പുടിനെതിരെ ഒറ്റയാൾ സമരവുമായി റഷ്യൻ വനിത, സൂചിയും നൂലുമായി വായ തുന്നിക്കെട്ടി...

By Web TeamFirst Published May 9, 2022, 3:45 PM IST
Highlights

അവളെ പിന്നീട് കിഴക്കൻ നഗരമായ യെക്കാറ്റെറിൻബർഗിൽ വച്ച് പൊലീസ് പിടികൂടി. ഒവിഡി-ഇൻഫോ എന്ന ഒരു മനുഷ്യാവകാശ ഗ്രൂപ്പിന്റെ പ്രതിനിധികളോട് അവൾ പറഞ്ഞു: “എന്റെ വായ ശരിക്കും ഒരു സൂചിയും നൂലും ഉപയോഗിച്ച് ഞാൻ തന്നെ തുന്നിച്ചേർത്തതാണ്."

പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ(Vladimir Putin)തിരെ പ്രതിഷേധവുമായി റഷ്യൻ വനിത (Russian woman) നദീഷ്ദ സെയ്ഫുട്ടിനോവ (Nadezhda Sayfutdinova). റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരായുള്ള പ്രതിഷേധങ്ങൾ സെൻസർ ചെയ്യാനുള്ള പുടിന്റെ തീരുമാനത്തിൽ രോഷാകുലയായി യുവതി വായ തുന്നിക്കെട്ടിയാണ് തന്റെ എതിർപ്പ് പ്രകടിപ്പിച്ചത്. 30 വയസ്സുള്ള ആക്ടിവിസ്റ്റായ നദീഷ്ദ വായ് മൂടി കെട്ടി ഒരു ബാനറുമായി തെരുവിൽ ഇറങ്ങി. വ്‌ളാഡിമിർ പുടിന്റെ യുദ്ധവിരുദ്ധ സെൻസർഷിപ്പിനെതിരെ ഒറ്റയ്ക്ക് നിന്നായിരുന്നു അവളുടെ പ്രതിഷേധം. എന്നാൽ, ഇതിനെ തുടർന്ന് അവളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ഇപ്പോൾ വിചാരണ നേരിടുകയാണ്.  

ബുധനാഴ്ചയായിരുന്നു അറസ്റ്റ്. അവളുടെ ഈ ഒറ്റയാൾ പോരാട്ടത്തിനെ അടിച്ചമർത്താനായി പൊലീസ് ബലം പ്രയോ​ഗിച്ച് അവളെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി തള്ളാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അതോടെ ആളുകൾ ഇളകി. അവർക്ക് ആ പദ്ധതി ഒടുവിൽ ഉപേക്ഷിക്കേണ്ടി വന്നു. തെരുവിൽ അവൾ ഒരു ബോർഡ് ഉയർത്തിപ്പിടിച്ചായിരുന്നു നിന്നത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങൾക്ക് മിണ്ടാതിരിക്കാനാവില്ല!!! നിങ്ങൾക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല !!! അതിന് നൽകുന്ന വില നമ്മുടെ മനഃസാക്ഷിയാണ്. യുദ്ധം സമാധാനമല്ല!!! സ്വാതന്ത്ര്യം അടിമത്തമല്ല!!! അറിവില്ലായ്‌മ ശക്തിയല്ല!!!"

അവളെ പിന്നീട് കിഴക്കൻ നഗരമായ യെക്കാറ്റെറിൻബർഗിൽ വച്ച് പൊലീസ് പിടികൂടി. ഒവിഡി-ഇൻഫോ എന്ന ഒരു മനുഷ്യാവകാശ ഗ്രൂപ്പിന്റെ പ്രതിനിധികളോട് അവൾ പറഞ്ഞു: “എന്റെ വായ ശരിക്കും ഒരു സൂചിയും നൂലും ഉപയോഗിച്ച് ഞാൻ തന്നെ തുന്നിച്ചേർത്തതാണ്." എന്നാൽ മുറിവുകൾ എത്രത്തോളമുണ്ട് എന്ന് പരിശോധിക്കാനും, നൂലുകൾ നീക്കം ചെയ്യാനും പൊലീസ് അവളെ ഒരു ആംബുലൻസിൽ കയറ്റി കൊണ്ടുപോയി. പൊലീസ് അവളെ ആദ്യം ഒരു ട്രോമ ക്ലിനിക്കിലേക്കും പിന്നീട് നഗരത്തിലെ സൈക്യാട്രിക് ക്ലിനിക്കിലേക്കുമാണ് കൊണ്ടുപോയത്. അവളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അവളുടെ അഭിഭാഷകനായ ഫെഡോർ അക്ചെർമിഷേവും ഒവിഡി-ഇൻഫോയും ആളുകളുടെ പിന്തുണ ആവശ്യപ്പെട്ടു. നദീഷ്ദയെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുന്നതും, നിർബന്ധിതമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും തടയാൻ നിങ്ങൾക്ക് ക്ലിനിക്കുമായി ബന്ധപ്പെടാമെന്ന് അവർ ഒരു പ്രസ്താവനയിൽ ആളുകളോട് ആവശ്യപ്പെട്ടു.  

അവളെ തടവിൽ പാർപ്പിച്ച സമയം പൊലീസ് ഒരു സൈക്യാട്രിക് ടീമിനെ വിളിച്ചു വരുത്തി. തുടർന്ന് അവളെ അവിടേയ്ക്ക് കൊണ്ടുപോകാൻ ബലപ്രയോഗത്തിലൂടെ ശ്രമിച്ചു. എന്നാൽ, താൻ വഴങ്ങില്ല എന്നവൾ പറഞ്ഞു. ഒടുവിൽ വലിയ ജനരോഷത്തെത്തുടർന്ന് ഭരണകൂടത്തിന് അവളെ വിട്ടയക്കേണ്ടി വന്നു. "എന്നെ സഹായിക്കാൻ ശ്രമിച്ച ആളുകളോട് ഞാൻ വളരെ നന്ദിയുള്ളവളാണ്" അവൾ പറഞ്ഞു. എന്നാൽ, അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും, റഷ്യൻ സായുധസേനയെ അപകീർത്തിപ്പെടുത്തിയതിന് അവൾ ഇപ്പോഴും കോടതി നടപടികൾ നേരിടുകയാണ്.  
 

click me!