നാസ ബഹിരാകാശ സഞ്ചാരികൾക്ക് നൽകുന്ന ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും..!

By Web TeamFirst Published May 24, 2020, 9:42 AM IST
Highlights

രാജ്യത്തെ ഏറ്റവും തീക്ഷ്ണമായ മസ്തിഷ്കങ്ങളും ഏറ്റവും 'ഫിറ്റ്' ആയ ശരീരങ്ങളും ഉള്ള അതിസമർത്ഥരായ യുവാക്കളാണ് നാസയിൽ ബഹിരാകാശ യാത്രികരായി പോകുന്നത് 

ബഹിരാകാശസഞ്ചാരികൾക്കും മറ്റും എന്ത് ശമ്പളമുണ്ടാകും എന്ന കൗതുകം നമ്മളിൽ പലർക്കുമുണ്ടായിട്ടുണ്ടാകും. സാധാരണഗതിക്ക് അതുസംബന്ധിച്ച പല വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ അമേരിക്കൻ സ്‌പേസ് ഏജൻസി ആയ നാസയുടെ വെബ്‌സൈറ്റിൽ അവർ സംശയങ്ങൾ ചോദിയ്ക്കാൻ വേണ്ടി വെച്ചിട്ടുള്ള FAQ പേജിൽ ഒരാൾ അത് ഒരു ചോദ്യമായി തന്നെ ചോദിച്ചു. കൃത്യമായ മറുപടിയും നാസ അധികാരികൾ അതിന് അവിടെത്തന്നെ നൽകുകയും ചെയ്തു.



ബഹിരാകാശത്തേക്ക് പേടകങ്ങളിലേറി പറന്നുപോകുന്ന സഞ്ചാരികൾ യാത്രപുറപ്പെടുന്നത് സ്വന്തം ജീവനും കയ്യിലെടുത്തു പിടിച്ചുകൊണ്ടാണ്. ആ യാത്ര അത്രമേൽ അപകടകരമാണ്. കൌണ്ട് ഡൌൺ സീറോ ആകുമ്പോൾ കുതിച്ചുയരുന്ന റോക്കറ്റുകൾ ഒന്നൊന്നായി ഫയർ ചെയ്‌ത്‌ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തെ അതിജീവിച്ച് ബഹിരാകാശത്തേക്ക് പേടകത്തെ എത്തിക്കുന്ന 'ലോഞ്ചിങ്' എന്ന പ്രക്രിയക്കിടയിൽ പല തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്, യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. അങ്ങനെ ബഹിരാകാശത്തേക്ക് യാത്രപോകുന്ന ശാസ്ത്രജ്ഞരും പൈലറ്റുമാരും ആയ അസ്‌ട്രോണട്ടുകൾക്ക് നാസ എത്ര രൂപയാകും ശമ്പളം നല്കുന്നുണ്ടാവുക?

 



അത് പറയും മുമ്പ് ഒരു കാര്യം. ബഹിരാകാശ സഞ്ചാരി എന്നത് ആരുടെയും ആദ്യത്തെ ജോലിയാകാറില്ല. അവരൊക്കെയും സ്‌പേസ് സയന്റിസ്റ്റുകളോ വ്യോമസേനയിൽ ഫൈറ്റർ അല്ലെങ്കിൽ ടെസ്റ്റ് പൈലറ്റുകളോ ഒക്കെ ആയിരിക്കും. മൂന്നുവർഷത്തെ അല്ലെങ്കിൽ ആയിരം ഫ്ളയിങ് അവേഴ്‌സിന്റെ പരിചയമുള്ള പൈലറ്റുകളെ മാത്രമാണ് നാസ ബഹിരാകാശ ദൗത്യങ്ങൾക്ക് പരിഗണിക്കുന്നത്. അവർക്ക് ശാസ്ത്രത്തിലോ എഞ്ചിനീയറിങിലോ ഗണിതത്തിന്റെ ഒക്കെ ഉന്നത ബിരുദങ്ങളും ഉണ്ടായിരിക്കണം. അതിനു ശേഷമാണ് നാസയുടെ വളരെ ദുഷ്കരമായ എഴുത്തു പരീക്ഷ, അഭിമുഖം, ശാരീരിക ക്ഷമതാ പരീക്ഷ തുടങ്ങിയവ. ഇതൊക്കെ കടന്നു കിട്ടുന്ന രാജ്യത്തെ ഏറ്റവും തീക്ഷ്ണമായ മസ്തിഷ്കങ്ങളും ഏറ്റവും 'ഫിറ്റ്' ആയ ശരീരങ്ങളും ഉള്ള അതിസമർത്ഥരായ യുവാക്കളാണ് നാസയിൽ ബഹിരാകാശ യാത്രികരായ പോകുന്നത് എന്നർത്ഥം.

