ശമ്പളം ഇപ്പോഴും 2006 -ലേത് തന്നെ, വാടകയോ 2046 -ലെത്തി; ബെം​ഗളൂരു യുവാവിന്റെ പോസ്റ്റ്

Published : Oct 05, 2026, 10:33 AM IST
home , key

Synopsis

15 വർഷത്തിലേറെ പഴക്കമുള്ള, രണ്ടാമത്തെ നിലയിലുള്ള ഒരു ബെഡ്റൂം ഫ്ലാറ്റിന് (1BHK) 22,000 മുതൽ 24,000 രൂപ വരെയാണ് വാടക. ഇതിനുപുറമെ ഒന്നര ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യപ്പെടുന്നു.

ബെംഗളൂരുവിലെ ഉയർന്ന വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും നഗരവാസികൾക്ക് വലിയ തലവേദനയാവുകയാണ്. ഇതിനിടയിലാണ് നഗരത്തിലെ ശമ്പളവർധനവും കുതിച്ചുയരുന്ന വാടകയും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'ശമ്പളം 2006 -ൽ തീരുമാനിച്ച അതുപോലെ തന്നെയാണ്, എന്നാൽ ബെംഗളൂരുവിലെ വാടക 2046 കാലഘട്ടത്തിലേത് പോലെയും. ഈ ടൈം പാരാഡോക്സിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ' എന്ന ടൈറ്റിലോടെയാണ് റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഇന്ദിരാനഗർ, ന്യൂ തിപ്പസാന്ദ്ര തുടങ്ങിയ മേഖലകളിലെ കോർപ്പറേറ്റ് ശമ്പളവും വാടക നിരക്കുകളും തമ്മിലുള്ള വലിയ അന്തരമാണ് ഈ പോസ്റ്റിൽ കാണുന്നത്. സ്വകാര്യമേഖലയിലെ ശമ്പളം 20 വർഷം മുമ്പുള്ളതുപോലെ മാറ്റമില്ലാതെ തുടരുമ്പോൾ, വീടുടമകൾ ഭാവിയിൽ വാങ്ങേണ്ടുന്നത്രയും വലിയ വാടകയാണ് ആവശ്യപ്പെടുന്നതെന്ന് യുവാവ് കുറിക്കുന്നു.

15 വർഷത്തിലേറെ പഴക്കമുള്ള, രണ്ടാമത്തെ നിലയിലുള്ള ഒരു ബെഡ്റൂം ഫ്ലാറ്റിന് (1BHK) 22,000 മുതൽ 24,000 രൂപ വരെയാണ് വാടക. ഇതിനുപുറമെ ഒന്നര ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യപ്പെടുന്നു. നിശ്ചിത സമയത്തുമാത്രം ലഭിക്കുന്ന മുനിസിപ്പൽ വാട്ടർ സപ്ലൈയാണ് മറ്റൊരു പ്രധാന ബുദ്ധിമുട്ട്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റ് നൽകിയത്. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നില്ല, ശമ്പളം വേണ്ടുംവിധം കൂടുന്നില്ല. എങ്കിലും വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും കുതിച്ചുയരുകയാണ് എന്ന് തന്നെയാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. പല വീട്ടുടമകളും ബ്രോക്കർമാരും അടുക്കളയുടെ ഒരു കോണിലുള്ള ചെറിയ ഗ്രാനൈറ്റ് സ്ലാബിനെയാണ് '1BHK അല്ലെങ്കിൽ 1RK' എന്ന് വിളിക്കുന്നത്. വാടകയ്ക്ക് താമസിക്കാൻ ചെല്ലുമ്പോൾ ഫ്ലാറ്റ് പെയിന്റ് ചെയ്തു തരാറില്ലെങ്കിലും മാസം തോറും അതിനായി പണം ഈടാക്കും എന്നാണ് ഒരാൾ കുറിച്ചത്.

ബെംഗളൂരുവിലെ കമ്പനികളുമായി ചർച്ച നടത്തുമ്പോൾ നഗരത്തിൽ ജോലി ചെയ്യാൻ 20% അധിക ശമ്പളം വേണമെന്ന് ആവശ്യപ്പെടണമെന്നും, അല്ലെങ്കിൽ ടിയർ-2 നഗരങ്ങളിൽ നിന്ന് ജോലി ചെയ്യാനുള്ള അവസരം ചോദിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. പല വലിയ സ്ഥാപനങ്ങളും ഈ കാരണം കൊണ്ടുതന്നെ നാഗ്പൂർ, ഭുവനേശ്വർ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓഫീസുകൾ മാറ്റാൻ തുടങ്ങിയിട്ടുണ്ടെന്ന് മറ്റൊരാൾ ചൂണ്ടിക്കാണിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യന്‍ പ്രൊഫസർമാരെ അധിക്ഷേപിച്ച് അമേരിക്കക്കാരന്റെ പോസ്റ്റ്; ചുട്ട മറുപടി നൽകി സോഷ്യൽ മീഡിയ
നമുക്ക് പകരം വഴക്കിടാൻ വരെ ആളെ കിട്ടും; ചൈനയിൽ തരംഗമായി 'സ്റ്റാൻഡ്-ഇൻ ഇക്കോണമി'