
" ദില്ലിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അക്രമങ്ങൾ വളരെ വ്യാപകമായ പരിണിതഫലങ്ങൾക്ക് ഇതിനകം തന്നെ കാരണമായിട്ടുണ്ട്. ഇത് ഭാവിയിൽ ദില്ലിയെയും, ഇന്ത്യയെത്തന്നെയും വളരെ മോശമായ രീതിയിൽ ബാധിക്കാനിടയുണ്ട്..." വിഭജനത്തെത്തുടർന്ന് ദില്ലിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട വേളയിൽ, 1947 സെപ്റ്റംബർ 18 -ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണ് മുകളിൽ. വിഭജനത്തെത്തുടർന്ന് അന്നോളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള സാമുദായിക ലഹളകളാണ് രാജ്യത്ത് നടന്നത്. രാജ്യത്ത് അലയടിച്ച കലാപതരംഗത്തിൽ നിന്ന് മാറിനിൽക്കാൻ ദില്ലിക്കുമായില്ല. ദില്ലിയിൽ തുറന്ന അഭയാർത്ഥി ക്യാമ്പുകളിൽ പശ്ചിമ പഞ്ചാബ് പ്രവിശ്യയിൽ നിന്ന് പലായനം ചെയ്തെത്തിയ ഹിന്ദു സിഖ് മതസ്ഥരെക്കൊണ്ടും, ദില്ലിയുടെ പരിസരപ്രദേശങ്ങളിൽ ഇന്ന് ഭയന്ന് വിറച്ച് വീടുവിട്ടോടി വന്നെത്തിയ മുസ്ലിംകളെക്കൊണ്ടും നിറഞ്ഞു. അക്രമങ്ങളുടെ വാർത്തകൾ വന്നുതുടങ്ങിയ ആദ്യദിനം തൊട്ടുതന്നെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ആഭ്യന്തര മന്ത്രി സർദാർ വല്ലഭ് ഭായി പട്ടേലും ദില്ലിയിലെ തെരുവുകളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് കലാപത്തെ നിയന്ത്രണാധീനമാക്കാനുള്ള പരിശ്രമത്തിലായിരുന്നു.
കലാപത്തീയ്ക്ക് കാറ്റു പകർന്നത് ദില്ലിയിൽ പ്രചരിച്ചുകൊണ്ടിരുന്ന വ്യാജവാർത്തകളായിരുന്നു. അത്തരത്തിലുള്ള സകല വ്യാജവാർത്തകളെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള കൃത്യമായ പ്രതികരണങ്ങളാണ് അന്ന് ആഭ്യന്തരമന്ത്രിയിൽ നിന്നുണ്ടായത്. പൊലീസിനും പട്ടാളത്തിനും അദ്ദേഹം അക്കമിട്ട് പന്ത്രണ്ടു നിർദേശങ്ങൾ അടങ്ങിയ ഒരു സന്ദേശം അദ്ദേഹം നൽകി. അതിൽ ആദ്യത്തെ നിർദേശം തന്നെ, 'അക്രമങ്ങൾ തടയാനുള്ള, ജനങ്ങളെ സംരക്ഷിക്കാനുള്ള, അക്രമികളെ അടിച്ചമർത്താനുള്ള' നടപടികൾ സ്വീകരിക്കണം എന്നതായിരുന്നു.
അന്ന് ഹിന്ദു ഔട്ട്ലുക്ക് എന്ന പേരിലുള്ള ഒരു പത്രം മുസ്ലിംകൾക്കെതിരെ തുടർച്ചയായി വ്യാജവാർത്തകളും ഊതിപ്പെരുപ്പിച്ച വാർത്തകളും പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. അതേപ്പറ്റി സൂചിപ്പിച്ച നെഹ്‌റുവിനോട് പട്ടേൽ അന്ന് പറഞ്ഞത്, "ഇത്തരത്തിൽ ഒരു പത്രം ഇവിടെ പ്രവർത്തിക്കാൻ പാടുള്ളതല്ല. ഒന്നുകിൽ അവരോട് സ്വന്തം കോപ്പി മെച്ചപ്പെടുത്താൻ പറയണം. അല്ലെങ്കിൽ, അത് പ്രിന്റിങ് നിർത്താൻ വേണ്ട നടപടികൾ നമുക്ക് സ്വീകരിക്കാം " എന്നായിരുന്നു.
ദില്ലി പൊലീസിൽ നിന്നും സിഐഡിയിൽ നിന്നും താൻ ഉദ്ദേശിച്ച ഫലസിദ്ധിയോടെ വിവരങ്ങൾ തത്സമയം കിട്ടാതെ വരികയും, താൻ പ്രതീക്ഷിച്ച പോലെ സമാധാനപ്രക്രിയ പുരോഗമിക്കാതെ വരികയും ചെയ്തതോടെ പട്ടേൽ ആകെ ക്ഷുഭിതനായി. " എത്രയും പെട്ടെന്ന് ദില്ലി പൊലീസിൽ ഒരു അഴിച്ചുപണി നടത്തേണ്ടതുണ്ട്. അതിനുള്ള പ്രൊപ്പോസൽ എനിക്ക് നാളേക്ക് എന്റെ മേശപ്പുറത്തു കിട്ടിയിരിക്കണം. ഇങ്ങനെ ഒരു സാഹചര്യം ഇനി ആവർത്തിച്ചുകൂടാ..."അദ്ദേഹം പറഞ്ഞു.
ഗാന്ധിജിക്കും നെഹ്‌റുവിനും സർദാർ വല്ലഭ് ഭായി പട്ടേൽ എന്ന ആഭ്യന്തര മന്ത്രിയുടെ കാര്യക്ഷമതയിൽ തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. നെഹ്‌റു പട്ടേലിനെപ്പോലെ നടപടികളിൽ കർക്കശ്യമുണ്ടായിരുന്ന ആൾ അല്ലായിരുന്നു. പക്ഷേ, വർഗീയതയോടും കലാപങ്ങളോടും ഇടപെടുമ്പോൾ സൗമ്യനായ നെഹ്‌റുവിനേക്കാൾ, കർശനബുദ്ധിയായ സർദാർ പട്ടേലിനെയായിരുന്നു സാക്ഷാൽ ഗാന്ധിജിക്കുപോലും വിശ്വാസം.