
വയസ്സ് വെറും ആറ്.. പക്ഷെ, രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം ഇവനാണ്. കരുണയുടെ നേര്‍ക്കാഴ്ചയാണ് ഈ മിസോറാം ബാലനിന്ന് രാജ്യത്തിന്..
കഴിഞ്ഞ ദിവസമാണ് ഡെറെക് എന്ന ആറു വയസ്സുകാരന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അവന്‍ ചെയ്തത് ഇതാണ്, അവന്‍റെ സൈക്കിള്‍ അബദ്ധത്തില്‍ അടുത്ത വീട്ടിലെ കോഴിക്കുഞ്ഞിന് മുകളില്‍ കയറി. അതു കണ്ടതോടെ അവന് സഹിക്കാനാവാത്ത കുറ്റബോധവും വേദനയുമായി. ഉടനെ തന്നെ കയ്യില്‍ ആകെയുണ്ടായിരുന്ന കുറച്ച് പണവും കോഴിക്കുഞ്ഞുമായി അവന്‍ നേരെ ആശുപത്രിയിലെത്തി. ഈ കോഴിക്കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കണേ എന്ന് അപേക്ഷിക്കുകയും ചെയ്തു.
നിറകണ്ണുകളുമായി ഒരു കയ്യില്‍ പൈസയും മറുകയ്യില്‍ കോഴിക്കുഞ്ഞുമായി നില്‍ക്കുന്ന അവന്‍റെ ചിത്രം ഒറ്റദിവസം കൊണ്ട് ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. വാഹനമിടിച്ച് ആരെങ്കിലും വഴിയില്‍ കിടക്കുന്നത് കണ്ടാല്‍ പോലും തിരിഞ്ഞുനോക്കാത്ത ഒരു സമൂഹത്തെ ആകെ ചിന്തിപ്പിക്കുന്നതായിരുന്നു അവന്‍റെ ചിത്രം.
ഏതായാലും ഈ കൊച്ചുമിടുക്കനെ ഇന്ന് അവന്‍റെ സ്കൂള്‍ അഭിനന്ദിച്ചു. സാങ്ക എന്നയാളാണ് കഴിഞ്ഞ ദിവസം ഡെറക്കിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സങ്ക പറയുന്നത്, കോഴിക്കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടത് അവന് മനസിലായില്ല. അവന്‍ കോഴിക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണം, രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളെ സമീപിച്ചു. അവര്‍ അതിന് തയ്യാറാതായപ്പോള്‍ ആകെയുണ്ടായിരുന്ന പത്ത് രൂപയുമായി അവന്‍ തന്നെ ആശുപത്രിയിലേക്ക് കോഴിക്കുഞ്ഞുമായി പോവുകയായിരുന്നു. ആശുപത്രിയിലെ നഴ്സാണ് അവന്‍റെ ഫോട്ടോയെടുത്തത്.
ഏതായാലും അവന്‍റെ കരുണയുള്ള മനസ്സിന് സ്കൂളും കയ്യടിച്ചിരിക്കുന്നു.