‍ യുക്രൈന്‍ കോടീശ്വരന്‍, പ്രണയം പരസ്യബോര്‍ഡിലൂടെ!

Published : Dec 20, 2022, 07:03 PM IST
റഷ്യന്‍ കോടീശ്വരിക്ക് ജീവിതം നല്‍കാന്‍ യുക്രൈന്‍  കോടീശ്വരന്‍, പ്രണയം പരസ്യബോര്‍ഡിലൂടെ!

Synopsis

മരിയ മൊലോനോവ എന്ന 26-കാരിയായ റഷ്യന്‍ കോടീശ്വരിയുടെ ജീവിതത്തിലേക്കാണ്, പരസ്യ ബോര്‍ഡിലൂടെ യുക്രൈനില്‍നിന്നുള്ള സെര്‍ഹി കാര്‍കുഷ എന്ന 25-കാരനായ കോടീശ്വരന്‍ കടന്നുവന്നത്.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന്, റഷ്യയില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിരോധിച്ചപ്പോഴാണ് കോടീശ്വരിയായ റഷ്യന്‍ യുവതി ജീവിത പങ്കാളിയെ കണ്ടെത്താന്‍ പുതിയ മാര്‍ഗം തേടിയത്-പരസ്യ ബോര്‍ഡുകള്‍. അനുയോജ്യനായ പങ്കാളിയെ ആവശ്യമുണ്ടെന്ന് പറഞ്ഞ് വിവിധ നഗരങ്ങളില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു ഇവര്‍. ഇപ്പോള്‍, അവര്‍ക്ക് അനുയോജ്യനായ ഒരു പങ്കാളിയെ കിട്ടിയിരിക്കുന്നു. റഷ്യയുമായി യുദ്ധം ചെയ്യുന്ന യുക്രൈനില്‍നിന്നുള്ള കോടീശ്വരനായ ഒരു യുവാവ്!  റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത എതിരാളിയായ ഈ യുവാവ് റഷ്യന്‍ കോടീശ്വരിയോട് തനിക്കുള്ള പ്രണയം വെളിപ്പെടുത്തി മറ്റൊരു പരസ്യബോര്‍ഡ് സ്ഥാപിക്കുകയാണ് ചെയ്തത്. ഇത് ശ്രദ്ധയില്‍ പെട്ട റഷ്യന്‍ കോടീശ്വരി ഈ ആലോചന സ്വീകരിക്കാന്‍ തീരുമാനിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മരിയ മൊലോനോവ എന്ന 26-കാരിയായ റഷ്യന്‍ കോടീശ്വരിയുടെ ജീവിതത്തിലേക്കാണ്, പരസ്യ ബോര്‍ഡിലൂടെ യുക്രൈനില്‍നിന്നുള്ള സെര്‍ഹി കാര്‍കുഷ എന്ന 25-കാരനായ കോടീശ്വരന്‍ കടന്നുവന്നത്. രസകരമായിരുന്നു അവരുടെ കണ്ടെത്തലും അതിനെത്തുടര്‍ന്ന് ഒരുമിക്കാനുള്ള തീരുമാനവും. 

 

 

യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് റഷ്യക്കാര്‍ ഡേറ്റിംഗ് ആപ്പുകളില്‍നിന്നും പുറത്തായത്. റഷ്യയില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയായിരുന്നു ഇത്. അങ്ങനെയാണ്, കോടീശ്വരിയായ മരിയ പങ്കാളിയെ കണ്ടെത്താന്‍ പരസ്യബോര്‍ഡുകള്‍ ഉപയോഗിച്ചത്. വിവിധ പട്ടണങ്ങളില്‍ അവര്‍ തന്റെ കൂറ്റന്‍ ഫോട്ടോയുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇത് പെട്ടെന്നു തന്നെ വാര്‍ത്തയായി. വാര്‍ത്തയിലൂടെ ഇക്കാര്യമറിയുകയും മരിയയുടെ പരസ്യപ്പലകകള്‍ കാണുകയും ചെയ്തതോടെയാണ് സെര്‍ഹി കാര്‍കുഷ ഇതിനോട് പ്രതികരിക്കാന്‍ തീരുമാനിച്ചത്. 

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ കടുത്ത എതിരാളിയാണ് സെര്‍ഹി. യുക്രൈന് വേണ്ടി വലിയ തോതില്‍ ധനസമാഹരണം നടത്തിയ സെര്‍ഹി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ എതിരാളിയുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മരിയ കൊള്ളാമെന്നാണ് ഇയാള്‍ പറയുന്നത്. ''മരിയ ക്രിയേറ്റീവാണ്. എനിക്ക് എല്ലാ റഷ്യക്കാരോടും പ്രശ്‌നമില്ല. ഞങ്ങളുടെ രാജ്യത്തെ നശിപ്പിക്കാന്‍ നടക്കുന്നവരോട് മാത്രമാണ് പ്രശ്‌നം. അതിനാല്‍, മരിയയുമായി ബന്ധമുണ്ടാക്കുന്നതില്‍ എനിക്ക് പ്രശ്‌നമേയില്ല.''അമേരിക്കന്‍ ടാബ്‌ളോയിഡായ ന്യൂയോര്‍ക്ക് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ സെര്‍ഹി പറഞ്ഞു. 

 

 

റഷ്യയില്‍ കഴിയുന്ന മരിയയോടുള്ള തന്റെ പ്രണയം നേരിട്ടറിയിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല സെര്‍ഹി. അതിനാല്‍, തന്റെ കൂറ്റന്‍ പടവുമായി അയാള്‍ മറ്റൊരു പരസ്യപ്പലക സ്ഥാപിച്ചു. 'ഞാന്‍ തയ്യാറാണ്' എന്നതായിരുന്നു മരിയയ്ക്കുള്ള ഇയാളുടെ മറുപടി. ഇതും വാര്‍ത്തയായതോടെ ഇക്കാര്യം മരിയയും അറിഞ്ഞു. 

സെര്‍ഹിയെ തനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് മരിയ പറയുന്നത്. തന്നെ പോലെ തന്നെയാണ് സെര്‍ഹി എന്നും അയാളോടുള്ള ബന്ധത്തില്‍ താല്‍പ്പര്യമുണ്ടെന്നും മരിയ മാധ്യമങ്ങളോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?