മലയാളത്തിലെ 'ബഹുമുഖ പ്രതിഭ' എന്ന വാക്കിന് എങ്ങനെ എം പി വീരേന്ദ്രകുമാര്‍ അര്‍ഹനാവുന്നു?

By Web TeamFirst Published May 29, 2020, 11:32 AM IST
Highlights

എംഎൽഎ, മന്ത്രി, ലോകസഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ പദവികളിൽ എത്തുന്ന ആദ്യ വയനാട്ടുകാരനാണ് വീരേന്ദ്രകുമാർ. ഏറ്റവും കുറച്ചുകാലം മന്ത്രിയായ ‘റെക്കോർഡ്’ വീരേന്ദ്രകുമാറിനാണ്. 

polymath എന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം ബഹുമുഖ പ്രതിഭ എന്നാണ്. ചരിത്രത്തിൽ ഒരേസമയം തികച്ചും വ്യത്യസ്‍തമായ മേഖലകളിൽ ഔന്നിധ്യത്തിൽ ഏറിയവർ നിരവധിയാണ്. ബെഞ്ചമിൻ  ഫ്രാങ്ക്‌ളിൻ, അരിസ്റ്റോട്ടിൽ, കോപ്പർനിക്കസ്, ഗലീലിയോ, ന്യൂട്ടൺ, തോമസ് ജഫേഴ്സൺ, ചാൾസ് ബബ്ബജ്, നോം ചോംസ്‍കി  എന്നിങ്ങനെ നീളുകയാണ് ബഹുമുഖ പ്രതിഭകളുടെ നീണ്ട പട്ടിക. എന്നാൽ, വിഭിന്ന മേഖലകളിൽ വിരാജിച്ച മലയാളികൾ വിരളമാണ്. എഴുത്തിലും കൃഷിയിലും പത്ര മേഖലയിലും  രാഷ്ട്രീയത്തിലുമടക്കം വിവിധ മേഖലകളിൽ വിരാജിച്ചുനിന്ന എം പി വീരേന്ദ്രകുമാർ മികച്ച ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു. 

 

സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയും എം.എൽ.എയും എം.പിയുമൊക്കെയായി മികവു കാട്ടിയ അദ്ദേഹം പല റെക്കോഡുകൾക്കും ഉടമയാണ്. നിയമസഭാംഗം, ലോകസഭാംഗം, രാജ്യസഭാംഗം, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി എന്നിങ്ങനെ രാഷ്ട്രീയത്തിന്‍റെ എല്ലാ പടവുകളിലുമെത്തി. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി.ടി.ഐ ഡയറക്ടര്‍, പ്രസ്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്‍റര്‍നാഷണല്‍ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ തുടങ്ങി പത്രപ്രവർത്തന മേഖലയിലെ അതികായനായും വിരാജിച്ചു.

സമന്വയത്തിൻറ വസന്തം, ബുദ്ധൻറ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമൻറ ദുഃഖം, ആത്മാവിലേക്ക് ഒരു തീർഥയാത്ര, പ്രതിഭയുടെ വേരുകൾ തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (പ്രൊഫ. പി.എ വാസുദേവനുമായി ചേര്‍ന്ന്), രോഷത്തിന്‍റെ വിത്തുകള്‍, അധിനിവേശത്തിൻറ അടിയൊഴുക്കുകള്‍, സ്‍മൃതിചിത്രങ്ങള്‍, എം.പി. വീരേന്ദ്രകുമാറിന്‍റെ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവില്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്‍മരണകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ  കൃതികൾ. യാത്രാവിവരണം, ലേഖനങ്ങൾ, പരിസ്ഥിതി, ലോകവ്യാപാരം, നിരൂപണം തുടങ്ങി എഴുത്തിലും അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല തന്നെ. 

അദ്ദേഹത്തിന്റെ പഠനവും വ്യത്യസ്‍ത മേഖലകളിലായിരുന്നു. മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സർവകലാശാലയിൽ നിന്ന് എം.ബി.എ. ബിരുദവും നേടിയ വീരേന്ദ്രകുമാർ തന്നെയാണ് വയനാട്ടിലെ ഏറ്റവും വലിയ പ്ലാന്‍ററും. പ്രഭാഷകൻ എന്ന് കൂടി പേരെടുത്ത അദ്ദേഹം മാതൃഭൂമി ഗ്രൂപ്പിനെ വൈവിധ്യവല്‍ക്കരണത്തിലേക്കു നയിക്കുന്നതിനും മുമ്പിലുണ്ടായിരുന്നു.

എംഎൽഎ, മന്ത്രി, ലോകസഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ പദവികളിൽ എത്തുന്ന ആദ്യ വയനാട്ടുകാരനാണ് വീരേന്ദ്രകുമാർ. ഏറ്റവും കുറച്ചുകാലം മന്ത്രിയായ ‘റെക്കോർഡ്’ വീരേന്ദ്രകുമാറിനാണ്. 1987 -ൽ നായനാർ മന്ത്രിസഭയിൽ വനം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ 48 മണിക്കൂറിനുള്ളിൽ രാജിവച്ചു. തോട്ടം ഉടമയാണെങ്കിലും സോഷ്യലിസ്റ്റ് എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം. 

എസ്എസ്എൽസി പരീക്ഷ തോറ്റ ചരിത്രമാണ് വീരേന്ദ്രകുമാറിന്‍റേതെന്ന് പറയുന്നു. പിന്നീട് തോല്‍ക്കാന്‍ മനസ്സില്ലാതെ വാശിയോടെ പഠിച്ചു കയറി. മറ്റെല്ലാ ബഹുമുഖ പ്രതിഭകളുടെ കാര്യത്തിലും തുടക്കത്തിലേ ഈ പരാജയം കാണാം. ബിൽ ഗേറ്റ്സ്, വാറൻ ബഫറ്റ്‌, സുക്കർബർഗ്, ഒബാമ, ഐൻസ്റ്റീൻ, സ്റ്റീവ് ജോബ്‍സ്, എബ്രഹാം ലിങ്കൺ ഇവരെല്ലാം ഉദാഹരണങ്ങളാണ്. ഇവരുടെ നിരയിലേക്ക് ഒരു മലയാളി polimath- അത് വീരേന്ദ്രകുമാർ മാത്രം.

click me!