യുക്രൈനെതിരെ യുദ്ധം വയ്യ, ആളുകളെ കൊല്ലാന്‍ വയ്യ; റഷ്യന്‍ റാപ്പര്‍ ആത്മഹത്യ ചെയ്തു

By Web TeamFirst Published Oct 4, 2022, 9:39 AM IST
Highlights

'നിങ്ങള്‍ ഈ വീഡിയോ കാണുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല' എന്ന് 16 സെക്കന്‍റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ പറയുന്നു.

യുക്രൈനെതിരെ യുദ്ധം നയിക്കാന്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിന്‍റെ നിര്‍ദ്ദേശം വന്നിരിക്കയാണ് റഷ്യയില്‍. എന്നാല്‍, യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറാവാതെ ഒരു റഷ്യന്‍ റാപ്പര്‍ ജീവനൊടുക്കി. 'എന്ത് ആദര്‍ശത്തിന്‍റെ പേരിലായാലും താന്‍ കൊല്ലാന്‍ തയ്യാറല്ല' എന്നും പറഞ്ഞാണ് റാപ്പര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 

വാക്കി എന്ന് അറിയപ്പെടുന്ന ഇവാന്‍ വിറ്റാലിയേവിച്ച് പെറ്റൂണിന്‍ ആണ് വെള്ളിയാഴ്ച ഒരു ബഹുനില കെട്ടിടത്തിന്‍ മുകളില്‍ നിന്നും എടുത്ത് ചാടി ആത്മഹത്യ ചെയ്തത്. ക്രാസ്നോദർ നഗരത്തിലായിരുന്നു ഇവാന്‍ ആത്മഹത്യ ചെയ്തത് എന്ന് റഷ്യന്‍ മാധ്യമമായ 93.ru റിപ്പോര്‍ട്ട് ചെയ്തു. ഇവാന്‍റെ മരണം അദ്ദേഹത്തിന്‍ കാമുകിയും അമ്മയും സ്ഥിരീകരിച്ചു. പത്താമത്തെ നിലയില്‍ നിന്നും എടുത്ത് ചാടിയാണ് ഇവാന്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം തന്‍റെ ആത്മഹത്യയെ കുറിച്ച് പറയുന്ന ഒരു വീഡിയോ ചിത്രീകരിക്കുകയും സ്വന്തം ടെലഗ്രാം ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. 

'നിങ്ങള്‍ ഈ വീഡിയോ കാണുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടാവില്ല' എന്ന് 16 സെക്കന്‍റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ പറയുന്നു. 'കൊലപാതകതമെന്ന പാപം എന്‍റെ ആത്മാവില്‍ വഹിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ആദര്‍ശത്തിന് വേണ്ടിയും കൊലപാതകം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. യുദ്ധത്തിലായാലും അല്ലാതെയും ഒരാളെ കൊല്ലുക എന്നത് എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ്. എന്‍റെ പ്രിയപ്പെട്ടവര്‍ എന്നോട് പൊറുക്കണം. എന്നാല്‍, ചില നേരത്ത് നിങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് മരണം തെരഞ്ഞെടുക്കാം. എന്‍റെ അവസാനത്തെ തീരുമാനം ഞാന്‍ എങ്ങനെ മരിക്കണം എന്നതാണ്' എന്നും ഇവാന്‍ തന്‍റെ വീഡിയോയില്‍ പറഞ്ഞു. 

സ്പോട്ടിഫൈയില്‍ മാസത്തില്‍ 40,000 കേള്‍വിക്കാര്‍ ഇവാനുണ്ട്. Нейротоксин എന്ന ഇവാന്‍റെ പാട്ട് രണ്ട് മില്ല്യണിലധികം തവണയാണ് കേട്ടത്. 2013 മുതല്‍ ഇവാന്‍ മ്യൂസിക് റിലീസ് ചെയ്യുന്നുണ്ട്. ഇവാന്‍ നേരത്തെ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും പിന്നാലെ മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയേണ്ടി വന്നിരുന്നു എന്നും പറയുന്നു. കാമുകിക്ക് എഴുതിയ കത്തിലും ഇവാന്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് എഴുതിയിരുന്നു. 

click me!