ഐ പി എസുകാരനാണെന്ന് പറഞ്ഞ് സ്ത്രീകളില്‍നിന്നും കാശുതട്ടി, ചായക്കടക്കാരന്‍ പിടിയില്‍

Published : Dec 20, 2022, 06:56 PM IST
ഐ പി എസുകാരനാണെന്ന് പറഞ്ഞ് സ്ത്രീകളില്‍നിന്നും കാശുതട്ടി, ചായക്കടക്കാരന്‍ പിടിയില്‍

Synopsis

എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയശേഷം ചായക്കട നടത്തിയിരുന്ന ഇയാള്‍ ഐ പി എസുകാരനാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു  

സിവില്‍ സര്‍വീസ് പരിശീലനത്തിന് പേരു കേട്ട സ്ഥലമാണ് വടക്കന്‍ ദില്ലിയിലെ മുഖര്‍ജി നഗര്‍. ഇവിടെയുള്ള സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളിലേക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ചെറുപ്പക്കാര്‍ വരുന്നുണ്ട്. ഇതിനടുത്തുള്ള വാടകവീടുകളിലാണ് ഇവരില്‍ പലരും താമസിക്കുന്നത്. അതിനിടയിലാണ് ഇവിടെയുള്ള ഒരു ചായക്കടക്കാരന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഐ പി എസ് സെലക്ഷന്‍ കിട്ടി എന്നു പറഞ്ഞ് സൗഹൃദമുണ്ടാക്കി പ്രൊഫഷണലുകള്‍ അടക്കമുള്ള സ്ത്രീകളില്‍നിന്നും കാശു തട്ടിയാണ് എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയ ഈ ചെറുപ്പക്കാരന്‍ വാര്‍ത്തയായി മാറിയത്. ഒരു ഡോക്ടറുടെ പരാതിയില്‍ ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. 

വികാസ് ഗൗതം എന്ന 30-കാരനാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇരകളെ പരിചയപ്പെടുകയും അവരില്‍നിന്നും കാശു തട്ടുകയും ചെയ്ത് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായത്. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ ദില്ലിയില്‍ എത്തിയത്. ഇവിടെയുള്ള പ്രശസ്തമായ ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിനു മുന്നിലുള്ള ചായക്കടയിലായിരുന്നു ഇയാള്‍ക്ക് ജോലി. സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്ന നിരവധി പേരുമായി ഇങ്ങനെയാണ് ഇയാള്‍ പരിചയമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. 

ചായക്കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് വികാസ് ഗൗതം തട്ടിപ്പ് ആരംഭിച്ചത്. 2020-ലെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നതിനു പിന്നാലെ, തന്റെ പേര് വികാസ് യാദവ് ഐ പി എസ് എന്നാണെന്ന് പറഞ്ഞ് ഇയാള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് ആരംഭിച്ചു. വികാസ് യാദവ് ഐ പി എസ് എന്ന പേരിലുള്ള അക്കൗണ്ടിലൂടെ ഇയാള്‍ നിരവധി പേരുമായി പരിചയപ്പെട്ടു. ipsvikashyadav9@gmail.com എന്ന ഇ മെയില്‍ ഐഡി ഉണ്ടാക്കിയാണ് ഇയാള്‍ അതേ പേരില്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ തുറന്നത്. തുടര്‍ന്ന്, വിവിധ പ്രൊഫഷനലുകളില്‍ ജോലി ചെയ്യുന്ന പലരും ഇയാളുടെ സുഹൃത്തായി മാറി. സ്ത്രീകളായിരുന്നു ഇവരില്‍ കൂടുതലും. വികാസ് യാദവ് ഐ പി എസ് എന്ന പേരിലുള്ള വ്യാജ ഐ ഡി കാര്‍ഡും ആധികാരികതയ്ക്കായി ഇയാള്‍ ഉപയോഗിച്ചു. പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പമുണ്ടാക്കിയ ഇയാള്‍ ഇവരില്‍നിന്നും പല കാര്യങ്ങള്‍ പറഞ്ഞ് പണം വാങ്ങിക്കുകയും മുങ്ങുകയുമായിരുന്നു. 

അതിനിടെയാണ്, ദില്ലിയിലെ ഒരു വനിതാ ഡോക്ടര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഐപിഎസുകാരനാണ് എന്ന് പറഞ്ഞ് ഇയാള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതായായിരുന്നു പരാതി. തന്റെ കൈയില്‍നിന്നും 25,000 രൂപ ഇയാള്‍ വാങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ശരിയാണെന്ന് തെളിഞ്ഞു. ഇയാളുടെ ഇന്‍സ്റ്റ ഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനു തെളിവായി. ഇയാളുടെ ഫോണില്‍ പരിശോധന നടത്തിയപ്പോള്‍ ഇതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഈ വ്യാജ ഐപിഎസുകാരനെ പിടികൂടുകയായിരുന്നുവെന്ന് ഔട്ടര്‍ ദില്ലി ഡിസിപി ഹരേന്ദ്ര കെ സിംഗ് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ആദ്യം ഇയാള്‍ നിഷേധിച്ചുവെങ്കിലും ഫോണില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ഇക്കാര്യം ഇയാള്‍ സമ്മതിച്ചതായും ഡി സി പി പറഞ്ഞു.  
 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?