
തന്റെ പ്രിയപ്പെട്ട ഫുട്ബോൾ ടീമിന്റെ കളി നേരിട്ട് കാണാൻ സ്കൂളിൽ കള്ളം പറഞ്ഞ് പോയ ഒമ്പത് വയസ്സുകാരൻ ഒടുവിൽ പുലിവാലു പിടിച്ചു. നോർത്ത് ടൈൻസൈഡിൽ നിന്നുള്ള ന്യൂകാസിൽ യുണൈറ്റഡ് ആരാധകനായ സാമി സ്കോട്ട് ആണ് ഗാലറിയിലെ ആവേശപ്രകടനം ലൈവ് ടിവിയിൽ വന്നതോടെ സ്കൂൾ അധികൃതരുടെ നോട്ടീസിന് ഇരയായത്. സംഭവം ഒരു വർഷം മുമ്പാണ് നടന്നതെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ ഈ കുട്ടി ആരാധകന്റെ കഥ ഇപ്പോൾ വൈറലാവുകയാണ്.
2025 ജനുവരി 7 -ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് സെമി ഫൈനലിൽ ന്യൂകാസിൽ ആഴ്സണലിനെ നേരിടുകയായിരുന്നു. അസുഖമാണെന്ന് പറഞ്ഞ് സ്കൂളിൽ അവധി അറിയിച്ച ശേഷമാണ് സാമി അച്ഛൻ മാർക്കിനൊപ്പം ലണ്ടനിലേക്ക് പോയത്. കളിയിൽ ആന്തണി ഗോർഡൻ ഗോൾ നേടിയ ആവേശത്തിൽ ഗാലറിയിൽ തുള്ളിച്ചാടുകയായിരുന്നു സാമി. ഈ ദൃശ്യങ്ങൾ സ്കൈ സ്പോർട്സ് തത്സമയം സംപ്രേക്ഷണം ചെയ്തു. ടിവിയിൽ സാമിയെ കണ്ട സുഹൃത്തുക്കളും ബന്ധുക്കളും മെസ്സേജുകൾ അയച്ചതോടെയാണ് തങ്ങൾ ക്യാമറയിൽ പെട്ട വിവരം അച്ഛനും മകനും അറിഞ്ഞത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബെന്റൺ ഡീൻ പ്രൈമറി സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് ഇമെയിൽ അയച്ചു. സാമി എടുത്ത അവധി 'അസുഖം' എന്ന വിഭാഗത്തിൽ നിന്നും മാറ്റിയതായി സ്കൂൾ അറിയിച്ചു. മാധ്യമ ദൃശ്യങ്ങളിൽ കുട്ടി ലണ്ടനിൽ ഫുട്ബോൾ കളി കാണുന്നത് ശ്രദ്ധയിൽപ്പെട്ടു എന്നും സ്കൂൾ നോട്ടീസിൽ വ്യക്തമാക്കി.
ഈ സംഭവം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. പല പ്രമുഖരും സാമിയെ പിന്തുണച്ചു. മുൻ ഇംഗ്ലണ്ട് താരം പീറ്റർ ക്രൗച്ച് പറഞ്ഞത്, "ആ കുട്ടിയോട് അല്പം വിട്ടുവീഴ്ച കാണിക്കൂ, ഇത്തരം ഓർമ്മകൾ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണ്" എന്നാണ്. എന്നാൽ, ഒരു കുട്ടിയെ കള്ളം പറയാൻ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും സ്കൂൾ ഹാജർ നില പ്രധാനമാണെന്നും മറ്റൊരു വിഭാഗം വാദിച്ചു. ഏതായാലും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിക്കഴിഞ്ഞു സാമിയുടെ ഫുട്ബോൾ പ്രേമം.