Ukraine Crisis : ലോകപ്രശസ്ത ഫിലിം മേക്കറിനെ യുക്രൈനില്‍ റഷ്യന്‍ സൈന്യം വെടിവെച്ചുകൊന്നു

Web Desk   | Asianet News
Published : Mar 14, 2022, 05:15 PM IST
Ukraine Crisis : ലോകപ്രശസ്ത ഫിലിം മേക്കറിനെ യുക്രൈനില്‍  റഷ്യന്‍ സൈന്യം വെടിവെച്ചുകൊന്നു

Synopsis

പ്രശസ്ത അമേരിക്കന്‍ ഫിലിം മേക്കറിനെ റഷ്യന്‍ സൈന്യം വെടിവെച്ചുകൊന്നു.  സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്നും നിരവധി മാധ്യമങ്ങള്‍ക്കു വേണ്ടി ഡോക്യുമെന്ററികള്‍ നിര്‍മിച്ച് പ്രശസ്തനായ യുഎസ് ഫിലിം മേക്കറും മാധ്യമപ്രവര്‍ത്തകനുമായ ബ്രെന്റ് റെനോദാണ് കൊല്ലപ്പെട്ടത്. 

യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്നും പലായനം ചെയ്യുന്ന സാധാരണ മനുഷ്യരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ പ്രശസ്ത അമേരിക്കന്‍ ഫിലിം മേക്കറിനെ റഷ്യന്‍ സൈന്യം വെടിവെച്ചുകൊന്നു.  സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്നും നിരവധി മാധ്യമങ്ങള്‍ക്കു വേണ്ടി ഡോക്യുമെന്ററികള്‍ നിര്‍മിച്ച് പ്രശസ്തനായ യുഎസ് ഫിലിം മേക്കറും മാധ്യമപ്രവര്‍ത്തകനുമായ ബ്രെന്റ് റെനോദാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ മാധ്യമപ്രവര്‍ത്തകനുമൊന്നിച്ച് കാറില്‍ സഞ്ചരിച്ച് അഭയാര്‍ത്ഥി പ്രവാഹ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ, ഇവരുടെ വാഹനത്തിനു നേര്‍ക്ക് റഷ്യന്‍ സേന നിറയൊഴിക്കുകയായിരുന്നു. ടൈം മാഗസിന്റെ ഭാഗമായ ൈടം സ്റ്റുഡിയോയ്ക്കു വേണ്ടി അഭയാര്‍ത്ഥി പ്രശ്‌നങ്ങളെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കുന്നതിന് യുക്രൈനില്‍ എത്തിയതായിരുന്നു ഇദ്ദേഹം. 

കീവിനു നേര്‍ക്ക് റഷ്യന്‍ വ്യോമസേന നടത്തുന്ന ആക്രമണങ്ങളെതുടര്‍ന്ന് വീടുപേക്ഷിച്ച് പലായനം ചെയ്യുന്ന സിവിലിയന്‍മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ്, പ്രകോപനമില്ലാതെ റഷ്യന്‍ സൈന്യം തങ്ങളുടെ വാഹനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയതെന്ന് ബ്രെന്റ് റെനോദിനൊപ്പം ഉണ്ടായിരുന്ന ജുവാന്‍ ആറെന്‍ഡോന്‍ഡോ യുക്രൈനിലെ ആശുപത്രിക്കിടക്കയില്‍വെച്ച് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരാണ് എന്നു വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തിലായിരുന്നു തങ്ങള്‍. മാധ്യമ പ്രവര്‍ത്തകരാണ് എന്നു തെളിയിക്കുന്ന ഐഡി കാര്‍ഡും ധരിച്ചിട്ടുണ്ടായിരുന്നതായി ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജുവാന്‍  ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുതൊട്ടു മുമ്പാണ് ജുവാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

 

 

കീവിന്റെ പ്രാന്ത പ്രദേശത്തുള്ള ഇര്‍വിനിലെ ഒരു പാലത്തിനടുത്തു വെച്ചാണ് സംഭവമെന്ന് യുക്രൈന്‍ പൊലീസ് പറഞ്ഞു. ഇവിടെ റഷ്യ സ്ഥാപിച്ച ചെക്ക്‌പോസ്റ്റിനരികിലൂടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. അഭയാര്‍ത്ഥികള്‍ പാലത്തിലൂടെ കടന്നുപോവുന്നത് ചിത്രീകരിക്കുകയായിരുന്നു സംഘമെന്നും വാര്‍ത്താ കുറിപ്പില്‍ യുക്രൈന്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇതുവരെ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍, ഫിലിം മേക്കര്‍, ഡോക്യുമെന്ററി നിര്‍മാതാവ് എന്നീ നിലകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ബ്രെന്റ് റെനോദ് ലോകത്തെ മുന്‍നിര മാധ്യമങ്ങള്‍ക്കു വേണ്ടി അനേകം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. വൈസ് ന്യൂസിനു വേണ്ടി നിര്‍മിച്ച ഒരു ഡോക്യുമെന്ററിക്ക് പീബോഡി അവാര്‍ഡ് നേടിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ ചെന്ന് അപകടകരമായ സാഹചര്യങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിരുന്ന ബ്രെന്റ് റെനോദിന്റെ സന്തത സഹചാരി സഹോദരനും ഫിലിം മേക്കറുമായ ക്രെയിഗ് റെനോദായിരുന്നു. യുദ്ധമുഖങ്ങളിലും സംഘര്‍ഷ കേന്ദ്രങ്ങളിലുും ഇരുവരും ഒരുമിച്ച് സഞ്ചരിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. ഇറാഖ്, അഫ്ഗാനിസ്താന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഇദ്ദേഹം ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, ടൈം, സിബിഎസ്, വൈസ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കു വേണ്ടി ശ്രദ്ധേയമായ ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നീമെന്‍ ഫൗണ്ടേഷന്‍ ഫെലോ ആയിരുന്നു ബ്രെന്റ് റെനോദ്. സഹോദരന്‍ ക്രെയിഗ് റെനോദും നീമെന്‍ ഫൗണ്ടേഷന്‍ ഫെലോ ആയിരുന്നു. 

ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത എന്നാല്‍, തങ്ങള്‍ക്കു വേണ്ടിയല്ല ബ്രെന്റ് റെനോദ് യുക്രൈനില്‍ എത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പിന്നീട് അറിയിച്ചു. തങ്ങള്‍ക്കു വേണ്ടി നേരത്തെ നിരവധി പ്രൊജക്ടുകള്‍ ചെയ്ത ബ്രെന്റ് ഇത്തവണ മറ്റേതോ പ്രൊജക്ടിനു വേണ്ടിയാവണം അവിടെ എത്തിയത് എന്നും ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബ്രെന്റിന്റെ കൈയില്‍നിന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു ഐഡി കാര്‍ഡ് കിട്ടിയിരുന്നു. ഇത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ് എന്നും ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചു. 

അതിനിടെ തങ്ങള്‍ക്കു വേണ്ടിയാണ് ബ്രെന്റ് യുക്രൈനില്‍ എത്തിയതെന്ന് ടൈം മാഗസിന്‍ അറിയിച്ചു. ടൈം സ്റ്റുഡിയോക്കു വേണ്ടിയുള്ള ഒരു പ്രൊജക്ടിനു വേണ്ടിയാണ് ബ്രെന്റ് യുക്രൈനില്‍ എത്തിയതെന്നും ടൈം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും