
ബോംബ് ഷെൽട്ടറിലേക്കുള്ള വഴിയിലൂടെ അതിവേഗത്തിൽ ഓടുന്ന ഒരു പൂച്ച. ഉക്രെയ്നിൽ നിന്നുള്ള ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. ഇടയ്‍ക്കിടെ ഷെല്ലാക്രമണമുണ്ടാകാറുള്ള ഉക്രെയ്നിലെ ഒഡെസയിലുള്ള പൂച്ചയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വ്യോമാക്രമണ മുന്നറിയിപ്പിനിടെ, തന്റെ വളർത്തുപൂച്ച ഷെൽട്ടറിലേക്കുള്ള കോറിഡോറിലൂടെ ഓടുന്നതും ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നതുമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് പൂച്ചയുടെ ഉടമയായ വിക്ടോറിയ ഇൽകിവ് തന്നെയാണ്. ആദ്യം ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറുകയായിരുന്നു.
ഉക്രെയ്‍നിലെ സോഷ്യോ പൊളിറ്റിക്കൽ ഓൺലൈൻ മീഡിയയായ Ukrainska Pravda സംസാരിക്കുകയായിരുന്നു വിക്ടോറിയ. അഞ്ച് വയസാണ് ഇപ്പോൾ അവരുടെ പൂച്ചയ്ക്ക്. വിക്ടോറിയയും ഭർത്താവും ഒരു ഷെൽട്ടറിൽ നിന്നാണ് പൂച്ചയെ ദത്തെടുത്തത്. വീട്ടിലെത്തിയതിന് പിന്നാലെ പൂച്ച ബോംബാക്രമണ മുന്നറിയിപ്പുണ്ടാകുമ്പോൾ ഓടേണ്ടുന്ന ഏറ്റവും സുരക്ഷിതമായ വഴികൾ മനസിലാക്കുകയും സൈറൺ മുഴങ്ങുമ്പോഴെല്ലാം ഉടമകൾക്കൊപ്പം അങ്ങോട്ട് ഓടുകയുമായിരുന്നു.
'എന്റെ ഭർത്താവിന് എപ്പോഴും ഒരു പൂച്ചയെ സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് ഒരു ഷെൽട്ടറിൻറെ പോസ്റ്റ് കണ്ടത്. അവർ അവരുടെ പൂച്ചയ്ക്ക് ഒരു സുരക്ഷിതമായ കുടുംബത്തെ തേടുന്നു എന്നായിരുന്നു പോസ്റ്റ്. അവളുടെ നേരത്തെയുള്ള ഉടമ രോഗത്തെ തുടർന്ന് മരണപ്പെട്ടതിനെ തുടർന്നാണ് പൂച്ച ഷെൽട്ടറിൽ എത്തിച്ചേർന്നത്.'
'അപ്പോൾ തന്നെ ഞങ്ങൾക്കവളെ ഇഷ്ടമായി. അടുത്ത ദിവസം തന്നെ അവളെ കൂടെക്കൂട്ടാനായി ഷെൽട്ടറിലെത്തി. 25 പൂച്ചകളുള്ള നാല് മുറികളുള്ള ഒരു അപ്പാർട്ട്മെന്റായിയിരുന്നു ആ ഷെൽട്ടർ. ഞങ്ങൾക്ക് ഇഷ്ടമുള്ള ആരെയും തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ ഈ പൂച്ചക്കുട്ടി അടുത്തേക്ക് വന്ന് ഞങ്ങളുടെ കൈകളിലിരുന്നു. അപ്പോൾ തന്നെ അവൾ ഞങ്ങളുടേതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി, ഒരു മടിയും കൂടാതെയാണ് ഞങ്ങൾ അവളെ വീട്ടിലേക്ക് കൊണ്ടുവന്നത്' എന്നും 32 -കാരിയായ വിക്ടോറിയ ഇൽകിവ് പറയുന്നു.
വരുമ്പോൾ അവളിത്ര ധൈര്യവതിയായിരുന്നില്ല. സൈറൺ മുഴങ്ങുമ്പോഴെല്ലാം അവളെയും തങ്ങൾ ബോംബ് ഷെൽട്ടറിലേക്ക് കൊണ്ടുപോവുമായിരുന്നു എന്ന് വിക്ടോറിയ പറയുന്നു. വീട്ടിൽ ആരുമില്ലെങ്കിൽ അവൾ കട്ടിലിനടിയിൽ ഒളിക്കും. ഇപ്പോൾ സൈറൺ മുഴങ്ങുമ്പോൾ അവൾ ആദ്യം ഓടും. അത് തന്നെയാണ് വീഡിയോയിലും കാണുന്നത്. ഒപ്പം തന്റെ ഉടമകൾ വരുന്നില്ലേ എന്ന് അവൾ തിരിഞ്ഞ് നോക്കുന്നതും കാണാം.
ഏതുനേരവും ജീവനെപ്രതി ആശങ്കപ്പെടേണ്ടുന്ന ഒരു ജനതയെയും യുദ്ധത്തിന്റെ ഭീകരതയേയും വെളിപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇത് എന്നാണ് സോഷ്യൽ മീഡിയയിൽ അനേകങ്ങൾ കുറിച്ചത്.