ഇവിടെ മത്സരപരീക്ഷകൾക്ക് പരിശീലനം, ഫീസായി നൽകേണ്ടത് 18 തൈകൾ...

By Web TeamFirst Published Jul 28, 2021, 3:35 PM IST
Highlights

മരം നട്ടുപിടിപ്പിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം യാത്രകള്‍ നടത്തുന്നു.

ബീഹാറിലെ സമസ്തിപൂരിലുള്ള ‘ഹരിത പാഠശാല’ (Green Pathshala) കോച്ചിംഗ് സെന്‍റര്‍ നടത്തുന്നത് 33 -കാരനായ രാജേഷ് കുമാർ സുമനാണ്. വിവിധ സർക്കാർ സേവന പരീക്ഷകൾക്ക് പരിശീലനം നൽകുകയാണ് ഇവിടെ. ഇതിന്‍റെ ഫീസിന്‍റെ കാര്യത്തിലാണ് സെന്‍റര്‍ അറിയപ്പെടുന്നത്. ഒരു വിദ്യാര്‍ത്ഥി തന്‍റെ ഫീസായി കോളേജിന് നല്‍കേണ്ടത് 18 മരത്തൈകളാണ്. 

അദ്ദേഹത്തിന്‍റെ മരിച്ചുപോയ അമ്മാവനാണ് ഈ വിദ്യാലയം ആരംഭിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. അമ്മാവന്റെ സ്മരണയ്ക്കായി ബിനോദ് സ്മൃതി സ്റ്റഡി ക്ലബിന് കീഴിൽ കോച്ചിംഗ് സെന്റർ ആരംഭിച്ചു. ഈ വിദ്യാലയം ദരിദ്രർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാൻ സഹായിക്കുക മാത്രമല്ല അഭിമാനകരമായ പരീക്ഷകൾക്ക് യോഗ്യത നേടാൻ സഹായിക്കുകയും ഒപ്പം തന്നെ പച്ചപ്പുള്ള പരിസ്ഥിതിക്ക് വേണ്ടിയും നിലകൊള്ളുന്നു. 

“സർക്കാർ ജോലികൾക്കായി വിവിധ മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെയും വൈകുന്നേരവും സെഷനുകളിൽ സൗജന്യ തയ്യാറെടുപ്പ് പരിശീലനം നൽകുന്നു. 18 മരങ്ങളില്‍ നിന്നുമുള്ള ഓക്സിജനെങ്കിലും ഒരാള്‍ക്ക് ജീവിതകാലം വേണം. അതിനാലാണ് ഞങ്ങൾ 18 തൈകൾ ഫീസായി ഈടാക്കുന്നതും, അവ വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിക്കുന്നതും” എന്നാണ് അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്.

മരം നട്ടുപിടിപ്പിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം യാത്രകള്‍ നടത്തുന്നു. ഈ ഹരിത പാഠശാലയില്‍ 2008 മുതലിങ്ങോട്ട് 5000 പേരെങ്കിലും പരിശീലനത്തിനെത്തിയിരുന്നു. അടുത്തിടെ മൂന്ന് സ്ത്രീകളടക്കം 13 പേര്‍ ബിഹാര്‍ പൊലീസ് പരീക്ഷയില്‍ വിജയിക്കുകയും സബ് ഇന്‍സ്പെക്ടര്‍മാരാവുകയും ചെയ്തു. 

സ്ഥാപനം തുടങ്ങിയതു മുതലിങ്ങോട്ട് ഏകദേശം 90,000 തൈകളെങ്കിലും വച്ചുപിടിപ്പിച്ചു കഴിഞ്ഞു. അതുപോലെ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ജോലിയേയും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനത്തില്‍ 40 ശതമാനവും സ്ത്രീകളാണ്. 

click me!