
യുഎസില്‍ നിന്നും അസാധാരണമായ രോഗത്തെയുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഭയം ജനിപ്പിച്ചു. വീടുകളിലെ പൂന്തോട്ടങ്ങളിലും മറ്റും ഇവയുടെ സാന്നധ്യം കൂടിയതോടെ ഇവയുടെ ചിത്രങ്ങൾ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇതോടെ അത് ഒരു തരം വൈറസ് ബാധയാണെന്നും അത്തരത്തില്‍ രോഗ ബാധയുള്ള മൃഗങ്ങളെ തൊടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മുഴകൾക്ക് കാരണമാകുന്ന ഒരു വൈറസായ 'സ്ക്വിറൽ ഫൈബ്രോമാറ്റോസിസ്' (squirrel fibromatosis) കാരണം മൃഗങ്ങളിൽ വ്രണങ്ങളും കഷണ്ടി പാടുകളും ചിലപ്പോൾ കൊമ്പ് പോലുള്ള രൂപങ്ങളും കണ്ടിട്ടുണ്ട്. 2023 മുതല്‍ ഇത്തരത്തിൽ രേഗബാധയുള്ള ജീവികളെ യുഎസിലെ വനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയിലെ ചാരനിറത്തിലുള്ള അണ്ണാൻമാരിൽ കാണപ്പെടുന്ന ഒരു വൈറസി ബാധയാണിത്. അരിമ്പാറ പോലെ തോന്നിക്കുന്ന വലിയ മുഴകൾ അണ്ണാന്മാരുടെ തൊലിപ്പുറത്ത് വളരുന്നതാണ് രോഗാവസ്ഥ. ഇത് കാഴ്ചയില്‍ ഭയം ജനിപ്പിക്കുന്നതിനാല്‍ ജനങ്ങൾ ഇവയെ 'സോംബി' എന്ന് വിശേഷിപ്പിക്കുന്നതായി ലാഡ്ബൈബിൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് ബാധ കാരണമുണ്ടാകുന്ന ഇത്തരം അരിമ്പാറകളിൽ നിന്ന് പഴുപ്പ് പുറത്തുവരാൻ സാധ്യതയുണ്ട്, സാധാരണയായി ഊ രോഗം ബാധിച്ച മൃഗങ്ങൾ സുഖപ്പെടുന്നാതായാണ് കാണാറ്. എന്നാല്‍ ചിലപ്പോഴൊക്കെ രോഗം ആന്തരിക അവയവങ്ങളെ ബാധിക്കുകയും ഇത് ചെറിയ ജീവികളുടെ മരണത്തിന് കാരണമാവുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
പൂന്തോട്ടങ്ങളില്‍ പക്ഷികൾക്ക് തീറ്റ വയ്ക്കുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് വിദഗ്ദർ പറയുന്നത്. രോഗ ബാധയുള്ള അണ്ണാന്‍ ഇത്തരം സ്ഥലങ്ങളിലെത്തി തീറ്റ എടുക്കുന്നതോടെ രോഗം മറ്റ് അണ്ണാനുകളിലേക്കും വ്യാപിക്കാന്‍ കാരണമാകുന്നു. എന്നാല്‍ മനുഷ്യരിലേക്ക് 'സോംബി സ്ക്വിറൽ വൈറസ്' പിടിപെടാനുള്ള സാധ്യത കുറവാണെന്നും വിദഗ്ദർ പറയുന്നുണ്ടെങ്കിലും രോഗബാധിതരായ അണ്ണാന്മാരെ സ്പർശിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നേരത്തെ മുയലുകളിലും സമാനമായ രോഗ ബാധ യുഎസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുയലുകളുടെ തലയില്‍ മുഴകൾ രൂപപ്പെട്ടത് പോലെയായിരുന്നു അത്. ഷോപ്പ് പാപ്പിലോമ വൈറസ് (CPRV) ബാധിച്ച 'ഫ്രാങ്കൻസ്റ്റൈൻ മുയലുകൾ' എന്നാണ് ഇത്തരം മുയലുകള്‍ അറിയപ്പെടുന്നത്. മുയലുകൾക്ക് പിന്നാലെ സമാനമായ രോഗ ബാധയുള്ള മാനുകളെയും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാന്മാരിലും സമാനമായ മറ്റൊരു രോഗം കണ്ടെത്തിയത്.