തീരാനോവിൽ കരുത്തേകി സൈന്യം, പ്രവർത്തനങ്ങളെ നയിക്കുന്ന മൂന്ന് മലയാളികൾ ഇവർ, കഴക്കൂട്ടം സൈനികസ്കൂളിനും സല്യൂട്ട്

Published : Aug 01, 2024, 10:37 PM ISTUpdated : Aug 02, 2024, 01:45 PM IST
തീരാനോവിൽ കരുത്തേകി സൈന്യം, പ്രവർത്തനങ്ങളെ നയിക്കുന്ന മൂന്ന് മലയാളികൾ ഇവർ, കഴക്കൂട്ടം സൈനികസ്കൂളിനും സല്യൂട്ട്

Synopsis

വയനാട്ടിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത് ഉന്നത സ്ഥാനത്തുള്ള  മൂന്ന് മലയാളികൾ. ഈ മൂന്നു പേരെയും ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്തത് കഴക്കൂട്ടം സൈനിക സ്കൂൾ.

അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ് ഇന്ത്യൻ സൈന്യം. നൂറ് കണക്കിന് ജീവനുകൾ അപഹരിച്ച്, നമ്മുടെ മനസ്സിൽ തീരാനോവായി അവശേഷിക്കുന്ന വയനാട് ദുരന്തത്തിൽ സാന്ത്വനത്തിന്റെയും, സുരക്ഷയുടെയും പ്രതിബിംബങ്ങളായി മാറിയിരിക്കുന്നു രാപ്പകലില്ലാതെ വിയർപ്പൊഴുക്കുന്ന സന്നദ്ധപ്രവർത്തകരും സൈനികരും. അവർക്കാണ് നമ്മുടെ ബിഗ് സല്യൂട്ട്. 

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ സൈന്യം: വായു സേനയും, കരസേനയും ദുരന്തം സംഭവിച്ചത് മുതൽ വയനാട്ടിന്റെ മണ്ണിൽ സംയോജിതമായി സുരക്ഷ വലയം തീർക്കുകയാണ്. നൂറ് കണക്കിന് സൈനികരുടെ അശ്രാന്ത പരിശ്രമം മനുഷ്യ ജീവന്റെ അവശേഷിപ്പുകളെയും തുടിപ്പുകളെയും തേടിയുള്ള യാത്രയ്ക്ക് കരുത്തും സാന്ത്വനവും നൽകുന്നു. 

വയനാട്ടിൽ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത് ഉന്നത സ്ഥാനത്തുള്ള  മൂന്ന് മലയാളികൾ. ഈ മൂന്നു പേരെയും ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്തത് കഴക്കൂട്ടം സൈനിക സ്കൂൾ. ഇന്ത്യയുടെ സൈനിക ചരിത്രത്തിലും, രാജ്യസുരക്ഷാ ഉദ്യമങ്ങളിലും അതിനിർണായക സേവനങ്ങൾ നൽകിയിട്ടുണ്ട് സൈനിക സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ. കാർഗിൽ യുദ്ധം, കശ്മീർ പ്രളയം, എന്ന് വേണ്ട ഇന്ത്യ രാജ്യത്തെ പിടിച്ചുലച്ച പല സംഭവങ്ങളിലും സൈനിക സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് നിസ്തൂലമാണ്. 

വയനാട്ടിൽ ദുരന്തം സംഭവിച്ച ആദ്യ ദിനം നമ്മുടെ കണ്ണുകൾ മൂടിയ, ദുർഘടങ്ങൾ നിറഞ്ഞ പ്രതലത്തിൽ വിസ്മയിപ്പിക്കും വിധം ഹെലികോപ്റ്ററുകൾ ഇറക്കി പരിഭ്രാന്തരായ ജനങ്ങൾക്ക് സുരക്ഷ നൽകിയ ഇന്ത്യൻ വായുസേനയുടെ സഹായം ആർക്ക് മറക്കാനാകും.

വായുസേനയുടെ ദൗത്യത്തിന് ഉന്നത നേതൃത്വം നൽകിയത് മലയാളിയായ സൈനിക സ്കൂൾ പൂർവ വിദ്യാർത്ഥി എയർ മാർഷൽ ബി മണികണ്ഠൻ. ദക്ഷിണ മേഖല വായുസേന മേധാവിയായ ബി. മണികണ്ഠന്റെ ധീരമായ നേതൃത്വമാണ് പെട്ടെന്ന് ധ്രുവ് ഹെലികോപ്റ്ററുകളും, ഗരുഡ കമാണ്ടോകളെയും വയനാട്ടിൽ എത്തിക്കാൻ കാരണമായത്. ഇന്ത്യൻ വ്യോമ സേനയുടെ ഏററവും ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ എയർ മാർഷൽ ബി. മണികണ്ഠൻ ഇത്തരം ദുരന്ത മുഖങ്ങൾ പല തവണ നേരിട്ടുണ്ട് - വയനാട്ടിലും ആ പരിചയസമ്പന്നത തെളിയിച്ചു. 

എയർ മാർഷൽ ബി. മണികണ്ഠൻ

ചൂരൽമലയെയും മുണ്ടക്കയ്യേയും ബന്ധിപ്പിക്കാൻ ഒരു പാലം അനിവാര്യമായിരുന്നു. ദുരന്തത്തില്‍ തുടച്ചുനീക്കപ്പെട്ട മുണ്ടക്കൈയില്‍ അവശേഷിക്കുന്നവരെ കണ്ടെത്താൻ ഈ പാലം യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ചത് ഇന്ത്യൻ ആർമി. ഉരുള്‍പൊട്ടലില്‍ ഇരച്ചെത്തിയ മലവെള്ളപ്പാച്ചില്‍ തുടച്ചുനീക്കിയ മുണ്ടൈക്കയിലേക്ക് കടക്കാനുള്ള 24 ടൺ ശേഷിയുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാക്കി. കരസേനയുടെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മേജർ ജനറൽ വിനോദ് ടി. മാത്യു.  

മേജർ ജനറൽ വിനോദ് മാത്യു

മലയാളിയായ മേജർ ജനറൽ വിനോദ് മാത്യുവും കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ സംഭാവനയാണ്. കർണാടക കേരള കമ്മാണ്ടറായ അദ്ദേഹം കോഴിക്കോടുനിന്നും കണ്ണൂരും നിന്നും വന്ന കരസേനകയെ നയിച്ച് വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഊർജം നൽകി.

കരസേനയുടെ പാങ്ങോട് സ്റ്റേഷൻ കമ്മാണ്ടറാണ് ബ്രിഗേഡിയർ എം.പി. സലിൽ.  അദ്ദേഹത്തിന്റെ ധീരമായ നടപടികൾ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് കരുത്തേകി. കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ബ്രിഗേഡിയർ എം.പി. സലിൽ ഇരുന്നൂറോളം സൈനികരെ വയനാട്ടിലേക്ക് പെട്ടെന്ന് വിന്യസിച്ച് ദുരന്ത മുഖത്ത് അകപ്പെട്ട ജനങ്ങൾക്ക് ആശ്വാസത്തിന്റെ പ്രതീക്ഷകൾ നൽകി. 

ബ്രിഗേഡിയർ എം.പി. സലിൽ

വയനാട് ഇപ്പോഴും നീറുകയാണ്. വയനാടിന് വേണ്ടി നമുക്ക് കൈകോർക്കാം. അതിനിടെ ഇന്ത്യൻ സൈന്യത്തിനും, കഴക്കൂട്ടം സൈനിക സ്‌കൂളിനും 
ഒരു ബിഗ് സല്യൂട്ട്.
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