
ആമസോൺ മഴക്കാടുകൾ(Amazon rainforest) മരങ്ങൾ കൂട്ടത്തോടെ നശിക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഗവേഷകർ. വരൾച്ച, തീ, വനനശീകരണം(droughts, fires and deforestation) എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് കരകയറാനുള്ള കഴിവ് ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾക്ക് നഷ്ടമാകുന്നതായും ഒരു പഠനം സൂചിപ്പിക്കുന്നു.
വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നതിൽ ഉഷ്ണമേഖലാ വനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കാര്യക്ഷമത മാത്രമുള്ള വനങ്ങൾ മാത്രമായി ഇത് മാറിയേക്കാം എന്നും ഇതെല്ലാം ആഗോളതാപനത്തിന് കാരണമായിത്തീർന്നേക്കാം എന്നും പഠനം പറയുന്നു. അതേസമയം, ആമസോണിന്റെ ഭാഗങ്ങൾ ഇപ്പോൾ ആഗിരണം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതായി മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
"മരങ്ങൾക്ക് ആരോഗ്യം നഷ്‌ടപ്പെടുന്നു, അവ ഒരു പ്രധാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അടിസ്ഥാനപരമായി, മരങ്ങൾ കൂട്ടത്തോടെ നശിക്കുകയാണ്" എന്ന് എക്‌സെറ്റർ സർവകലാശാലയിലെ ഡോ. ക്രിസ് ബോൾട്ടൺ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിന്റെ സാറ്റലൈറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ആമസോൺ മഴക്കാടുകളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഭയാനകമായ കാര്യങ്ങളാണ് സംഭവിക്കുന്നത് എന്നും ഗവേഷകർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, തീപിടിത്തം തുടങ്ങിയ മനുഷ്യരുണ്ടാക്കിയ ആഘാതം കാരണം ഉണ്ടാകുന്ന വരൾച്ചയുടെ ഫലങ്ങളിൽ നിന്ന് കരകയറാൻ മരങ്ങൾ കൂടുതൽ സമയമെടുക്കും. അതിനാൽ, 75% വനങ്ങളിലും പ്രതിരോധശേഷി നഷ്‌ടപ്പെട്ടതിന്റെ സൂചനകളുണ്ട്.
അങ്ങനെ ഒരു അവസ്ഥയിൽ എപ്പോൾ എത്തുമെന്ന് അറിയില്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിനും ജൈവവൈവിധ്യത്തിനും പ്രാദേശിക സമൂഹത്തിനും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ, പതിറ്റാണ്ടുകൾക്ക് ശേഷം പുൽമേടുകളും മരങ്ങളും ചേർന്ന വളരെ വ്യത്യസ്തമായ ആവാസവ്യവസ്ഥയിലേക്ക് ആമസോണിന്റെ പ്രധാനമായ ഒരു ഭാഗം രൂപാന്തരപ്പെടുമെന്നും അവർ പ്രവചിക്കുന്നു.
"ആമസോൺ ധാരാളം കാർബൺ സംഭരിക്കുന്നു, അതെല്ലാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളും. അത് താപനില വർദ്ധിപ്പിക്കുന്നതിന് കൂടുതൽ സംഭാവന നൽകും. ആഗോള ശരാശരി താപനിലയിൽ ഭാവിയിൽ സ്വാധീനം ചെലുത്തുകയും ചെയ്യും" -ഡോ ബോൾട്ടൺ പറഞ്ഞു. വ്യാവസായികത്തിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, മഴക്കാടുകളുടെ അഞ്ചിലൊന്ന് ഇതിനകം നഷ്ടപ്പെട്ടു എന്നും അവർ പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റർ, പോട്‌സ്‌ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച് (പിഐകെ), ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിക്ക് എന്നിവ ചേർന്നാണ് ഗവേഷണം നടത്തിയത്. "വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ തകർച്ചയുടെ പ്രധാന പ്രേരകങ്ങൾ" പിഐകെയിലെയും മ്യൂണിക്കിലെ സാങ്കേതിക സർവകലാശാലയിലെയും പ്രൊഫ. നിക്ലാസ് ബോയേഴ്സ് പറഞ്ഞു.
ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗ്രന്ഥം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ബോണി വാറിംഗ് അഭിപ്രായപ്പെടുന്നു: "കാലാവസ്ഥാ വ്യതിയാനവും, ഉഷ്ണമേഖലാ വനങ്ങളിലെ മനുഷ്യചൂഷണവും ചേർന്നുണ്ടാക്കുന്ന സമ്മർദ്ദങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളെ അപകടത്തിലാക്കുന്നു എന്നതിന്റെ ഇതുവരെ നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. അത് ഈ ഏറ്റവും പുതിയ കണ്ടെത്തലുകളുമായി പൊരുത്തപ്പെടുന്നതാണ്."
1991 മുതൽ 2016 വരെയുള്ള സാറ്റലൈറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ കണ്ടെത്തലുകൾ നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.