 



നാസയുടെ വെബ്സൈറ്റിലുള്ള FAQ പേജിൽ ഒരു ചോദ്യത്തിനുള്ള ഉത്തരമായി കൊടുത്തിരിക്കുന്ന വിശദീകരണം പ്രകാരം, അവർ തങ്ങളുടെ ആസ്ട്രോണട്ടുകൾക്ക് ശമ്പളം നൽകുന്നത് ഫെഡറൽ ഗവൺമെന്റിന്റെ ജനറൽ ഷെഡ്യൂൾ അഥവാ GS പ്രകാരമാണ്. ബഹിരാകാശ സഞ്ചാരികൾ GS12-13  ഗ്രേഡുകളിൽ ആണുള്ളത്. ഓരോ ഗ്രേ‌ഡും ഒന്നുമുതൽ പത്തുവരെയുള്ള, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എത്തിപ്പെടേണ്ട സ്റ്റെപ്പുകൾ അടങ്ങിയതാണ്. വർഷാവർഷം നടത്തപ്പെടുന്ന പെർഫോമൻസ് അസ്സെസ്സ്മെന്റ് അനുസരിച്ചാണ് ഇവയിൽ പുരോഗതിയുണ്ടാകുന്നത്.

നിങ്ങൾ GS-12 ഗ്രേഡിലുള്ള ഒരു ആസ്ട്രോണട്ട് ആണെങ്കിൽ നിങ്ങളുടെ ശമ്പളം പ്രതിവർഷം ഏകദേശം $66,167 ആയിരിക്കും. ഇന്ത്യൻ കറൻസിയിൽ പറഞ്ഞാൽ ഏകദേശം അമ്പത് ലക്ഷം രൂപയിലധികം. അതായത് മാസം നാല് നാലേകാൽ ലക്ഷം രൂപയിലധികം. ഈ ഗ്രേഡിന്റെ അവസാന സ്‌റ്റെപ്പിൽ എത്തുമ്പോഴേക്കും ശമ്പളം വർധിച്ച് ഏകദേശം വർഷത്തിൽ 65 ലക്ഷം കടക്കും. അതായത് മാസത്തിൽ അഞ്ചര ലക്ഷത്തിൽപരം.  GS-13 ഗ്രേഡിന്റെ അവസാനം നിങ്ങൾക്ക് വർഷത്തിൽ ഒരു ലക്ഷം ഡോളറിൽ അധികം ശമ്പളം ഓഫർ ചെയ്യപ്പെടും. അതായത് മാസത്തിൽ ഏകദേശം ഏഴുലക്ഷത്തോളം രൂപ. $104,898 മുതൽ $161,141 വരെ ശമ്പളമാണ് അവർ ചൊവ്വാ ദൗത്യത്തിന് പരിഗണിക്കുന്നത്. ഇത് പരമാവധി നോക്കിയാൽ ഏകദേശം ഒരു കോടി ഇരുപതുലക്ഷത്തോളം വരും വർഷം. അതായത് മാസത്തിൽ പത്തുലക്ഷം രൂപയോളം ശമ്പളം.

 


ഇതൊക്കെ  ബേസിക് ആയ ശമ്പളം മാത്രമാണ്. ഇതിനുപുറമെ നിരവധി അലവൻസുകളും മറ്റു സൗജന്യങ്ങളും ബഹിരാകാശ സഞ്ചാരികൾക്ക് അമേരിക്കയിൽ ലഭ്യമാണ്. കനത്ത തുകയ്ക്കുള്ള ലൈഫ്, ആരോഗ്യ ഇൻഷുറൻസുകളും അവരുടെ പേർക്ക് ഉണ്ടാകാറുണ്ട്. പലർക്കും ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ വൻ തുകയ്ക്കുള്ള പരസ്യ ഓഫറുകളും കിട്ടാറുണ്ട്. ഇന്ന് അമേരിക്കയിലെ  മുൻ സ്‌പേസ് മിഷനുകളുടെ ഭാഗമായിട്ടുള്ള ബഹിരാകാശ സഞ്ചാരികൾ പലരും പല സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും ഡയറക്ടർ തലത്തിൽ ജോലിചെയ്യുന്നവരാണ്. അവിടെ മേല്പറഞ്ഞതിന്റെ എത്രയോ ഇരട്ടി ശമ്പളമായി കൈപ്പറ്റുന്നവരും.

click me!