
പാചകം ചെയ്യാനും ആശുപത്രിയിൽ രോഗികൾക്ക് കൂട്ടിരിക്കാനും എന്തിനേറെ, മറ്റുള്ളവരുമായി വഴക്കിടാൻ വരെ ആളുകളെ ലഭ്യമാക്കുന്ന പുതിയൊരു സർവീസ് ചൈനയിൽ ജനപ്രീതി നേടുന്നു. ചെറുപ്പക്കാരായ ചൈനക്കാർ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഡെയിലി ജോലികളും മറ്റും കൈകാര്യം ചെയ്യാൻ പണം വാങ്ങി പകരം ആളെത്തുന്ന ഈ രീതി 'സ്റ്റാൻഡ്-ഇൻ ഇക്കോണമി' (Stand-in economy) എന്ന പേരിലാണ് അറിയപ്പെടുന്നത്.
നമ്മുടെ വീട്ടിലെയും മറ്റും ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോൾ, അത്തരം സൗകര്യങ്ങൾക്കായി പണം നൽകാൻ തയ്യാറുള്ള സമയക്കുറവുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം സേവനങ്ങൾ പ്രവർത്തിക്കുന്നത്.
2024-ൽ ചൈനീസ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇത് ഇന്ന് വലിയൊരു വിപണിയായി മാറിക്കഴിഞ്ഞു. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'റെഡ്നോട്ടി'ൽ സങ്കീർണ്ണമായ ലെഗോ സെറ്റുകൾ കൂട്ടിച്ചേർക്കാനും കരകൗശല വസ്തുക്കൾ നിർമ്മിച്ചു നൽകാനുമായി ആളുകളെ തിരയുന്ന പോസ്റ്റുകൾക്ക് 12 കോടിയിലധികം കാഴ്ചക്കാരാണുണ്ടായത്.
തർക്കങ്ങളിൽ പകരം നിൽക്കൽ
തെക്കൻ ചൈനയിലെ ഗ്വാങ്‌ഷൂവിൽ നിന്നുള്ള കോങ് എന്നയാൾ പണം വാങ്ങി മറ്റുള്ളവർക്ക് വേണ്ടി വഴക്കിടുന്ന സര്‍വീസ് തുടങ്ങി വാർത്തകളിൽ ഇടം നേടിയിരുന്നു. ഓൺലൈൻ തർക്കങ്ങൾക്ക് 50 യുവാനും (ഏകദേശം 600 രൂപ), നേരിട്ടുള്ള തർക്കങ്ങൾക്ക് എത്ര സമയമെടുത്താലും 188 യുവാനുമാണ് ഇയാൾ ഈടാക്കുന്നത്. അക്രമത്തിന് പകരം കാര്യങ്ങൾ സമാധാനത്തിലാക്കുന്നതാണ് തന്റെ രീതിയെന്നും ഭീഷണിപ്പെടുത്തൽ, പണം പിരിക്കൽ, കയ്യാങ്കളി എന്നിവ താൻ ഏറ്റെടുക്കാറില്ലെന്നും കോങ് വ്യക്തമാക്കുന്നു.
ഹാംഗ്ഷൂവിലെ മിഹാൻ എന്ന യുവതി അയൽക്കാരുടെ മാലിന്യങ്ങൾ പുറത്തുകളയുന്നതിന് 3 യുവാനും പ്രതിമാസ പാക്കേജിനായി 99 യുവാനും ഈടാക്കി സേവനം തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുപതിലേറെ ഉപഭോക്താക്കളെ ലഭിച്ച ഇവർ പാഴ്സലുകൾ ശേഖരിക്കൽ, അവധിക്കാലത്ത് വളർത്തുപൂച്ചകൾക്ക് തീറ്റ നൽകൽ എന്നിവയിലേക്കും സേവനം വ്യാപിപ്പിച്ചു. പ്രമുഖ ഭക്ഷണശാലകളിൽ വരി നിൽക്കുന്നതിനായി 10 മുതൽ 30 യുവാൻ വരെയാണ് പ്രതിഫലം.
വൈകാരിക പിന്തുണയും കൂട്ടിരിപ്പും
ശാരീരികാധ്വാനം മാത്രമല്ല, വൈകാരികമായ ആവശ്യങ്ങളും ഇത്തരം ഏജൻസികൾ ഏറ്റെടുക്കുന്നുണ്ട്. ഷെജിയാങ്ങിൽ നിന്നുള്ള ഒരു യുവതി ആശുപത്രിയിൽ കഴിയുന്ന രോഗിയെ സന്ദർശിക്കാനും സമ്മാനങ്ങൾ കൈമാറാനുമായി 50 യുവാൻ വാങ്ങി. പ്രായമായവരോടൊപ്പം സമയം ചെലവഴിക്കാനും പാചകത്തിനുമായി രണ്ട് മണിക്കൂറിന് 300 യുവാൻ ഈടാക്കുന്ന സേവനങ്ങളും ലഭ്യമാണ്.
സാമ്പത്തിക വിശകലനം
ഉപഭോക്താക്കൾ പണം നൽകി തങ്ങളുടെ സമയം ലാഭിക്കുന്ന ചൈനയിലെ 'ലേസി ഇക്കോണമി'യുടെ ഒരു തുടർച്ചയായാണ് സാമ്പത്തിക വിദഗ്ദ്ധർ ഇതിനെ വിലയിരുത്തുന്നത്. ഇത്തരം സേവനങ്ങൾ വ്യക്തിപരമായ സൗകര്യങ്ങളും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ജിമേയ് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ലി നാ ചൂണ്ടിക്കാട്ടുന്നു.
'പണം നൽകി ജീവിതത്തിലെ എല്ലാ നിസ്സാര കാര്യങ്ങളും പരിഹരിക്കാൻ തുടങ്ങുമ്പോൾ നമ്മൾ കൂടുതൽ സ്വാതന്ത്ര്യം നേടുകയാണോ, അതോ ജീവിക്കുക എന്ന അനുഭവത്തിന്റെ ഒരു ഭാഗം നിശ്ശബ്ദമായി ഉപേക്ഷിക്കുകയാണോ?' എന്ന ചോദ്യമാണ് ഈ വിചിത്രമായ പ്രവണതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.